X

ന്യൂസിലാന്റ് പള്ളി വെടിവയ്പില്‍ ഒമ്പത് ഇന്ത്യക്കാരെ കാണാനില്ലെന്ന് ഹൈക്കമ്മീഷന്‍

രണ്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ഒരാളുടെ നില ഗുരുതരമാണ്.

ന്യൂസിലാന്റിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ രണ്ട് മുസ്ലീം പള്ളികളിലുണ്ടായ വെടിവയ്പുകള്‍ക്കിടെ ഇന്ത്യക്കാരോ ഇന്ത്യന്‍ വംശജരോ ആയ ഒമ്പത് പേരെ കാണാനില്ലെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍. ഹൈകമ്മീഷണര്‍ സഞ്ജീവ് കോഹ്ലിയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. 49 പേരാണ് ഇന്നലെ നടന്ന വെടിവയ്പുകളില്‍ കൊല്ലപ്പെട്ടത്. രണ്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ഒരാളുടെ നില ഗുരുതരമാണ്. വെള്ളിയാഴ്ച പ്രാര്‍ത്ഥനക്കിടെ പള്ളിയില്‍ ഇരച്ചുകയറിയ അക്രമികള്‍ വെടിവയ്പ് നടത്തുകയായിരുന്നു.

ഭീകരാക്രമണമാണ് നടന്നത് എന്ന് പ്രധാനമന്ത്രി ജസീന്‍ഡ ആര്‍ഡേണ്‍ പറഞ്ഞിരുന്നു. അറസ്റ്റ് ചെയ്ത മൂന്ന് പേരില്‍ ഓസ്‌ട്രേലിയന്‍ പൗരനായ യുവാവാണ് പ്രധാനമായും വെടിവയ്പ് നടത്തിയത് എന്ന് കരുതുന്നു. ആക്രമണത്തെ ശക്തമായി അപലപിച്ചും ഇത് മാനവികതയ്‌ക്കെതിരായ കുറ്റകൃത്യമാണ് എന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലാന്റ് പ്രധാനമന്ത്രിക്ക് കത്ത് നല്‍കി.

ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍ നൂര്‍ മോസ്‌കിലും ലിന്‍വുഡ് മോസ്‌കിലുമാണ് വെടിവയ്പ് നടന്നത്. അക്രമി വെടിവയ്പ് നടത്തുന്നതിന്റേയും വാഹനത്തില്‍ കടന്നുകളയുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തലയില്‍ കാമറ കെട്ടിവച്ചാണ് വെടിവയ്പ് നടത്തിയത്‌.