X

സൗദി മാഫിയാ ഭരണത്തിലേക്ക്

വിശ്വാസ്യത പൂർണമായും കളഞ്ഞു കുളിക്കുന്ന ഗുണ്ടാ പിരിവും ഭ്രാന്തൻ യുദ്ധങ്ങളും സൗദിയുടെ ഉള്ള വിശ്വാസ്യത കൂടി തകർക്കാനും പതനത്തിന് വേഗത കൂട്ടാനും മാത്രമേ സഹായിക്കൂ

ഒരു വ്യവസ്ഥാപിത ഭരണകൂടത്തിന്റെ അടയാളങ്ങൾ പോലും ബാക്കിയാക്കാത്ത മാഫിയാ ഭരണത്തിലേക്ക് മുഹമ്മദ് ബിൻ സൽമാന്റെ ഭരണം നീങ്ങുന്നതായാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. “അഴിമതി വിരുദ്ധ പോരാട്ട” ത്തിന്റെ ഭാഗമായി തടവിലാക്കിയ പ്രമുഖരുടെ എണ്ണം ഓരോ ദിവസവവും കൂടുന്നുണ്ട്. റിറ്റ്സ് കാൾട്ടണിലെ ഭീകരമായ ചോദ്യം ചെയ്യലിലും മർദ്ദനത്തിലും പരിക്ക് പറ്റിയ നിരവധി പേരെ ഹോസ്പിറ്റൽ ചികിൽസക്ക് വിധേയമാക്കിയതായി ചികിൽസിച്ച ഡോക്ടറെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. ഫൈനാൻഷ്യൽ ടൈംസിന്റെ വാർത്ത പ്രകാരം തടവിലാക്കിയ അതിസമ്പന്നരുമായി വൻ തുകക്കായുള്ള വിലപേശൽ ചർച്ചയും നടക്കുന്നുണ്ട്. കടുത്ത ഭീഷണിയും മർദ്ദനവും നേരിട്ട് പതം വന്ന പലരും ജീവന് വേണ്ടി ഏത് വിട്ട് വീഴ്ചക്കും തയ്യാറായിട്ടുണ്ട്. ചിലർ സ്വത്തിന്റെ 70 ശതമാനം വരെ ഇങ്ങനെ ഉപേക്ഷിക്കാൻ തയ്യാറായതായും ഇതേ വാർത്ത പറയുന്നു. രാജ്യത്ത് നിലവിലുള്ള നാമമാത്രമായ നിയമ സംവിധാനത്തെ പോലും മറികടന്ന് അധോലോക ശൈലിയിലുള്ള ഗുണ്ടാ പിരിവാണ് ലക്ഷ്യമിടുന്നതെന്ന് ചുരുക്കം(ഇപ്പോൾ തടവിലായവരിൽ കൂടുതൽ പേരും പണം സമ്പാദിച്ചത് സംഘം ചേർന്നുള്ള കൊള്ളയടിയിലൂടെ ആയിരുന്നുവെന്നത് മറ്റൊരു കാര്യം) താൽക്കാലികമായ സാമ്പത്തിക നേട്ടത്തിനപ്പുറം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് ഈ നടപടികൾ ഉണ്ടാക്കുക. ഇപ്പോൾ തന്നെ വലിയൊരു വിഭാഗം സൗദി സമ്പന്നർ സ്വത്ത് ഗൾഫിൽ നിന്നും പുറത്തേക്ക് കടത്താൻ തുടങ്ങിയിട്ടുണ്ട്. ശക്തമായ അമേരിക്കൻ ബന്ധവും താൽപര്യവുമുള്ളവരും വരെ കൂട്ടിലായത് നിക്ഷേപകരെ ഭയപ്പെടുത്തുകയാണ് ചെയ്യുക.

