X

കശ്മീര്‍: ഇന്ത്യയുടെ പ്രതികരണം അത്ഭുതപ്പെടുത്തിയെന്ന് ഇമ്രാന്‍ ഖാന്‍

മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി ഇമ്രാന്‍ ഖാന്‍ അമേരിക്കയിലെത്തിയിരിക്കുകയാണ്.

കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ വാഗ്ദാനത്തോടുള്ള ഇന്ത്യയുടെ പ്രതികരണം അത്ഭുതപ്പെടുത്തിയെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി ഇമ്രാന്‍ ഖാന്‍ അമേരിക്കയിലെത്തിയിരിക്കുകയാണ്. പാകിസ്ഥാന്‍ പ്രധാനമന്ത്രിയായതിനു ശേഷമുള്ള ഇമ്രാന്റെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനമാണിത്.

വിഷയത്തില്‍ ഇമ്രാന്‍ ഖാന്‍ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്- ’70 വര്‍ഷമായി തുടരുന്ന ഇന്ത്യ – പാക് സംഘര്‍ഷത്തിന് മധ്യസ്ഥത വഹിക്കാമെന്ന ട്രംപിന്റെ വാഗ്ദാനത്തില്‍ ഇന്ത്യയുടെ പ്രതികരണം അത്ഭുതപ്പെടുത്തുന്നു. തലമുറകളായി കശ്മീരികള്‍ കഷ്ടത അനുഭവിക്കുകയും അനുദിനം ദുരിതമനുഭവിക്കുകയും ചെയ്യുകയാണ്. ഇതിന് ഒരു പരിഹാരം ആവശ്യമാണ്.’

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കും പാകിസ്ഥാനുമിടയില്‍ മധ്യസ്ഥത വഹിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടെന്ന് ട്രംപിന്റെ ട്വീറ്റ് വിവാദമായിരുന്നു. ഇന്ത്യയുടെ പ്രഖ്യാപിത നയത്തിനു വിരുദ്ധമായ നിലപാടെടുത്ത പെരുമാറിയ പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് സഭകളിലും വിശദീകരണം നല്‍കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. അതെസമയം ട്രംപിനോട് ഇത്തരമൊരാവശ്യം ഇന്ത്യന്‍ പ്രധാനമന്ത്രി ഉന്നയിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ രാജ്യസഭയില്‍ വിശദീകരണം നല്‍കി. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള എല്ലാ പ്രശ്‌നങ്ങളും രണ്ട് രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന നിലപാടില്‍ നിന്നും ഇന്ത്യ പിന്നാക്കം പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

‘അത്തരത്തിലുള്ള ഒരു അപേക്ഷയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുമ്പോട്ടു വെച്ചിട്ടില്ല. ഇത് ഇന്ത്യയുടെ സ്ഥിരമായ നിലപാടാണ്.’ -വിദേശകാര്യവക്താവ് രവീഷ് കുമാര്‍ ട്വീറ്റ് ചെയ്തു. പാകിസ്താനുമായുള്ള ഏതിടപാടിനും അതിര്‍ത്തി കടന്നുള്ള തീവ്രവാദം അവര്‍ അവസാനിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഇരുരാജ്യങ്ങളുടെ മുന്‍കൈയില്‍ തന്നെ അവസാനിപ്പിക്കുന്നതിന് ഷിംല കരാറും ലാഹോര്‍ പ്രഖ്യാപനവും മതിയായവയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കശ്മീര്‍ വിഷയത്തില്‍ നരേന്ദ്ര മോദി സഹായം അഭ്യര്‍ഥിച്ചതായി ട്രംപിന്റെ ട്വീറ്റ് ഇമ്രാന്‍ ഖാനുമായി വൈറ്റ് ഹൗസില്‍ വച്ച് നടന്ന കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു. പ്രശ്‌നത്തില്‍ അമേരിക്കന്‍ മധ്യസ്ഥതയ്ക്കായി ഇമ്രാന്‍ ഖാന്‍ കഴിഞ്ഞ ദിവസത്തെ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കശ്മീര്‍ പ്രശ്‌നത്തില്‍ അമേരിക്കയ്ക്ക് ഇടപെടാന്‍ കഴിഞ്ഞേക്കുമെന്നായിരുന്നു ട്രംപിന്റെ പിന്നീടുള്ള പ്രതികരണം.

Explainer: ട്രംപ് പൊട്ടിച്ച കശ്മീര്‍ വെടിയുടെ ഗൂഢ ലക്ഷ്യം എന്ത്?