മലബാറില്‍ ഇന്നും തുടരുന്ന ശക്തമായ മഴയില്‍ കാസറഗോഡ് ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. കാസറഗോഡ് കാഞ്ഞങ്ങാട് നഗരത്തോട് ചേര്‍ന്ന പ്രദേശങ്ങളായ ഞാണിക്കടവ്, പനങ്കാവ്, അരയി ഭാഗങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷമായി. വീടുകളുടെ പടിക്കെട്ടില്‍ വരെ വെള്ളം കയറിയതോടെ മിക്കവരും ബന്ധുവീടുകളില്‍ അഭയം തേടി. മലബാറില്‍ കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം നാലായി. കണ്ണൂര്‍ ഇരിട്ടി മണിക്കടവ് പുഴയില്‍ ജീപ്പ് ഒഴുക്കില്‍പ്പെട്ട് കാണാതായ കോളിത്തട്ട് സ്വദേശി ലിധീഷിന്റെ മൃതദേഹം കണ്ടെത്തി.
കോഴിക്കോട് കാക്കൂരില്‍ വെള്ളക്കെട്ടില്‍ വീണ് വയോധികന്‍ മരിച്ചു. തിങ്കളാഴ്ച രാത്രി കാക്കൂരില്‍ വെള്ളക്കെട്ടില്‍ വീണ രാമല്ലൂര്‍ സ്വദേശി കൃഷ്ണന്‍കുട്ടിയുടെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്. മലപ്പുറത്ത് താനൂര്‍ വെള്ളിയത്ത് മുസ്തഫയുടെ മകന്‍ ലബീബ്(20) പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. കണ്ണൂര്‍ പയ്യന്നൂര്‍ കുഞ്ഞിമംഗലം കിഴക്കാരിയില്‍ ചന്ദേക്കാരന്‍ രവിയുടെ മകന്‍ റിദുല്‍(22) കുളത്തില്‍ വീണ് മരിച്ചു. അതേസമയം കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഇന്നലെ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ച് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഈ ജില്ലകളിലും കോഴിക്കോട് ജില്ലയിലും ഇന്ന് യെല്ലോ അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.
വയനാട്ടില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കാരാപ്പുഴ ഡാമിന്റെ ഒരു ഷട്ടര്‍ 12 സെന്റിമീറ്റര്‍ ഉയര്‍ത്തി. ഭാരതപ്പുഴയിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. മലയോര മേഖലയില്‍ മണ്ണിടിച്ചില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഇടവിട്ട് ശക്തമായ മഴ ലഭിക്കുന്നുണ്ട്. കൊയിലാണ്ടി കീഴരിയൂരില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് 15 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് 26 ദുരിതാശ്വാസ ക്യാംപുകളിലായി 1519 പേര്‍ കഴിയുന്നു. കോട്ടയം ജില്ലയിലാണ് കൂടുതല്‍ ക്യാംപുകള്‍. ജില്ലയില്‍ ഒമ്പത് ക്യാംപുകലിലായി 208 പേരുണ്ട്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ക്യാംപുകളില്‍ കഴിയുന്നത്. നാല് ക്യാംപുകളിലായി 680 പേരാണ് തലസ്ഥാനത്തുള്ളത്. പത്തനംതിട്ടയില്‍ രണ്ട് ക്യാംപുകളിലായി 201 പേരും ആലപ്പുഴയില്‍ മൂന്ന് ജില്ലകളിലായി 288 പേരുമുണ്ട്. കണ്ണൂര്‍ നഗരത്തിലെ 2 ദുരിതാശ്വാസ ക്യാംപുകലിലായി 89 പേര്‍ കഴിയുന്നു.
This post was last modified on July 24, 2019 9:09 am
Leave a Comment