ലബനാൻ പ്രധാനമന്ത്രി സാദ് ഹരീരിയെ വിളിച്ചു വരുത്തി കളിച്ച നാടകം ഇതിനേക്കാൾ പരിഹാസ്യമാണ്. ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയുമായി സഖ്യം ചേർന്ന് ഭരിക്കുന്ന സാദ് ഹരീരിയെ പിൻവലിച്ച് രാജ്യം അരാജകത്വത്തിലേക്ക് തള്ളിവിടാനായിരുന്നു പദ്ധതിയെങ്കിലും പാളിയ മട്ടാണ്. ലെബനാനിലെ ശിയാക്കളും സുന്നികളും ഒരേ സ്വരത്തിൽ ഹരീരി തിരിച്ചു വരാനും സൗദി ഇടപെടൽ അവസാനിപ്പിക്കാനുമായി മുറവിളി കൂട്ടുകയാണ്. സൗദിയിലെ ഹരീരിയുടെ കമ്പനിയായ അൽ-ഓജറിന് ബില്യൺ കണക്കിന് ഡോളർ കുടിശ്ശിക വരുത്തിയായിരുന്നു ഹരീരിയെ തളച്ചത്. ഇങ്ങനെ വൻ തുക സർക്കാർ പ്രൊജക്റ്റിന്റെ ഭാഗമായി കുടിശ്ശിക വന്നപ്പോൾ ജീവനക്കാർക്ക് ശമ്പളമോ മറ്റ് ബാധ്യതകളോ തീർക്കാൻ പറ്റാതെ ഓജർ കൂപ്പു കുത്തി. ഫ്രഞ്ച് പൗരൻമാരടക്കം പലരും ഹരീരിയെ കൂട്ടു പ്രതിയാക്കി കേസ് കൊടുത്തിട്ടുണ്ട്. ഊരണമെങ്കിൽ മുഹമ്മദ് ബിൻ സൽമാൻ തന്നെ കനിയണം. വർഷം ശരാശരി 4.5 ബില്യൺ ഡോളറാണ് സൗദിയിലുള്ള ലബനാനികൾ നാട്ടിലേക്കയക്കുന്നത്. വർഷം തോറും 400 മില്യൺ ഡോളറിന്റെ സൗദിയിലേക്കുള്ള കയറ്റുമതി വേറെ. മറിച്ച് ഇറാനുമായുള്ള സാമ്പത്തിക ബന്ധം വളരെ വളരെ തുച്ചമാണ്. ഹരീരിക്കും ലെബനാനും സൗദിയെ ആശ്രയിക്കാതെ തരമില്ലെന്ന് ചുരുക്കം. ഹരീരിയുടെ ഈ ഗതികേടാണ് ലബനാൻ എന്ന നാട്ടിലെ സ്വൈര്യം തകർത്ത് നിഗൂഡമായ ഇറാൻ വിരുദ്ധ പദ്ധതി നടപ്പിലാക്കാനായി ബിൻ സൽമാൻ ചൂഷണം ചെയ്യുന്നത്. സഹജമായ ഭ്രാന്ത് കൂടാതെ ട്രംപും ഇസ്രായേലും പിന്തുണക്കാനുള്ളതാണ് എടുത്ത് ചാട്ടത്തിന് പ്രേരിപ്പിക്കുന്ന ഘടകങ്ങൾ. പക്ഷേ ഇസ്രായേലിനും അമേരിക്കക്കും നേരിട്ടിടപെടാനുള്ള പരിമിതികൾ കാരണം ബിൻ സൽമാന്റെ യമൻ, ഖത്തർ നീക്കങ്ങൾ പോലെ ചീറ്റിപ്പോവാനാണ് സാധ്യത.

