X

ഖഷോഗിയെ സൗദി ആസിഡില്‍ അലിയിപ്പിച്ച് ഒഴുക്കിവിട്ടതായി തുര്‍ക്കി മാധ്യമങ്ങള്‍

അഴുക്കുചാലില്‍ നിന്ന് കണ്ടെടുത്ത സാംപിളുകളില്‍ ആസിഡ് കലര്‍ന്നിട്ടുള്ളതായി തുര്‍ക്കിഷ് പത്രമായ സബ റിപ്പോര്‍ട്ട് ചെയ്തു. ഖഷോഗിയുടെ മൃതദേഹം ആസിഡില്‍ മുക്കി ദ്രവീകരിച്ചതായാണ് അന്വേഷണസംഘം സംശയിക്കുന്നത്.

തുര്‍ക്കിയിലെ ഇസ്താംബുളില്‍ സൗദി അറേബ്യന്‍ കോണ്‍സുലേറ്റില്‍ വധിക്കപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ മൃതദേഹം ആസിഡില്‍ മുക്കി അലിയിപ്പിച്ചുകളഞ്ഞതായി തുര്‍ക്കി മാധ്യമങ്ങള്‍. ഒക്ടോബര്‍ രണ്ട് മുതല്‍ അന്താരാഷ്ട്രതലത്തില്‍ ഏറെ വിവാദമായി മാറിയ ഖഷോഗിയുടെ തിരോധാനം കൊലപാതകമായിരുന്നു എന്ന് പരസ്പര വിരുദ്ധമായ നിരവധി വാദങ്ങള്‍ക്കും വലിയ സമ്മര്‍ദ്ദങ്ങള്‍ക്കും ശേഷമാണ് സൗദി സമ്മതിച്ചിരുന്നത്. എന്നാല്‍ ഖഷോഗിയുടെ മൃതദേഹം എന്ത് ചെയ്തു എന്നതിന് ഉത്തരമുണ്ടായിരുന്നില്ല. മൃതദേഹം ആസിഡില്‍ അലിയിപ്പിച്ച ശേഷം ഭൗതികാവശിഷ്ടങ്ങള്‍ ഓവുചാലില്‍ ഒഴുക്കി കളഞ്ഞതായാണ് തുര്‍ക്കി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അഴുക്കുചാലില്‍ നിന്ന് കണ്ടെടുത്ത സാംപിളുകളില്‍ ആസിഡ് കലര്‍ന്നിട്ടുള്ളതായി അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താസ്രോതസ് വെളിപ്പെടുത്താതെ തുര്‍ക്കിഷ് ദിനപത്രമായ സബ റിപ്പോര്‍ട്ട് ചെയ്തു. ഖഷോഗിയുടെ മൃതദേഹം ആസിഡില്‍ മുക്കി ദ്രവീകരിച്ചതായാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ഇത് താങ്ങാവുന്നതിനുമപ്പുറമാണെന്നും തന്റെ ദുഖം പ്രകടിപ്പിക്കാന്‍ പോലും കഴിയുന്നില്ലെന്നും ഖഷോഗിയുെ വിവാഹം കഴിക്കാനിരുന്ന തുര്‍ക്കി പൗരയായ ഹാറ്റിസ് സെന്‍ഗിസ് ട്വീറ്റ് ചെയ്തു. നിങ്ങളെ അവര്‍ കൊന്നു. വെട്ടി നുറുക്കി. എന്നില്‍ നിന്നും നിങ്ങളുടെ കുടുംബത്തില്‍ നിന്നും നിങ്ങളെ അപഹരിച്ചു. മരിച്ചാല്‍ മദീനയില്‍ അടക്കം ചെയ്യണമെന്ന ആഗ്രഹം സാധ്യമല്ലാതാക്കി – സെന്‍ഗിസ് പറയുന്നു.

ഒക്ടോബര്‍ രണ്ടിനാണ് ഖഷോഗി കൊല്ലപ്പെടുന്നത്. ഒക്ടോബര്‍ 15ന് മാത്രമാണ് തുര്‍ക്കി അന്വേഷണ സംഘത്തിന് കോണ്‍സുലേറ്റില്‍ പ്രവേശിക്കാന്‍ സൗദി അനുമതി നല്‍കിയത്. തന്റെ കടുത്ത വിമര്‍ശകനായിരുന്ന ജമാല്‍ ഖഷോഗിയെ വധിക്കാന്‍ 15 അംഗ സംഘത്തെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഏര്‍പ്പാടാക്കി എന്നാണ് തുര്‍ക്കി മാധ്യമങ്ങളുടെ ആരോപണം. സല്‍മാന്റെ സെക്യൂരിറ്റി സ്റ്റാഫില്‍ പെട്ടവര്‍ അടങ്ങുന്ന സംഘത്തില്‍ കെമിക്കല്‍ എക്‌സ്പര്‍ട്ട് അഹമ്മദ് അബ്ദുള്‍ അസീസും ടോക്‌സിക്കോളജി എക്‌സ്പര്‍ട്ട് ഖാലിദ് യഹിയ അല്‍ സഹരാനിയും ഉള്‍പ്പെട്ടിരുന്നതായി തുര്‍ക്കി ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചെന്ന് എ എഫ് പി റിപ്പോര്‍ട്ട് ചെയ്യുന്നു.

