X

രക്ഷപ്പെട്ട ദുബായ് രാജകുമാരിയെ പിടികൂടി കുടുംബത്തിന്റെ കസ്റ്റഡിയിലാക്കിയതിന് പിന്നില്‍ മോദി?

"എനിക്ക് അഭയം വേണം. ഞാന്‍ യുഎഇയിലേയ്ക്കില്ല, അതിലും നല്ലത് എന്നെ ഇപ്പോള്‍ തന്നെ കൊല്ലുന്നതാണ്" - ഷെയ്ഖ ലത്തീഫ തന്റെ ബോട്ടി തടഞ്ഞ ആയുധധാരികളോട് പറഞ്ഞതായി സുഹൃത്ത് ടീന ജൗഹിയേന്‍ പറഞ്ഞു.

കുടുംബത്തിന്റെ പീഡനത്തില്‍ നിന്ന് രക്ഷപ്പെടാനെന്ന് പറഞ്ഞ് ദുബായില്‍ നിന്ന് കടന്ന രാജകുമാരി ഷെയ്ഖ ലത്തീഫയെ ഇന്ത്യന്‍ തീരത്തിനടുത്ത് അറബിക്കടലില്‍ വച്ച് പിടികൂടി തിരിച്ചെത്തിച്ചതിന് പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലുണ്ടെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വിവരം വസ്തുതാപരമാണെങ്കില്‍ ഒരേ സമയം രാഷ്ട്രീയ അഭയവുമായി ബന്ധപ്പെട്ട നിയമങ്ങളുടേയും ചട്ടങ്ങളുടേയും ലംഘനമായിരിക്കും ഇതെന്നും ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് ചൂണ്ടിക്കാട്ടുന്നു. രാജകുമാരിയെ കുടുംബാംഗങ്ങള്‍ പീഡിപ്പിക്കുന്നുണ്ടെങ്കില്‍ അവരെ ദുബായിലേയ്ക്ക് തിരിച്ചയച്ചത് ഇന്ത്യന്‍ നിയമ പ്രകാരവും അന്താരാഷ്ട്ര നിയമ പ്രകാരവും കുറ്റകരമാകുമെന്ന് ലണ്ടനില്‍ പ്രവര്‍ത്തിക്കുന്ന നിയമ വിദഗ്ധന്‍ അഭിമന്യു ജോര്‍ജ് ബിസിനസ് സ്റ്റാന്‍ഡേര്‍ഡിനോട് പറഞ്ഞു. അതേസമയം ഇന്ത്യയോ യുഎഇയോ ഈ വിഷയത്തില്‍ എന്തെങ്കിലും പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

ദുബായ് ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയുമായ മൊഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകളാണ് ഷെയ്ഖ ലത്തീഫ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഷെയ്ഖ ഖലീഫയെ പിടികൂടാനുള്ള ഓപ്പറേഷന്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് നടത്തിയത് എന്നാണ് ആരോപണം. യുഎസ് കൊടിയുള്ള നൊസ്‌ട്രോമോ എന്ന ബോട്ടിനെ ഗോവ തീരത്ത് നിന്ന് 30 മൈല്‍ അകലെ വച്ചാണ് പിടികൂടിയത്. മൂന്ന് കോസ്റ്റ് ഗാര്‍ഡ് കപ്പലുകളും ഹെലികോപ്റ്ററുകളും ഒരു മാരിടൈംസ് സര്‍വൈലന്‍സ് വിമാനവുമാണ് ഓപ്പറേഷനില്‍ പങ്കെടുത്തത്. മകളെ തട്ടിക്കൊണ്ടുപോയി എന്ന് കാണിച്ച് ഷെയ്ഖ് മുഹമ്മദ് അയച്ച സന്ദേശവും സഹായാഭ്യര്‍ത്ഥനയും പരിഗണിച്ചാണ് ഇന്ത്യന്‍ നടപടി എന്നാണ് സൂചന.

ആദ്യം ഒമാനിലേയ്ക്കാണ് ഷെയ്ഖ ലത്തീഫ രക്ഷപ്പെട്ടത്. ഇവിടെ നിന്ന് കടല്‍ മാര്‍ഗം ഇന്ത്യയിലെത്തി വിമാന മാര്‍ഗം യുഎസിലേയ്ക്ക് പോകാനായിരുന്നു പദ്ധതി എന്നാണ് ഷെയ്ഖ ലത്തീഫയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. യുഎസില്‍ രാഷ്ട്രീയ അഭയം തേടുകയായിരുന്നു ഷെയ്ഖ ലത്തീഫയുടെ ലക്ഷ്യം. “എനിക്ക് അഭയം വേണം. ഞാന്‍ യുഎഇയിലേയ്ക്കില്ല, അതിലും നല്ലത് എന്നെ ഇപ്പോള്‍ തന്നെ കൊല്ലുന്നതാണ്” – ഷെയ്ഖ ലത്തീഫ തന്റെ ബോട്ട് തടഞ്ഞ ആയുധധാരികളോട് പറഞ്ഞതായി സുഹൃത്ത് ടീന ജൗഹിയേന്‍ പറഞ്ഞു. യുഎഇയിലെ നാവികസേന താവളങ്ങളിലൊന്നായ ഫുജെയ്ഖറയിലേയ്ക്കാണ് തന്നേയും സുഹൃത്ത് ഹെര്‍വ് ജോബെര്‍ട്ടിനേയും കൊണ്ടുപോയതെന്നും ടീന പറയുന്നു. ഫ്രഞ്ച് ചാര സംഘടനയായ ഡിജിഎസ്ഇയുടെ മുന്‍ ഏജന്റായ ജോബര്‍ട്ടിന് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റതായും പരാതിയുണ്ട്.

കരകാണാക്കടലില്‍ ഒഖിയെ അതിജീവിച്ച അഞ്ചു ദിവസങ്ങള്‍; ലോറന്‍സിന്റെ അവിശ്വസനീയ ജീവിതം- ഭാഗം 2

This post was last modified on April 29, 2018 6:19 pm