ഇത് ഓജറിലും ഹരീരിയിലും ഒതുങ്ങി നിൽക്കുന്നതുമല്ല. തനിക്ക് വഴങ്ങില്ലെന്ന് തോന്നാത്ത കമ്പനികളെയെല്ലാം ഇങ്ങനെ “സാമ്പത്തിക ഉപരോധം” വഴി ഞെക്കിക്കൊല്ലുന്നുണ്ട്. രാജ്യത്തെ ഏറ്റവും വലിയ നിർമാണ കമ്പനിയായ ബിൻ ലാദനെ പോലുള്ള മറ്റനേകം കമ്പനികൾ ഇങ്ങനെ കൂപ്പു കുത്തിയിട്ടുണ്ട്. സ്വാഭാവികമായും ലക്ഷക്കണക്കിനാളുകൾക്ക് തൊഴിലും നഷ്ടപ്പെട്ടിട്ടുണ്ട്. മറ്റൊരു പ്രമുഖ നിർമ്മാണ കമ്പനിയിൽ രണ്ട് വർഷം മുമ്പ് 25000 തൊഴിലാളികൾ ഉണ്ടായിരുന്നെങ്കിൽ ഇന്നത് 5000 ൽ താഴെയായി ചുരുങ്ങിയിട്ടുണ്ട്. ഉള്ളവർക്ക് തന്നെ ഒരു വർഷത്തോളമായി ശമ്പളം കിട്ടിയിട്ടുമില്ല. പൂർത്തിയാക്കിയ സർക്കാർ പദ്ധതികളുടെ പണം നൽകാത്തതാണ് ഈ കമ്പനിയും തകരാൻ കാരണം. ഇങ്ങനെയുള്ള നിരവധി വാർത്തകൾ വരുന്നുണ്ട്.

സൗദി കുടുംബാധിപത്യത്തില്‍ നിന്ന് ഏകാധിപത്യത്തിലേയ്ക്ക് ?

ആദ്യ ഘട്ടത്തിലെ സാമ്പത്തിക ഉപരോധത്തിന്റെ ബാക്കിയാണ് ഇപ്പോഴത്തെ അറസ്റ്റുകളും പച്ചയായ ഗുണ്ടാ പിരിവും. സമാന രീതിയിൽ തേർവാഴ്ച നടത്തിയ ഹുസ്നി മുബാറക്കിനെ പോലുള്ള അറബ് ഏകാധിപതികളെ മാതൃകയാക്കി ഭീകര സംവിധാനങ്ങളൊരുക്കുന്നുണ്ട്. അകത്തും പുറത്തുമുള്ള എതിർ ശബ്ദങ്ങളെ കൊന്ന് തീർക്കാൻ ബില്യൺ കണക്കിന് ആയുധങ്ങൾ വാങ്ങിക്കൂട്ടുന്നതോടൊപ്പം പറ്റിയ ആളുകളേയും ഇറക്കുമതി ചെയ്യുന്നുണ്ട്. കൂടുതലും വിദേശികളായ ഉപദേശികളുടെ വൻ പട തന്നെയുണ്ട് കൂടെ. ഏറ്റവും പുതിയത് മുബാറക്കിന്റെ ഭീകര വാഴ്ചയിൽ ആഭ്യന്തര മന്ത്രിയായിരുന്ന ഹബീബ് അൽ അദ്ലിയാണ്. 2011 ലെ വിപ്ലവകാരികളെ കൊന്നൊടുക്കാൻ നിർദേശം നൽകിയതിനും അഴിമതിക്കും ജീവപര്യന്തം ശിക്ഷ കിട്ടിയ ആളാണ് ഹബീബ്. പിന്നീട് സീസി കയറിയപ്പോൾ ശിക്ഷയിൽ നിന്ന് മുങ്ങി രക്ഷപ്പെട്ടതാണ്. ഇപ്പോൾ പൊങ്ങിയത് ബിൻ സൽമാന്റെ ക്വട്ടേഷൻ ഏറ്റെടുത്താണ്.(തൊട്ടടുത്ത ബഹ്റയിനിൽ രാഷ്ട്രീയ എതിരാളികളെ അടിച്ചമർത്താനായി ഇറക്കിയ ബ്രിട്ടീഷ് പോലീസ് ഓഫീസറായ ഇയാൻ ഹെൻഡേഴ്സണെ ഓർമ്മയാവുന്നു. “ബഹ്റയിനിലെ കശാപ്പുകാരൻ” എന്നറിയപ്പെട്ടിരുന്ന ഹെൻഡേഴ്സണായിരുന്നു ജനാധിപത്യ സമരങ്ങൾ അടിച്ചമർത്താനും തടവുകാരെ പീഡിപ്പിക്കാനുമുള്ള തന്ത്രങ്ങൾ തയ്യാറാക്കിയിരുന്നത്. എല്ലാ അറബ് ഏകാധിപതികൾക്കും ഇങ്ങനെ കുപ്രസിദ്ധരായ കിങ്കരൻമാർ ഉണ്ടാവാറുണ്ട്.)

