X

മയക്കുമരുന്ന് വേട്ട: പൊലീസ് വെടിവയ്പില്‍ ഫിലിപ്പൈന്‍സിലെ മേയര്‍ കൊല്ലപ്പെട്ടു

മേയറുടെ വീട്ടില്‍ നിന്നും തോക്കുകളും പണവും നിരോധിത മയക്കുമരുന്നുകളും പിടിച്ചെടുത്തതായും പൊലീസ് പറയുന്നു.

അനധികൃത മയക്കുമരുന്ന് വ്യാപാരം നടത്തുന്നു എന്ന് ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂടെര്‍റ്റെ ആരോപിച്ച, മിന്‍ഡാനോ ദ്വീപിലെ ഓസാമിസ് നഗരത്തിന്റെ മേയര്‍ റെയ്‌നാള്‍ഡോ പാരോജിനോഗ് പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടു. പരാജിനോഗിനോടൊപ്പം ഭാര്യയും മറ്റ് പത്തുപേരും ഞായറാഴ്ച നടന്ന വെടിവെപ്പില്‍ കൊല്ലപ്പെട്ടു. പൊലീസ് നടത്തിയ റെയ്ഡിനിടയിലുണ്ടായ ഏറ്റുമുട്ടലാണ് മരണത്തിലേക്ക് നയിച്ചതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. മേയറുടെ വീട്ടില്‍ തിരച്ചില്‍ നടത്താന്‍ ചെന്ന പൊലീസുകാര്‍ക്ക് നേരെ മേയറുടെ സുരക്ഷാഭടന്മാര്‍ വെടി വയ്ക്കുകയായിരുന്നുവെന്ന് വടക്കന്‍ മിനഡാനോ പൊലീസ് തലവന്‍ തിമോതിയോ പാക്ലെബ് റോയിട്ടേഴ്‌സിനോട് പറഞ്ഞു. എന്നാല്‍ വെടിവെപ്പ് നടന്നുവെന്ന ആരോപണം മേയറുടെ വക്താവ് നിഷേധിച്ചു. മേയറുടെ വീട്ടില്‍ നിന്നും തോക്കുകളും പണവും നിരോധിത മയക്കുമരുന്നുകളും പിടിച്ചെടുത്തതായും പൊലീസ് പറയുന്നു.

മയക്കുമരുന്ന് വ്യാപാരത്തിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് പ്രസിഡന്റിന്റെ വക്താവ് ഏണസ്റ്റോ അബെല്ല അറിയിച്ചു. അനധികൃത മയക്കുമരുന്ന് വ്യാപാരികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടയാളാണ് കൊല്ലപ്പെട്ട മേയറെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ മയക്കുമരുന്ന് വേട്ടയില്‍ കൊല്ലപ്പെടുന്ന ഫിലിപ്പീന്‍സിലെ മൂന്നാമത്തെ മേയറാണ് പരോജിനോഗ്. സ്വയരക്ഷയുടെ ഭാഗമായി മാത്രമേ തങ്ങള്‍ പ്രതികളെ കൊല്ലാറുള്ളുവെന്നാണ് പോലീസ് വിശദീകരിക്കുന്നത്.

This post was last modified on July 31, 2017 5:16 pm