X
    Categories: കായികം

തകര്‍പ്പന്‍ ബാറ്റിംഗുമായി ഇന്ത്യക്കാരന്‍; 12 വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീലങ്കയുടെ റെക്കോര്‍ഡ് തകര്‍ത്ത് റൊമാനിയ

ഇന്ത്യന്‍ വംശജനും, സോഫ്റ്റ്വെയര്‍ എഞ്ചിനീയറും കൂടിയായ ശിവകുമാര്‍ പെരിയാള്‍വറായിരുന്നു റെക്കോര്‍ഡ് വിജയത്തിലേക്ക് റൊമാനിയയെ നയിച്ചത്.

അന്താരാഷ്ട്ര ടി20 യില്‍ റണ്ണടിസ്ഥാനത്തില്‍ ഉയര്‍ന്ന വിജയം സ്വന്തമാക്കിയിരിക്കുകയാണ് റൊമാനിയന്‍ ദേശീയ ടീം. തുര്‍ക്കിക്കെതിരെ റൊമാനിയ വമ്പന്‍ ജയം സ്വന്തമാക്കിയതോടെ 12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശ്രീലങ്ക സ്വന്തമാക്കിയ റെക്കോര്‍ഡ് പഴങ്കഥയായി. തുര്‍ക്കിക്കെതിരെയുള്ള മത്സരത്തില്‍ 173 റണ്‍സിന്റെ വമ്പന്‍ ജയം സ്വന്തമാക്കിയാണ് ടി20 യിലെ തകര്‍പ്പന്‍ റെക്കോര്‍ഡ് റൊമാനിയയുടെ പേരിലായത്.

2007 ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന പ്രഥമ ടി20 ലോകകപ്പില്‍ ശ്രീലങ്ക, കെനിയക്കെതിരെ നേടിയ 172 റണ്‍സാണ് നേടിയത്. അതിന് ശേഷം കഴിഞ്ഞ ദിവസമാണ് ഈ റെക്കോര്‍ഡ് റൊമാനിയ സ്വന്തം അക്കൗണ്ടിലാക്കിയത്. റൊമാനിയ കപ്പില്‍ തുര്‍ക്കിക്കെതിരെ നടന്ന പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത റൊമാനിയ 20 ഓവറില്‍ 226/6 എന്ന കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കിയതിന് ശേഷം എതിരാളികളെ ചെറിയ സ്‌കോറില്‍ പുറത്താക്കിയായിരുന്നു റെക്കോര്‍ഡ് ബുക്കിലേക്ക് കുതിച്ചെത്തിയത്.

അതേ സമയം ഇന്ത്യന്‍ വംശജനും, സോഫ്റ്റ്വെയര്‍ എഞ്ചിനീയറും കൂടിയായ ശിവകുമാര്‍ പെരിയാള്‍വറായിരുന്നു റെക്കോര്‍ഡ് വിജയത്തിലേക്ക് റൊമാനിയയെ നയിച്ചത്. റൊമാനിയ റെക്കോര്‍ഡ് വിജയം സ്വന്തമാക്കിയ മത്സരത്തില്‍ 40 പന്തില്‍ നിന്ന് 105 റണ്‍സാണ് ശിവകുമാര്‍ അടിച്ചെടുത്തത്. തമിഴ്‌നാടിലെ ശിവകാശി സ്വദേശിയായ ശിവകുമാര്‍ പെരിയാള്‍വര്‍, റൊമാനിയന്‍ ഇന്നിംഗ്‌സിന്റെ അവസാന ഓവറിലായിരുന്നു ശതകം തികച്ചത്.

This post was last modified on August 31, 2019 12:20 pm