X

ലണ്ടനിലെ മനുഷ്യാവകാശ പ്രവര്‍ത്തക ഇസ്രയേലി സൈബര്‍ ആക്രമണ കമ്പനി ഉടമ

വിമര്‍ശകരെ രഹസ്യമായി നിരീക്ഷിക്കാന്‍ സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾ അവരുടെ സോഫ്റ്റ്വെയറുകളാണ് ഉപയോഗിക്കുന്നതെന്ന് ‘ദ ഗാര്‍ഡിയന്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു.

ലണ്ടനിലെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയും ലണ്ടന്‍ ആർട്ട് ഗ്യാലറിയുടെ മേധാവിയുമായ യാനാ പീല്‍ ഇസ്രായേലി സൈബർ വെപ്പൺസ് കമ്പനിയുടെ സഹ ഉടമയാണെന്ന് റിപ്പോര്‍ട്ട്. വിമര്‍ശകരെ രഹസ്യമായി നിരീക്ഷിക്കാന്‍ സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾ അവരുടെ സോഫ്റ്റ്വെയറുകളാണ് ഉപയോഗിക്കുന്നതെന്ന് ‘ദ ഗാര്‍ഡിയന്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു.

സെർപന്റൈൻ ഗാലറികളുടെ ചീഫ് എക്സിക്യുട്ടീവും, സ്വയം പ്രഖ്യാപിത ഫ്രീ സ്പീച്ച് ആക്ടിവിസ്റ്റുമായ യാനാ പീല്‍ ഇസ്രയേല്‍ കമ്പനിയായ എന്‍.എസ്.ഒ ഗ്രൂപ്പിന്‍റെ സഹ സ്ഥാപകയുമാണ്. യുഎസിലെയും ലക്സംബർഗിലെയും കോർപ്പറേറ്റ് രേഖകൾ അനുസരിച്ച് ഒരു ബില്യൺ ഡോളർ (790 മില്യൺ യൂറോ) ആസ്തിയുള്ള ഇസ്രായേലി സാങ്കേതിക സ്ഥാപനമാണ് എന്‍.എസ്.ഒ.

ആംനസ്റ്റി ഇന്റർനാഷണലടക്കം മനുഷ്യാവകാശ സംഘടനകള്‍ രൂക്ഷമായി വിമര്‍ശിക്കുന്ന കമ്പനിയാണ് എന്‍.എസ്.ഒ. കമ്പനിക്കെതിരെ നിരവധി നിയമ പോരാട്ടങ്ങളും നടക്കുന്നുണ്ട്. കമ്പനിയുടെ കയറ്റുമതി ലൈസൻസുകൾ റദ്ദാക്കാൻ ഇസ്രായേൽ പ്രതിരോധ മന്ത്രാലയത്തോട് ആംനസ്റ്റി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആരോപണം പൂര്‍ണ്ണമായും തള്ളിക്കളഞ്ഞ യാനാ പീല്‍ ‘തെറ്റായ വിവരങ്ങളുടെ’ അടിസ്ഥാനത്തിലാണ് കമ്പനിയെ വിമര്‍ശിക്കുന്നത് എന്നും പറഞ്ഞു.

സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങള്‍ക്കാണ് എന്‍.എസ്.ഒ അവരുടെ ‘പെഗാസസ് സോഫ്റ്റ്‌വെയര്‍’ നല്‍കുന്നത്. വ്യക്തികളെ നിരീക്ഷിക്കാനും, അവരുടെ ഫോണുകള്‍ ഹാക്ക് ചെയ്യുവാനും, അവര്‍ ആശയവിനിമയം നടത്തുന്നത് നിരീക്ഷിക്കാനുമാണ് ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നത്. കഴിഞ്ഞ വർഷം ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിൽ കൊല ചെയ്യപ്പെട്ട വാഷിംഗ്ടൺ പോസ്റ്റ് ജേണലിസ്റ്റ് ജമാൽ ഖഷോഗിയുള്‍പ്പടെയുള്ളവരെ ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് നിരീക്ഷിച്ചത്. അതിനെതിരെ നിയമ പോരാട്ടവും നടക്കുന്നുണ്ട്. ഒരു സ്റ്റാഫ് അംഗത്തിന്‍റെ മൊബൈൽ ഫോണ്‍ ഹാക്ക് ചെയ്തുവെന്ന ആരോപണവുമായി ആംനസ്റ്റിയും നിയമ നടപടികള്‍ സ്വീകരിച്ചിരിക്കുകയാണ്.

അതേസമയം, എന്‍.എസ്.ഒ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍, വിശ്വസനീയമായ എല്ലാ ആരോപണങ്ങളെക്കുറിച്ചും അന്വേഷിക്കുമെന്ന് അവര്‍ പറയുന്നു. ‘നോവാള്‍പ്പിന ക്യാപിറ്റല്‍’ എന്ന കമ്പനി എന്‍.എസ്.ഒ-യെ ഈ വർഷം ആദ്യം ഏറ്റെടുത്തിരുന്നു. പീലിന്‍റെ ഭര്‍ത്താവ് സ്റ്റീഫന്‍റെ സഹ ഉടമസ്ഥതയിലുള്ള സ്ഥാപനമാണിത്. കൂടുതല്‍ ഓഹരികള്‍ ഇപ്പോള്‍ ഈ കമ്പനിയുടെ കൈവശമാണ് ഉള്ളത്.

This post was last modified on June 15, 2019 9:39 am