X

വംശഹത്യയില്‍ നിന്ന് രക്ഷപ്പെടാന്‍ പലായനം ചെയ്തിട്ട് രണ്ട് വര്‍ഷം; തിരിച്ചുപോകണമെന്ന് ബംഗ്ലാദേശ്, മ്യാന്‍മര്‍ പൗരത്വം നല്‍കാതെ പോവില്ലെന്ന് റോഹിംഗ്യകള്‍

റോഹിംഗ്യകളെ തിരിച്ചയക്കാനുള്ള തീരുമാനത്തിലാണ് ബംഗ്ലാദേശും മ്യാൻമറും.

പതിനായിരക്കണക്കിന് റോഹിംഗ്യകൾ ഞായറാഴ്ച ബംഗ്ലാദേശിലെ അഭയാർഥി ക്യാമ്പുകൾക്കുള്ളിൽ പ്രകടനം നടത്തി. 2017 ഓഗസ്റ്റിൽ 7,50,000ത്തോളം പേർ മ്യാൻമറിലെ റാഖൈൻ പ്രവിശ്യയില്‍ നിന്നും പലായനം ചെയ്തിരുന്നു. എന്നാലിപ്പോള്‍ റോഹിംഗ്യകളെ തിരിച്ചയക്കാനുള്ള തീരുമാനത്തിലാണ് ബംഗ്ലാദേശും മ്യാൻമറും. പക്ഷെ, റോഹിംഗ്യകൾ മടങ്ങാൻ വിസമ്മതിക്കുകയാണ്. മ്യാൻമർ പൗരത്വം നൽകുന്നത് വരെ മടങ്ങിപ്പോകില്ലെന്നാണ് അവര്‍ പറയുന്നത്.

മ്യാൻമറിലെ ഒരു മുസ്ലീം വംശീയ ന്യൂനപക്ഷമാണ് റോഹിംഗ്യകൾ. അവരിൽ ഭൂരിഭാഗവും റാഖൈനിലാണ് താമസിച്ചിരുന്നത്. അവർക്ക് സ്വന്തം ഭാഷയും സംസ്കാരവുമുണ്ട്. എന്നാൽ തലമുറകളായി മ്യാൻമറിൽ താമസിച്ചിട്ടും അവരെ പൗരന്മാരായി അംഗീകരിക്കാനോ സെൻസസിൽ എണ്ണമെടുക്കാനോ മ്യാന്‍മാര്‍ തയ്യാറല്ല. പകരം അവരെ ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരായി കണക്കാക്കുന്നു.

2017 ഓഗസ്റ്റ് 25-ന് റോഹിംഗ്യൻ തീവ്രവാദികൾ ഡസൻ കണക്കിന് പോലീസ് പോസ്റ്റുകൾ ആക്രമിക്കുകയും നിരവധി ഉദ്യോഗസ്ഥരെ വധിക്കുകയും ചെയ്തു. എന്നാല്‍ അവരെ നേരിടാനെന്ന വ്യാജേന പ്രതികരിച്ച സൈന്യവും പോലീസും മുഴുവന്‍ റോഹിംഗ്യന്‍ ഗ്രാമങ്ങളും ചുട്ടു ചാമ്പലാക്കി. സാധാരണക്കാർ ആക്രമിക്കപ്പെടുകയും ബലാത്സംഗം ചെയ്യപ്പെടുകയും കൊലചെയ്യപ്പെടുകയും ചെയ്തതായി യുഎൻ അന്വേഷകർ കണ്ടെത്തിയിരുന്നു. പ്രാദേശിക ബുദ്ധമത സംഘവും അക്രമങ്ങളുടെ നേതൃനിരയില്‍തന്നെ ഉണ്ടായിരുന്നു. വംശീയ ഉന്മൂലനത്തിന്‍റെ ഏറ്റവുംവലിയ ‘പാഠപുസ്തക ഉദാഹരണമാണ്’ അത് എന്നാണ് ഐക്യരാഷ്ട്ര സംഘടന വിലയിരുത്തിയത്.

എന്നാല്‍ തങ്ങള്‍ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ മാത്രമാണ് നടത്തിയതെന്നും, സാധാരണക്കാരെ നോട്ടമിട്ടിട്ടില്ലെന്നും സൈന്യം അവകാശപ്പെടുന്നു. പക്ഷെ, മ്യാന്‍മാര്‍ നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍പോലും സൈന്യത്തെ കുറ്റപ്പെടുത്തുന്നുണ്ട്. അതേസമയം ബംഗ്ലാദേശില്‍ നിന്നും റോഹിംഗ്യകളെ തിരിച്ചുകൊണ്ടുവരുന്നതിനെതിരെ മ്യാന്‍മറിലെ റാഖൈന്‍ സംസ്ഥാനത്ത് പ്രതിഷേധം നടന്നിരുന്നു. ചുവപ്പ് ബാനറുകളും മന്ത്രങ്ങളുമായി ബുദ്ധ സന്യാസികള്‍ നയിച്ച പ്രതിഷേധ മാര്‍ച്ചില്‍ നിരവധി പേരാണ് പങ്കെടുത്തത്. അനധികൃതമായി കുടിയേറിപ്പാര്‍ക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണം. ഓടിപ്പോയ അഭയാര്‍ത്ഥികളെ തിരികെ വരാന്‍ സമ്മതിക്കരുത് തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാര്‍ മുന്നോട്ട് വെക്കുന്നത്.

അതുതന്നെയാണ് റോഹിംഗ്യകളെ ഭയപ്പെടുത്തുന്ന പ്രധാന കാര്യവും. പൗരത്വം, സുരക്ഷ, തുല്യ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും അനുമതി ലഭിക്കുമോ തുടങ്ങിയ കാര്യങ്ങളിലൊന്നും അവര്‍ക്ക് യാതൊരു പ്രതീക്ഷയുമില്ല. അവര്‍ക്ക് പൌരത്വം നല്‍കാന്‍ കഴിയില്ലെന്ന് മ്യാന്‍മാര്‍ വ്യക്തമാക്കുകയും ചെയ്തതോടെ നേരത്തെ തിരിച്ചുപോകാന്‍ തയ്യാറായവര്‍പോലും ഭയപ്പെടുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.

അഭയാര്‍ത്ഥി ക്യാമ്പുകൾക്കുള്ളിലെ ക്രമസമാധാന നിലയാണ് ബംഗ്ലാദേശിനെ അസ്വസ്ഥമാക്കുന്നത്. റോഹിംഗ്യകൾക്കിടയിൽ ഒരു സായുധ സംഘം കൂടുതൽ ശക്തമാകുന്നുണ്ടെന്നാണ് വിവരം. കടുത്ത ദാരിദ്ര്യത്തെ അഭിമുഖീകരിക്കുന്ന അഭയാർഥി ക്യാമ്പുകളിൽ ഇസ്ലാമിക തീവ്രവാദികൾ പിടിമുറുക്കിയേക്കുമെന്ന് പലരും ഭയപ്പെടുന്നു. അതുകൊണ്ടുതന്നെ ഈ പ്രതിസന്ധി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ സർക്കാരിനെതിരെ കടുത്ത ആഭ്യന്തര രാഷ്ട്രീയ സമ്മർദ്ദം ചെലുത്തി തുടങ്ങിയിട്ടുണ്ട്.

This post was last modified on August 26, 2019 6:07 pm