വലിയ അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സല്‍മാന്റെ സ്റ്റാഫില്‍ പെട്ട അഞ്ച് ഉന്നത ഉദ്യോഗസ്ഥരെ പുറത്താക്കുകയും 18 സൈനിക, മിലിട്ടറി ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുകയും ഖഷോഗിയെ മകനെ വിളിപ്പിച്ച് സൗദി രാജാവും കിരീടാവകാശിയും ക്ഷമ ചോദിക്കുകയുമെല്ലാം ചെയ്തിരുന്നു. എന്നാല്‍ സല്‍മാന്‍ രാജകുമാരന് ഖഷോഗിയുടെ കൊലപാതകം സംബന്ധിച്ച് യാതൊരു അറിവുമില്ലായിരുന്നു എന്നും സൈനികര്‍ നടത്തിയ കൊലയാണ് ഇതെന്നുമാണ് സൗദിയുടെ വിശദീകരണം. ഈ വിശദീകരണം തൃപ്തികരമല്ലെന്നാണ് തുര്‍ക്കിയടക്കമുള്ള രാജ്യങ്ങളുടെ നിലപാട്. സല്‍മാന് കൊലപാതകത്തില്‍ പങ്കുണ്ടാകാം എന്ന് സല്‍മാനേയും സൗദിയേയും ശക്തമായി പിന്തുണയ്ക്കുന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടക്കമുള്ളവര്‍ പറഞ്ഞിരുന്നു. വ്യക്തമായ ആസൂത്രണത്തോടെ ഉന്നതല ഇടപെടലുകളോടെ സൗദി നടപ്പാക്കിയ രാഷ്ട്രീയ കൊലപാതകമാണ് ഇത് എന്നാല്‍ തുര്‍ക്കി പ്രസിഡന്റ് തയിപ് എര്‍ദോഗന്‍ പറഞ്ഞത്. എന്നാല്‍ സല്‍മാന്‍ രാജകുമാരനേയോ സൗദി രാജകുടുംബത്തേയോ എര്‍ദോഗന്‍ പ്രസംഗത്തില്‍ പരാമര്‍ശിച്ചിരുന്നതുമില്ല.

കോണ്‍സുലേറ്റ് കെട്ടിടത്തിനുള്ളില്‍ കടന്നയുടന്‍ ഖഷോഗിയുടെ കഴുത്ത് ഞെരിച്ചതായും മൃതദേഹം വെട്ടി കഷണങ്ങളാക്കിയതായും തുര്‍ക്കി മാധ്യമങ്ങള്‍ ഗവണ്‍മെന്റ് വൃത്തങ്ങളെ ഉദ്ധരിച്ച് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട രേഖകള്‍ ശരിയാക്കുന്നതിനായാണ് സൗദി പൗരനായ ഖഷോഗി കോണ്‍സുലേറ്റിലെത്തിയത്. ഭരണകൂടത്തിനെതിരെ വിമതശബ്ദമുയര്‍ത്തിയതിനെ തുടര്‍ന്ന് സൗദിയില്‍ നില്‍ക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ 2016ല്‍ യുഎസിലേയ്ക്ക് പോവുകയായിരുന്നു. വാഷിംഗ്ടണ്‍ പോസ്റ്റ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളില്‍ കോളമിസ്റ്റ് ആയിരുന്ന ഖഷോഗി സല്‍മാന്‍ രാജകുമാരനെ നിശിതമായി വിമര്‍ശിച്ച് നിരന്തരം എഴുതിയിരുന്നു.

EXPLAINER: ജമാൽ ഖഷോഗിയുടെ കൊലപാതകം; സല്‍മാന്‍ രാജകുമാരന്റെ ‘പുരോഗമന’ മുഖംമൂടി അഴിഞ്ഞുവീഴുന്നു

കോണ്‍സുലേറ്റില്‍ കടന്നയുടന്‍ ഖഷോഗിയുടെ കഴുത്ത് ഞെരിച്ചു, വെട്ടി തുണ്ടം തുണ്ടമാക്കി

ഖഷോഗിയുടെ മരണം ആസൂത്രിത കൊലപാതകം: തെളിവുകള്‍ നിരത്തി തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍

This post was last modified on November 12, 2018 8:46 am