X

പ്രതിഫലം നല്‍കാതെ യൂടൂബ് പറ്റിച്ചു; മകള്‍ യൂടൂബ് ആസ്ഥാനം അക്രമിക്കാന്‍ സാധ്യതയുണ്ടെന്ന് പോലീസിനോട് പറഞ്ഞെന്ന് പിതാവ്

യൂടൂബ് തന്‍റെ ചാനലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നുവെന്നും വീഡിയോകൾ ഫിൽട്ടർ ചെയ്യുന്നുണ്ടെന്നും നസിം അഘ്ദാം ആരോപിച്ചിരുന്നു

കഴിഞ്ഞ ദിവസം സാൻഫ്രാൻസിസ്കോയിലെ യൂടൂബ് ആസ്ഥാനത്ത് നടന്ന അപ്രതീക്ഷിത വെടിവെപ്പിന്‍റെ കാരണം കൃത്യം നടത്തിയ 39കാരിയായ ‘നസീം നജാഫി അഘ്ദ’ത്തിന്‍റെ വീഡിയോ ക്ലിപ്പുകൾക്ക് നൽകേണ്ട പണം യൂടൂബ് നിർത്തിവച്ചതാണെന്ന് പിതാവ് ഇസ്മായിൽ അഘ്ദാം. യൂടൂബിന്‍റെ നടപടിയിൽ നസീം അത്യന്തം രോഷാകുലയായിരുന്നെന്നും അതുകൊണ്ടു തന്നെ യൂടൂബ് ആസ്ഥാനം അവൾ അക്രമിക്കാൻ സാധ്യതയുണ്ടെന്നും താൻ നേരത്തെ പോലീസിനെ അറിയിച്ചിരുന്നതായും അഘ്ദാം പറഞ്ഞു. പരിക്കേറ്റവരില്‍ മുന്നു പേരെ സാന്‍ഫ്രാന്‍സിസ്‌കോ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ രണ്ടു പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

മൃഗാവകാശ പ്രവർത്തകയും സസ്യാഹാരിയുമായ നസീം കാലിഫോർണിയയിൽ താമസിക്കുന്ന ഇറാനിയൻ വംശജയാണ്. നാസിം സാബ്സ് ഡോട്ട് കോം എന്ന പേർഷ്യൻ ഭാഷയിലുള്ള വെബ്സൈറ്റിലൂടെയാണ് അവൾ ആശയങ്ങൾ പ്രചരിപ്പിച്ചിരുന്നത്. യൂടൂബ് വിവേചനമാണ് കാണിക്കുന്നതെന്നും ചാനലിൽ നിന്നുള്ള വരുമാനത്തിൽ കമ്പനി കുറവ് വരുത്തുന്നുണ്ടെന്നും അവർ വീഡിയോയിലൂടെ പരാതിപ്പെട്ടിരുന്നു. ‘യൂടൂബ് അവളുടെ ജീവിതം തകർത്തു എന്ന് അവൾ നിരന്തരം പരാതിപ്പെട്ടിരുന്നതായി’ സഹോദരൻ ശഹ്റാൻ അഘ്ദാം മാധ്യമങ്ങളോട് പറഞ്ഞു.

രണ്ട് ദിവത്തോളം ഫോണിൽ പോലും ലഭ്യമല്ലാതായതിനെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് മകളെ കാണാനില്ലെന്ന വിവരം പിതാവ് പോലീസിനെ അറിയിക്കുന്നത്. ചൊവ്വാഴ്ച്ച പുലർച്ചെ തന്നെ അവൾ ഒരു കാറിൽ ഉറങ്ങുന്നതായി കാണപ്പെട്ട വിവരം പോലീസ് അദ്ദേഹത്തെ അറിയിച്ചു. എന്നാൽ അപ്പോഴും ‘അവൾക്ക് യൂടൂബിനോട് കടുത്ത വെറുപ്പാണെന്നും അവൾ യൂടൂബിന്‍റെ ആസ്ഥാനത്തേക്ക് പോകാൻ സാധ്യതയുണ്ടെന്നും താൻ മുന്നറിയിപ്പ് നൽകിയിരുന്നതായും’ അദ്ദേഹം പറഞ്ഞു. അതേ സമയം, വ്യക്തമായ വിവരം ലഭിച്ചിട്ടും അവളെ തടയാൻ ശ്രമിച്ചിരുന്നോ എന്ന ചോദ്യത്തിന് പോലീസ് മറുപടിയൊന്നും നൽകിയിട്ടില്ലെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

തുടർച്ചയായുണ്ടാകുന്ന വെടിവെപ്പുകൾ അമേരിക്കയിൽ വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിരിക്കുന്ന സമയത്താണ് പോലീസിന്‍റെ ഭാഗത്ത് നിന്നുള്ള ഈ അനാസ്ഥ. വ്യക്തമായ സൂചന നൽകിയപ്പോൾ തന്നെ നിയമപാലകർ ഉണർന്നു പ്രവർത്തിച്ചിരുന്നെങ്കിൽ ഇങ്ങനെയൊരു ദുരന്തം സംഭവിക്കില്ലായിരുന്നെന്ന് ഇസ്മായിൽ അഘ്ദാം പറഞ്ഞു. ഇന്നുണ്ടായ ദുരന്തത്തെ വിശദീകരിക്കാൻ വാക്കുകളില്ലെന്നും, ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും പൂർണ്ണ പിന്തുണ നൽകുന്നതിലാണ് തങ്ങൾ ഇപ്പോൾ ശ്രദ്ധിക്കുന്നതെന്നും ഗൂഗിൾ സി.ഇ.ഒ. സുന്ദർ പിച്ചെയ് പ്രതികരിച്ചു.

യൂടൂബ്, ഫെസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയകളിലെ സജീവ സാനിധ്യമാണ് നസീം അഘ്ദം. കൂടുതലും തന്‍റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള പ്രധാന മാധ്യമമായാണ് ഉപയോഗിക്കുന്നത്. തന്നെ സംബന്ധിച്ചിടത്തോളം ‘മനുഷ്യാവകാശത്തോളം പ്രാധാന്യമുള്ളതാണ് മൃഗാവകാശവും’ എന്ന് ഒരു പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കിയിരുന്നു.
പരസ്യവരുമാനം നേടുന്നതുമായും നല്‍കുന്നതുമായും ബന്ധപ്പെട്ട് അടുത്തിടെ യൂടൂബ് വരുത്തിയ നയപരമായ മാറ്റങ്ങള്‍ ചെറുകിട വീഡിയോ നിര്‍മ്മാതാക്കളെ പ്രതികൂലമായി ബാധിക്കുന്നതാണെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. യൂടൂബ് തന്‍റെ ചാനലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നുവെന്നും വീഡിയോകൾ ഫിൽട്ടർ ചെയ്യുന്നുണ്ടെന്നും നസിം അഘ്ദാം ആരോപിച്ചിരുന്നു. വെടിവെപ്പിനെ തുടര്‍ന്ന് നസിം അഘ്ദത്തിന്‍റെ അക്കൌണ്ടിന് യൂട്യൂബ് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഫേസ്ബുക്ക് ഇന്‍സ്ടഗ്രാം അക്കൌണ്ടുകളും അവസാനിപ്പിച്ചിട്ടുണ്ട്.

ആരാണ് യൂടൂബ് ആസ്ഥാനത്ത് വെടിവെപ്പ് നടത്തിയ നസീം നജാഫി അഘ്ദം? (വീഡിയോ)

This post was last modified on April 5, 2018 12:13 pm