X

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകമെന്ന് പറഞ്ഞ് പ്രചരിക്കുന്നത് ബ്രസീലിലെ സംഭവം: വ്യാജ വീഡിയോകള്‍ ഓണ്‍ലൈനില്‍ വ്യാപകം

രാജേഷിന്റേതെന്ന് പറഞ്ഞുള്ള ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും 2500ഓളം തവണ ഷെയര്‍ ചെയ്യപ്പെടുകയും ചെയ്ത ശേഷമാണ് നീക്കം ചെയ്തിരിക്കുന്നത്.

തിരുവനന്തപുരം ശ്രീകാര്യത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് വ്യാജ വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ സംഘപരിവാറിന്റെ സൈബര്‍ പോരാളികള്‍ ഇത്തരം വ്യാജ വീഡിയോകളും മറ്റും ഓണ്‍ലൈനില്‍ നിര്‍ബാധം പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതിലൊരാള്‍ പശ്ചിമബംഗാളിലെ ഹിന്ദു സംഹിതി എന്ന സംഘടനയുടെ വൈസ് പ്രസിഡന്റായ ദേവ്ദത്ത മാജിയാണ്. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷിനെ (കാര്യവാഹ്) സിപിഎമ്മുകാര്‍ ക്രൂരമായി കൊലപ്പെടുത്തി എന്നാണ് ദേവ്ദത്ത പറയുന്നത്. നഗര്‍ കാര്യവാഹ് ആയ രാജേഷ്ജിയെ തിരുവനന്തപുരത്ത് കമ്മ്യൂണിസ്റ്റുകാര്‍ കൊലപ്പെടുത്തി എന്നാണ് പറയുന്നത്. പക്ഷെ പേടിക്കണ്ട നാഗ്പൂരിലും ഡല്‍ഹിയിലുള്ള നേതാക്കള്‍ സുരക്ഷിതരാണെന്നും ആര്‍എസ്എസ് – ബിജെപി നേതൃത്വങ്ങളോട് പരിഹാസപൂര്‍വം ദേവ്ദത്ത ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഗ്രാഫിക്‌സ് ചിത്രങ്ങളും ഇത്തരത്തില്‍ പ്രചരിക്കുന്നുണ്ട്.

രാജേഷിന്റേതെന്ന് പറഞ്ഞുള്ള ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും 2500ഓളം തവണ ഷെയര്‍ ചെയ്യപ്പെടുകയും ചെയ്ത ശേഷമാണ് ദേവ്ദത്ത മാജി നീക്കം ചെയ്തിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ വീഡിയോ 2014ല്‍ ബ്രസീല്‍ നടന്ന സംഭവത്തിന്റേതാണ്. മൂന്ന് വര്‍ഷമായി ഈ വീഡിയോ ഓണ്‍ലൈനില്‍ ലഭ്യമാണ് താനും. ഹോസിമാര്‍ ഫെരേര ഡി സൂസ എന്നയാളാണ് അക്രമത്തിന് ഇരയായത്. ആടിനെ മോഷ്ടിച്ചു എന്ന് പറഞ്ഞ് ഒരു കര്‍ഷകനാണ് ഡിസൂസയെ ആക്രമിച്ചത്. കൈകള്‍ രണ്ടും വെട്ടി മാറ്റിയിരുന്നു. എന്നാല്‍ മാരകമായ ആക്രമണത്തിന് ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഡിസൂസയ്ക്ക് ജീവന്‍ തിരിച്ചുകിട്ടി.

This post was last modified on July 31, 2017 6:02 pm