X

ബംഗ്‌ളാദേശില്‍ വോട്ടെടുപ്പ് കഴിഞ്ഞു; ഇന്ന് നാല് പേര്‍ കൊല്ലപ്പെട്ടു; ഷെയ്ഖ് ഹസീന വന്‍ വിജയത്തിലേയ്ക്കെന്ന് സൂചന

ഡിസംബര്‍ 16 മുതലുള്ള അക്രമങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 17 ആയതായി ബിബിസി റിപ്പോര്‍ ചെയ്യുന്നു.

പൊതുതിരഞ്ഞെടുപ്പ് നടന്ന ബംഗ്ലാദേശില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി. ഫലപ്രഖ്യാപനം തുടങ്ങി. ഇതുവരെ പുറത്തുവന്ന ഫലമനുസരിച്ച് 29 സീറ്റ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് നേടിയിട്ടുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് നാല് പേര്‍ കൊല്ലപ്പെട്ടു. ഭരണകക്ഷിയായ അവാമി ലീഗിന്റെയും പ്രതിപക്ഷ പാര്‍ട്ടിയായ ബിഎന്‍പിയുടേയും പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ബംഗ്ലാദേശിലെ ബിഡി ന്യൂസ് 24 റിപ്പോര്‍ട്ട് ചെയ്യുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡിസംബര്‍ 16 മുതലുള്ള അക്രമങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 17 ആയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. രാവിലെ എട്ട് മണിക്ക് തുടങ്ങിയ വോട്ടെടുപ്പ് വൈകുന്നേരം നാല് മണിക്കാണ് അവസാനിച്ചത്.

പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള ബംഗ്‌ളാദേശ് അവാമി ലീഗ് തുടര്‍ച്ചയായ നാലാം തവണയും അധികാരത്തിലെത്തുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. അതേസമയം അവാമി ലീഗ് തിരഞ്ഞെടുപ്പ് അട്ടിമറിച്ചതായി ഖാലിദ സിയയുടെ ബിഎന്‍പി (ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി) അടക്കമുള്ളവ ആരോപിച്ചു. വിജയം ഉറപ്പാണെന്നും പൂര്‍ണ ആത്മവിശ്വാസമുണ്ടെന്നും മെച്ചപ്പെട്ട ജീവിതത്തിനും പുരോഗതിക്കുമായി അവര്‍ ഞങ്ങളെ തിരഞ്ഞെടുക്കുമെന്ന് ഉറപ്പാണെന്നും പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പറഞ്ഞു. ഹസീനയുടെ പ്രധാന എതിരാളിയായ ഖാലിദ സിയ അഴിമതി കേസില്‍ 17 വര്‍ഷം തടവുശിക്ഷയുമായി ജയിലിലാണ്.

This post was last modified on December 30, 2018 7:45 pm