X

മഹീന്ദ രാജപക്‌സ പാര്‍ട്ടി മാറി; ജനുവരി അഞ്ചിന്റെ ശ്രീലങ്കന്‍ സ്‌നാപ് പോളില്‍ മത്സരിച്ചേക്കും

ഒക്ടോബര്‍ 26നാണ് വിക്രമസിംഗെയെ പുറത്താക്കി രാജപക്‌സയെ പ്രധാനമന്ത്രിയായി നിയമിച്ചത്.

ശ്രീലങ്ക മുന്‍ പ്രസിഡന്റ് മഹീന്ദ രാജപക്‌സ പാര്‍ട്ടി മാറി. 50 വര്‍ഷമായി താന്‍ പ്രവര്‍ത്തിച്ചുപോന്നിരുന്ന ശ്രീലങ്ക ഫ്രീഡം പാര്‍ട്ടി (എസ് എല്‍ എഫ് പി) വിട്ട് ശ്രീലങ്ക പീപ്പിള്‍സ് പാര്‍ട്ടി (എസ്എല്‍പിപി) എന്ന പുതിയ കക്ഷിയില്‍ ചേര്‍ന്നിരിക്കുകയാണ് രാജപക്‌സ. മഹീന്ദ രാജപക്സയുടെ അനുയായികള്‍ ചേര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് എസ്എല്‍പിപി രൂപീകരിച്ചത്. ഫെബ്രുവരിയിലെ ലോക്കല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 340 സീറ്റില്‍ മൂന്നില്‍ രണ്ടും എസ്എല്‍പിപി നേടിയിരുന്നു.

യുഎന്‍പി (യുണൈറ്റഡഡ് നാഷണലിസ്റ്റ് പാര്‍ട്ടി) നേതാവായ റനില്‍ വിക്രമസിംഗെയെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കി, രാജപക്‌സയെ പ്രധാനമന്ത്രിയായി നിയമിച്ച പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നടപടി ശ്രീലങ്കയില്‍ ഭരണഘടനാപ്രതിസന്ധിയുണ്ടാക്കിയിരിക്കുകയാണ്. തനിക്ക് പാര്‍ലമെന്റില്‍ ഭൂരിപക്ഷം എംപിമാരുടെ പിന്തുണയുണ്ടെന്നും പാര്‍ലമെന്റ് വിളിച്ചുകൂട്ടി ഭൂരിപക്ഷം തെളിയിക്കാന്‍ അവസരമൊരുക്കണമെന്നുമാണ് റനില്‍ വിക്രമസിംഗെയുടെ ആവശ്യം. സ്പീക്കര്‍ കാരു ജയസൂര്യയും പ്രസിഡന്റിനോട് ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും പാര്‍ലമെന്റ് ചേരാന്‍ തയ്യാറാകാതെ പിരിച്ചുവിടുകയാണ് സിരിസേന ചെയ്തത്. സിരിസേനയുടേയും വിക്രമസിംഗെയുടേയും പാര്‍ട്ടികള്‍ ചേര്‍ന്ന് രൂപീകരിച്ച സഖ്യസര്‍ക്കാരാണ് അധികാരത്തിലുണ്ടായിരുന്നത്.

1951ല്‍ രൂപീകരിച്ച ശ്രീലങ്ക ഫ്രീഡം പാര്‍ട്ടിയുടെ സ്ഥാപക അംഗങ്ങളിലൊരാളാണ് മഹീന്ദ രാജപക്‌സയുടെ പിതാവ് ഡോണ്‍ ആല്‍വിന്‍ രാജപക്‌സ. 2005 മുതല്‍ 2015 വരെ പ്രസിഡന്റായിരുന്ന രാജ പക്‌സയെ വിക്രമസിംഗെയുടെ പാര്‍ട്ടിയുടെ പിന്തുണയോടെ തോല്‍പ്പിച്ചാണ്, രാജപക്‌സയുടെ പാര്‍ട്ടിക്കാരനായിരുന്ന സിരിസേന പ്രസിഡന്റായത്. വിക്രമസിംഗെ പ്രധാനമന്ത്രിയുമായി. അതേസമയം തുടക്കം മുതലേ സാമ്പത്തിക കാര്യങ്ങളിലും സുരക്ഷാകാര്യങ്ങളിലും ഇരു നേതാക്കളും കടുത്ത അഭിപ്രായവ്യത്യാസത്തിലായിരുന്നു. തന്നെ വധിക്കാന്‍ ഇന്ത്യന്‍ ചാരസംഘടനയായ റോയുടെ ഏജന്റുമാര്‍ മന്ത്രിസഭയില്‍ വരെ കടന്നുകൂടിയിട്ടുണ്ടെന്നും സിരിസേനയുടെ പാര്‍ട്ടിയാണ് ഇവര്‍ക്ക് പിന്തുണ നല്‍കുന്നതെന്നും പ്രസിഡന്റ് ആരോപിച്ചതായി വാര്‍ത്ത വന്നു. മന്ത്രി മംഗള സമരവീരയാണ് ആദ്യം ഇക്കാര്യം പറഞ്ഞത്. പ്രസിഡന്റിന്റെ ഓഫീസ് ആദ്യം ഇക്കാര്യം നിഷേധിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് വിക്രമസിംഗെയെ പുറത്താക്കിയത് തന്നെ വധിക്കാനുള്ള ഗൂഢാലോചനയില്‍ പങ്കാളി ആയതിനാലാണ് എന്ന് സിരിസേന പറഞ്ഞിരുന്നു. മുന്‍ സൈനിക മേധാവി ശരത് ഫൊന്‍സേകയുമായി ഗൂഢാലോചന നടത്തി സിരിസേനയേയും മഹീന്ദ രാജപക്‌സയുടെ സഹോദരനും പ്രതിരോധ ഉദ്യോഗസ്ഥനുമായിരുന്ന ഗൊതബായ രാജപക്‌സയേയും വധിക്കാന്‍ റോ പദ്ധതിയിട്ടു എന്നാണ് ആരോപണം.