സൗദി ആരുടെ ‘കറവപ്പശു’? സല്‍മാന്റെ അരമനയിലെ നാടകം വൈറ്റ് ഹൗസിന്റെ തിരക്കഥയോ?

എല്ലാറ്റിനും മറയിടാനായി ‘മിതവാദ ഇസ്ലാം’ വീശുന്നുണ്ട്. ഇതൊരു പാക്കേജാണ്. സാമ്രാജ്യത്ത താൽപര്യങ്ങളോടും ഏകാധിപതികളോടുമുള്ള സമ്പൂർണ വിധേയത്വം, അനീതിയും മനുഷ്യാവകാശ ലംഘനങ്ങളും കണ്ണടച്ച് അംഗീകരിക്കൽ എന്നിവയാണ് മിതവാദ ഇസ്ലാം കൊണ്ടുദ്ദേശിക്കുന്നത്. കണ്ണിൽ പൊടിയിടാൻ പെണ്ണുങ്ങൾക്ക് സഞ്ചാര സ്വാതന്ത്രം, തടസ്സമില്ലാത്ത മദ്യ മൊഴുക്ക് എന്നിവയുമുണ്ടാവും. ദുബായ് മോഡൽ വേശ്യാവൃത്തി കൂടിയായാൽ മിതവാദ ഇസ്ലാം സമഗ്രമായി. അല്ലാതെ ഇസ്ലാമിനെ അതിന്റെ പ്രമാണങ്ങളിലൂടെയും ചരിത്ര പശ്ചാത്തലത്തിലൂടെയും വ്യാഖ്യാനിച്ച് സമാധാനത്തിന്റെയും വിമോചനത്തിന്റെയും പ്രത്യയ ശാസ്ത്രമായി വിലയിരുത്താനുള്ള ഒരു ശ്രമവും ഇതിലില്ല.

കൃത്യമായ നയതന്ത്ര നീക്കങ്ങൾ, സ്ഥായിയായ ശാക്തിക ചേരി, ഹിസ്ബുള്ള പോലുള്ള വിശ്വാസമർപ്പിക്കാവുന്ന പ്രോക്സി കൂട്ടങ്ങൾ, നാട്ടിലൊരു ജനാധിപത്യ സംവിധാനം… ഇത്രയുമുള്ള ഇറാനെയാണ് ബിൻ സൽമാൻ നേരിടുന്നത്, അതും ഇതിലൊന്ന് പോലുമില്ലാതെ. ആകെയുള്ളത് ഭ്രാന്തിന്റെ പുറത്തുള്ള എടുത്തു ചാട്ടവും പണവുമാണ്. ഒരു പാട് തലങ്ങളും മാനങ്ങളുമുള്ള ഈയൊരു പോരാട്ടം വിജയിക്കാൻ അതൊട്ടും പോരാ. വിശ്വാസ്യത പൂർണമായും കളഞ്ഞു കുളിക്കുന്ന ഗുണ്ടാ പിരിവും ഭ്രാന്തൻ യുദ്ധങ്ങളും സൗദിയുടെ ഉള്ള വിശ്വാസ്യത കൂടി തകർക്കാനും പതനത്തിന് വേഗത കൂട്ടാനും മാത്രമേ സഹായിക്കൂ.

(ഫേസ്ബുക്ക് പോസ്റ്റ്)

വിപണിക്കുവേണ്ടിയുള്ള സൗദിയുടെ മാറ്റം വഹാബികള്‍ അംഗീകരിക്കുമോ?

സല്‍മാന്‍ രാജകുമാരന്റെ വെട്ടിനിരത്തല്‍: ‘തല പോയ’ പ്രമുഖന്‍ അല്‍ വലീദ് ബിന്‍ തലാല്‍ ആരാണ്?

നാസിറുദ്ദീന്‍ ചേന്ദമംഗല്ലൂര്‍

സാമൂഹിക നിരീക്ഷകന്‍, സോഫ്റ്റ്‌വേര്‍ മേഖലയില്‍ ജോലി ചെയ്യുന്നു

More Posts

Follow Author:

This post was last modified on November 17, 2017 7:35 pm