X

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വിചാരണ നേരിട്ട ശതകോടീശ്വരന്‍ ജെഫ്രി എപ്സ്റ്റീന്‍റെ മരണം ആത്മഹത്യയാണെന്ന് മെഡിക്കൽ എക്സാമിനറുടെ റിപ്പോര്‍ട്ട്

സംഭവത്തെക്കുറിച്ച് എഫ്ബിഐയും നീതിന്യായ വകുപ്പും അന്വേഷണം ആരംഭിച്ചു കഴിഞ്ഞു

ജെഫ്രി എപ്സ്റ്റീന്‍റെ മരണം ആത്മഹത്യയാണെന്ന് മെഡിക്കൽ എക്സാമിനറുടെ റിപ്പോര്‍ട്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ വിചാരണ നേരിടുന്നതിനിടെയാണ് അദ്ദേഹത്തെ ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജെഫ്രി തൂങ്ങിമരിച്ചതാണെന്ന നിഗമനത്തിലാണ് അദ്ദേഹത്തെ പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ എത്തിയതെന്ന് ന്യൂയോർക്ക് സിറ്റി ചീഫ് മെഡിക്കൽ എക്‌സാമിനറുടെ വക്താവ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഔദ്യോഗികമായി ഇതുവരെ സമര്‍പ്പിച്ചിട്ടില്ല.

ശതകോടീശ്വരന്‍റെ മരണത്തിനുശേഷം, അദ്ദേഹത്തെ തടവിലാക്കിയിരുന്ന മാൻഹട്ടൻ ജയിലിലെ അവസ്ഥയെക്കുറിച്ച് വളരെ ഗുരുതരമായ ചോദ്യങ്ങൾ ഉയർന്നിരുന്നു. മരണത്തെക്കുറിച്ച് വ്യാപകമായ ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്. സംഭവത്തെക്കുറിച്ച് എഫ്ബിഐയും നീതിന്യായ വകുപ്പും അന്വേഷണം ആരംഭിച്ചു കഴിഞ്ഞതായി അറ്റോർണി ജനറൽ വില്യം ബാർ പറഞ്ഞു. ജയിലുകളില്‍ ഗുരുതരമായ ക്രമക്കേടുകൾ നടക്കുന്നതായി ഉദ്യോഗസ്ഥർ ഇതിനകം കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ജെഫ്രിയെ നിരീക്ഷിക്കാനായി നിയോഗിച്ചിരുന്ന രണ്ട് കാവൽക്കാരെ അവധിയിൽ പ്രവേശിപ്പിക്കുകയും വാർഡനെ താൽക്കാലികമായി ട്രാന്‍സ്ഫര്‍ ചെയ്യുകയും ചെയ്തു. ജയിലിലെ കാവല്‍ക്കാര്‍ എല്ലാ 30 മിനിറ്റിലും എല്ലാ തടവുകാരെയും പ്രത്യേകം പരിശോധിക്കണം എന്നതാണ് ചട്ടം. ജെഫ്രിയെ മരിച്ച നിലയിൽ കണ്ടെത്തുന്നതിന്‍റെ തലേദിവസം രാത്രിയും ആ നടപടിക്രമം പാലിക്കപ്പെട്ടിട്ടില്ല. അത് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളും പരിശോധിക്കപ്പെടും.

പോസ്റ്റ്‌മോർട്ടത്തിൽ എപ്‌സ്റ്റീന്റെ കഴുത്തിലെ നിരവധി അസ്ഥികൾ ഒടിഞ്ഞതായി കണ്ടെത്തിയെന്ന് വ്യാഴാഴ്ച വാഷിംഗ്ടൺ പോസ്റ്റും ന്യൂയോർക്ക് ടൈംസും റിപ്പോർട്ട് ചെയ്തിരുന്നു. അതോടെ അദ്ദേഹത്തിന്‍റെ മരണത്തെ കുറിച്ചുള്ള ഊഹാപോഹങ്ങളും ശക്തമായി. എന്നാല്‍ ‘മരണകാരണവും രീതിയും നിർണ്ണയിക്കാൻ സാധ്യമായ എല്ലാ വിവരങ്ങളും സമന്വയിപ്പിച്ച് വിശകലനം ചെയ്യണമെന്നും, ശൂന്യതയിൽ നിന്നുകൊണ്ട് ഒരു കണ്ടെത്തലുകളെയും വിലയിരുത്താന്‍ കഴിയില്ലെന്നും’ ആ റിപ്പോർട്ടുകൾക്ക് മറുപടിയായി ചീഫ് മെഡിക്കൽ എക്‌സാമിനർ ബാർബറ സാംപ്‌സൺ പറഞ്ഞു.

This post was last modified on August 17, 2019 9:25 am