X

മെഡിറ്ററേനിയന്‍ കടലില്‍ 100 അഭയാര്‍ത്ഥികള്‍ മുങ്ങി മരിച്ചതായി സംശയം

150-ലധികം പേര്‍ മുങ്ങിമരിച്ചിട്ടുണ്ടാകാമെന്ന് ഭയപ്പെടുന്നുവെന്നും, 145 പേരെ രക്ഷപ്പെടുത്തി ലിബിയയിലേക്ക് മടക്കിയെന്നും ഐ.ഒ.എം വ്യാഴാഴ്ച ട്വിറ്റ് ചെയ്തിരുന്നു.

മെഡിറ്ററേനിയന്‍ കടലിലെ ലിബിയന്‍ തീരത്ത് ബോട്ട് മറിഞ്ഞു നൂറിലധികം കുടിയേറ്റക്കാരും അഭയാര്‍ഥികളും മുങ്ങിമരിച്ചതായി സംശയം. 250 പേരുമായി പോയ ബോട്ട് തലസ്ഥാനമായ ട്രിപ്പോളിയില്‍ നിന്ന് 120 കിലോമീറ്റര്‍ കിഴക്കുള്ള അല്‍ ഖോംസ് പട്ടണത്തിനടുത്തുവെച്ചാണ് മുങ്ങിയതെന്ന് ലിബിയന്‍ നാവികസേനയുടെ വക്താവ് അയ്യൂബ് കാസിം പറഞ്ഞു. 134 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ടെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

150-ലധികം പേര്‍ മുങ്ങിമരിച്ചിട്ടുണ്ടാകാമെന്ന് ഭയപ്പെടുന്നുവെന്നും, 145 പേരെ രക്ഷപ്പെടുത്തി ലിബിയയിലേക്ക് മടക്കിയെന്നും ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ (ഐ.ഒ.എം) വ്യാഴാഴ്ച ട്വിറ്റ് ചെയ്തിരുന്നു. ‘ഈ വര്‍ഷത്തെ ഏറ്റവും വലിയ മെഡിറ്ററേനിയന്‍ ദുരന്തമാണ് സംഭവിച്ചിരിക്കുന്നത്’ എന്നാണ് അഭയാര്‍ഥികള്‍ക്കായുള്ള യു.എന്‍ ഹൈക്കമ്മീഷണര്‍ ഫിലിപ്പോ ഗ്രാന്‍ഡി പറഞ്ഞത്.

രക്ഷപ്പെട്ടവരെ ആദ്യം പ്രാദേശിക മത്സ്യത്തൊഴിലാളികളും പിന്നീട് ലിബിയന്‍ കോസ്റ്റ്ഗാര്‍ഡും ചേര്‍ന്ന് കരയിലേക്ക് തിരികെയെത്തിച്ചതായി ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ഥി ഏജന്‍സി (യു.എന്‍.എച്ച്.സി.ആര്‍) വക്താവ് ചാര്‍ലി യാക്സ്ലിയും പറഞ്ഞു.

മിഡില്‍ ഈസ്റ്റിലെയും ആഫ്രിക്കയിലെയും വറുതിയും പട്ടിണിയും ആഭ്യന്തര കലഹവുംമൂലം അതിജീവനത്തിനുവേണ്ടി ബോട്ടുകളില്‍ മദ്ധ്യധരണ്യാഴി താണ്ടി യൂറോപ്പിലെത്താന്‍ ശ്രമിക്കുന്നവരുടെ എണ്ണം ഓരോ വര്‍ഷവും കൂടിവരികയാണ്. അതില്‍തന്നെ ഏറ്റവും കൂടുതല്‍ പേര്‍ ലിബിയയില്‍ നിന്നുള്ളവരാണ്.

യാത്ര ചെയ്യുന്നവര്‍ പലപ്പോഴും തിരക്കേറിയതും സുരക്ഷിതമല്ലാത്തതുമായ ബോട്ടുകളിലാണ് കയറിപ്പോകുന്നത്. ഐ.ഒ.എമ്മിന്റെ കണക്കനുസരിച്ച് ഈ വര്‍ഷം ഇതുവരെ മെഡിറ്ററേനിയന്‍ പ്രദേശത്ത് 700 ഓളം പേര്‍ മുങ്ങിമരിച്ചിട്ടുണ്ട്. 2018-ല്‍ ഉണ്ടായ 1,425 മരണങ്ങളുടെ പകുതിയോളം വരുമത്.

6,000 അഭയാര്‍ഥികളെയും കുടിയേറ്റക്കാരെയും ലിബിയയിലുടനീളമുള്ള വിവിധ തടങ്കല്‍ കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് കണക്കാക്കപ്പെടുന്നു. രജിസ്റ്റര്‍ ചെയ്ത 50,000 ത്തോളം പേര്‍ ലിബിയയില്‍തന്നെ മറ്റെവിടെയെങ്കിലും താമസിക്കുന്നുണ്ടാകാമെന്ന് യു.എന്‍.എച്ച്.സി.ആര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഘര്‍ഷഭരിതമായ ഈ വടക്കേ ആഫ്രിക്കന്‍ രാജ്യം കുടിയേറ്റക്കാരെയും അഭയാര്‍ഥികളേയും പാര്‍പ്പിക്കാനുള്ള സുരക്ഷിത സ്ഥലമല്ലെന്നും തടങ്കല്‍ കേന്ദ്രങ്ങളിലുള്ളവരെ ഉടന്‍ മോചിപ്പിക്കണമെന്നും യു.എന്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Read: വാടക വീട് കിട്ടിയില്ലെന്ന വിവാദങ്ങള്‍ക്ക് വിട; നിപയെ അതിജീവിച്ച വിദ്യാര്‍ത്ഥിയുടെ വീട് വാസയോഗ്യമാക്കാനുള്ള പ്രവര്‍ത്തനം വടക്കേക്കര പഞ്ചായത്ത് ആരംഭിച്ചു

 

This post was last modified on July 26, 2019 8:30 am