X

ലൈംഗിക കുറ്റകൃത്യമാരോപിക്കപ്പെട്ട് ജയിലിലായ കോടീശ്വരന്‍ ജെഫ്രി എപ്‌സ്റ്റീന്‍ മരിച്ചത് ആവശ്യത്തിന് ജയില്‍ ജീവനക്കാര്‍ ഇല്ലാത്തതുകൊണ്ട്

ദ്യോഗസ്ഥർ ആഴ്ചയില്‍ 70-80 മണിക്കൂർ സ്ഥിരമായി ജോലി ചെയ്യാൻ നിർബന്ധിതരാകുന്നു

കോടീശ്വരനായ‌ ജെഫ്രി എപ്‌സ്റ്റീനെ മരിച്ച നിലയിൽ കണ്ടെത്തിയ ജയിലില്‍ ജീവനക്കാരുടെ കുറവുണ്ടെന്നു ജയില്‍ ജീവനക്കാരുടെ യൂണിയന്‍. എപ്‌സ്റ്റീന്റെ മരണത്തെക്കുറിച്ച് നീതിന്യായ വകുപ്പും എഫ്ബിഐയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലൈംഗിക കുറ്റകൃത്യവും ഗൂഡാലോചനയുമടക്കം നിരവധി ആരോപണങ്ങള്‍ നേരിടുന്ന എപ്‌സ്റ്റീന്‍ കുറ്റക്കാരനാണോ എന്ന് കോടതി ഇതുവരെ വിധിച്ചിരുന്നില്ല. എന്നാല്‍ കുറ്റം തെളിഞ്ഞാല്‍ 45 വർഷം വരെ തടവ് ശിക്ഷ ലഭിക്കുമായിരുന്നു.

ന്യൂയോർക്കിലെ ജയിലിൽ ശനിയാഴ്ചയാണ് എപ്സ്റ്റീന്റെ മൃതദേഹം കണ്ടത്. ആത്മഹത്യ ചെയ്തതാണെന്നാണ് ഔദ്യോഗിക വിശദീകരണം. ഈ ജയിലില്‍ അന്തേവാസികളുടെ എണ്ണം കൂടിയതും ഗാര്‍ഡുമാരുടെ എണ്ണം കുറഞ്ഞതും കാരണം ഉള്ളവര്‍ കൂടുതല്‍ സമയം ജോലിചെയ്യാന്‍ നിര്‍ബന്ധിതരാവുകയാണെന്ന് യൂണിയന്‍ പറയുന്നു. ട്രംപ് ഭരണകൂടത്തിന്റെ നിയമന മരവിപ്പിക്കൽ നടപടിമൂലം ജയിലുകളിലെല്ലാം ആയിരക്കണക്കിന് ഒഴിവുകളാണ് നികത്തപ്പെടാതെ കിടക്കുന്നതെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ സാഹചര്യമാണ് ജയിലുകളില്‍ കൂടുതല്‍ അപകടകരമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് ഫെഡറേഷൻ ഓഫ് ഗവൺമെന്റ് എംപ്ലോയീസ് കൗൺസിൽ ഓഫ് പ്രിസൺ ലോക്കൽസിന്‍റെ പ്രസിഡന്‍റ് എറിക് യംഗ് പ്രസ്താവനയിൽ പറഞ്ഞു.

ശേഷിക്കുന്ന ഉദ്യോഗസ്ഥർ ആഴ്ചയില്‍ 70-80 മണിക്കൂർ സ്ഥിരമായി ജോലി ചെയ്യാൻ നിർബന്ധിതരാകുകയാണെന്ന് യംഗ് പറയുന്നു. കുറഞ്ഞ വേതനം, ആവശ്യത്തിനു ജോലിക്കാരുടെ അഭാവം, നിർബന്ധിത ഓവർടൈം എന്നിവയെല്ലാം ജയിലുകളിലെ അന്തരീക്ഷം കൂടുതല്‍ ദുസ്സഹമാക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഇത്തരം സാഹചര്യങ്ങള്‍ക്കു പുറമെയാണ് ജയിലുകളിലെ അന്തേവാസികളുടെ എണ്ണവും കൂടുന്നത്. അത് പല അക്രമ സംഭവങ്ങള്‍ക്കും കാരണമാകുന്നുമുണ്ട്. എപ്‌സ്റ്റീന്‍ സഹതടവുകാരനുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് ബലം നല്‍കുന്നതും ജയിലുകളിലെ ഈ സാഹചര്യമാണ്.

അത്യാധുനിക സുരക്ഷാ – നിരീക്ഷണ സൗകര്യങ്ങളുള്ള ജയിലിൽ ശതകോടീശ്വരൻ മരിച്ചത്, കൊലപാതകമാണെന്ന നിഗമനത്തിലാണ് സമൂഹമാധ്യമങ്ങള്‍. ആഴ്ചകൾക്കു മുമ്പ് അർധബോധാവസ്ഥയിൽ, കഴുത്തിൽ മുറിവുകളുമായി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അതിനുശേഷം ഏറെ ക്ഷീണിതനായിരുന്നു. സംഭവത്തിനുശേഷം അദ്ദേഹത്തെ കനത്ത നിരീക്ഷണ വലയത്തിലാക്കുകയും ചെയ്തിരുന്നു. ഇങ്ങനെ കഴിയുന്നൊരാൾക്കു സ്വയം ജീവനൊടുക്കാനുള്ള സാഹചര്യമുണ്ടാകുമോ എന്നാണു ചിലർ ഉന്നയിക്കുന്ന സംശയം. എന്തായാലും അദ്ദേഹത്തിന്‍റെ മരണ സമയത്തും ജയിലിലെ കാവല്‍ക്കാര്‍ അധികസമയം ജോലി ചെയ്യുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.