X

പാകിസ്താന്‍ ലോകത്തെ ഏറ്റവും ‘അപകടകാരി’യായ രാജ്യമെന്ന് യുഎസ് മുന്‍ വിദേശകാര്യ സെക്രട്ടറി

"ലോകത്തെ ഏറ്റവും വലിയ ആണവായുധപ്പുരകളിലൊന്നിനെ ഭീകരരുടെ കയ്യിലേക്ക് വിട്ടുകൊടുക്കാനാകില്ല".

പാകിസ്താന്‍ ലോകത്തെ ഏറ്റവും അപകടകാരിയായ രാജ്യമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി ജയിംസ് മാറ്റിസ്. സൈനിക സേവന കാലത്തേയും ട്രംപ് ഗവണ്‍മെന്റിലെ പ്രവര്‍ത്തന കാലത്തേയും തന്റെ അനുഭവം വച്ചാണ് ഇക്കാര്യം പറയുന്നത് എന്ന് ജയിംസ് മാറ്റിസ് പറഞ്ഞു. സമൂഹത്തിലെ തീവ്രവാദപ്രവര്‍ത്തനങ്ങളും ആണവായുധങ്ങളും വച്ച് നോക്കുമ്പോള്‍ ഇത്തരത്തിലാണ് കാണേണ്ടത് എന്ന് മാറ്റിസ് അഭിപ്രായപ്പെട്ടു. മാറ്റിസിന്റെ ആത്മകഥയായ “Call Sign Chaos”ലാണ് ഇക്കാര്യം പറയുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജനുവരിയിലാണ് മാറ്റിസ് വിദേശകാര്യ സെക്രട്ടറി സ്ഥാനം രാജി വച്ചത്.

പാകിസ്താന്‍ ഇന്ത്യയോടുള്ള ശത്രുതയില്‍ കേന്ദ്രീകരിച്ച് മുന്നോട്ടുപോകുന്നതിനെ ജയിംസ് മാറ്റിസ് വിമര്‍ശിച്ചു. പാകിസ്താന്റെ അഫ്ഗാനിസ്താന്‍ നയം രൂപപ്പെടുത്തുന്നതിലും ഇന്ത്യയോടുള്ള ശത്രുത പ്രധാന പങ്ക് വഹിച്ചു. ഇന്ത്യയുടെ സ്വാധീനമില്ലാത്ത ഗവണ്‍മെന്റ് അഫ്ഗാനിസ്താനിലുണ്ടാകുന്നതാണ് പാകിസ്താന്‍ താല്‍പര്യപ്പെടുന്നത്. പാകിസ്താനും അഫ്ഗാനിസ്താനും ദക്ഷിണേഷ്യയവുമായും ബന്ധപ്പെട്ട് നീണ്ട നയതന്ത്ര പ്രവര്‍ത്തന ചരിത്രമാണ് ജയിംസ് മാറ്റിസിനുള്ളത്. അഫ്ഗാനിസ്താനിലെ യുഎന്‍ മറൈന്‍ കോര്‍പ്‌സിന്റെ കമാന്‍ഡര്‍ ആയിരുന്നു ജയിംസ് മാറ്റിസ്. പിന്നീട് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ചീഫ് ആയും പ്രതിരോധ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.

മറ്റ് രാജ്യങ്ങളുമായി വച്ച് നോക്കുമ്പോള്‍ ഏറ്റവും അപകടകാരി പാകിസ്താനാണ് എന്നാണ് തോന്നിയിട്ടുള്ളത്. ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന, വലിയ ആണവായുധപ്പുരകളിലൊന്നിനെ ഭീകരരുടെ കയ്യിലേക്ക് വിട്ടുകൊടുക്കാനാകില്ല – ജയിംസ് മാറ്റിസ് പറഞ്ഞു. പാകിസ്താനെ അത്ര വിശ്വാസമില്ലാത്തത് കൊണ്ടാണ് പാക് ഗവണ്‍മെന്റിനെ അറിയിക്കാതെ ബിന്‍ ലാദനെ വധിക്കാനുള്ള നേവി സീല്‍ ഓപ്പറേഷന്‍ നടത്തിയത് എന്നും മാറ്റിസ് പറഞ്ഞു.

This post was last modified on September 4, 2019 11:12 am