ഇതിനിടെ മുന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും പെട്രോളിയം മന്ത്രിയും വിക്രമസിംഗെ അനുകൂലിയുമായ അര്‍ജുന രണതുംഗയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ അനുയായികള്‍ക്ക് നേരെ രണതുംഗയുടെ അംഗരക്ഷകന്‍ കഴിഞ്ഞ ദിവസം നടത്തിയ വെടിവയ്പ്പിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. വിക്രമസിംഗെ പൊതുവേ ഇന്ത്യയോട് അടുപ്പം കാണിക്കുന്ന നേതാവായും രാജപക്സ കടുത്ത ചൈനീസ് അനുകൂലിയായും ആണ് അറിയപ്പെടുന്നത്. ഹംബന്‍ടോട്ട തുറമുഖം അടക്കം നിരവധി വികസന പദ്ധതികള്‍ ആണ് രാജപക്സ പ്രസിഡന്റ് ആയിരിക്കെ ശ്രീലങ്കയില്‍ ചൈന നിര്‍മ്മിച്ചത്.

ഒക്ടോബര്‍ 26നാണ് വിക്രമസിംഗെയെ പുറത്താക്കി രാജപക്‌സയെ പ്രധാനമന്ത്രിയായി നിയമിച്ചത്. നവംബര്‍ 16 വരെ പാര്‍ലമെന്റ് സസ്‌പെന്‍ഡ് ചെയ്തു. പിന്നീട് അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നവംബര്‍ 14ന് പാര്‍ലമെന്റ് ചേരാന്‍ നോട്ടീസ് നല്‍കി. എന്നാല്‍ വെള്ളിയാഴ്ച സിരിസേന പാര്‍ലമെന്റ് പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചു. ജനുവരി അഞ്ചിന് സ്‌നാപ് പോള്‍സ് നടത്തുമെന്ന് അറിയിച്ചുു. പാര്‍ലമെന്റില്‍ ഒരു കക്ഷിയ്ക്കും കേവല ഭൂരിപക്ഷമില്ലെങ്കിലും ഏറ്റവും വലിയ ഒറ്റ കക്ഷി വിക്രമസിംഗെയുടെ യുഎന്‍പിയാണ്. 225 അംഗ പാര്‍ലമെന്റില്‍ 113 അംഗങ്ങളുടെ പിന്തുണയാണ് ഗവണ്‍മെന്റിന് വേണ്ടത്. വിക്രമസിംഗെയുടെ പാര്‍ട്ടിക്ക് 106 എംപിമാരുണ്ട്. രാജപക്സയുടെയും സിരിസേനയുടെയും പാര്‍ട്ടികള്‍ക്ക് മൊത്തത്തില്‍ 95 സീറ്റുകള്‍ ആണുള്ളത്.

മോതിര പ്രേമി, ചൈന അനുകൂലി, കുടുംബ രാഷ്ട്രീയം: രാജപക്‌സെയെക്കുറിച്ച് അറിയേണ്ടതെല്ലാം

പ്രധാനമന്ത്രിയെ പുറത്താക്കിയത് തന്നെ വധിക്കാന്‍ ശ്രമിച്ചതിനെന്ന് ലങ്കന്‍ പ്രസിഡന്റ്; രണതുംഗെയുടെ ബോര്‍ഡി ഗാര്‍ഡ് ഒരാളെ വെടിവച്ച് കൊന്നു

വിക്രമസിംഗെ ആണ് ഇപ്പോളും പ്രധാനമന്ത്രി, രാജപക്സയല്ല: ശ്രീലങ്ക സ്പീക്കര്‍

ശ്രീലങ്കന്‍ പ്രധാനമന്ത്രി വിക്രമസിംഗെ പുറത്ത്, രാജപക്സ പ്രധാനമന്ത്രി; പിന്തുണ പിന്‍വലിച്ചത് പ്രസിഡന്റ് സിരിസേനയുടെ പാര്‍ട്ടി