X

വിഭജന കാലത്ത് അടച്ചു പൂട്ടിയ 1,000 വര്‍ഷത്തിലേറെ പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം ആരാധനയ്ക്കായി പാക്കിസ്താന്‍ തുറന്നുകൊടുത്തു

പാകിസ്ഥാനിലെ പഞ്ചാബിലെ സിയാല്‍ കോട്ടിലാണ് ‘ഷവാല തേജ സിംഗ് ക്ഷേത്രം’ സ്ഥിതി ചെയ്യുന്നത്

ഇന്ത്യ-പാകിസ്ഥാന്‍ വിഭജന കാലത്ത് പാക്കിസ്ഥാന്‍ അടച്ചു പൂട്ടിയ ക്ഷേത്രം വീണ്ടും തുറന്നു. പാകിസ്ഥാനിലെ പഞ്ചാബിലെ സിയാല്‍ കോട്ടിലാണ് ‘ഷവാല തേജ സിംഗ് ക്ഷേത്രം’ ഉള്ളത്. പ്രാദേശിക ഹിന്ദു സമൂഹത്തിന്റെ ആവശ്യപ്രകാരമാണ് ക്ഷേത്രം തുറക്കാന്‍ തീരുമാനിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

വിഭജന സമയത്ത് അടച്ചിട്ടതാണ് സര്‍ദാര്‍ തേജസിങ് നിര്‍മിച്ച ഈ ക്ഷേത്രം. റാഷിദ് നിയാസിന്റെ ‘ഹിസ്റ്ററി ഓഫ് സിയാല്‍കോട്ട്’ എന്ന പുസ്തകത്തില്‍ ലാഹോറില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള നഗരത്തിലെ തിരക്കേറിയ ധരോവല്‍ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന് 1,000 വര്‍ഷത്തിലേറെ പഴക്കമുണ്ടെന്ന് പറയുന്നു.

പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ പുണ്യസ്ഥലങ്ങൾ നോക്കി നടത്താന്‍ നിയോഗിച്ചിട്ടുള്ള ഇവാക്യൂ ട്രസ്റ്റ് പ്രോപ്പർട്ടി ബോർഡാണ് (ഇടിപിബി) ക്ഷേത്രം ഭക്തര്‍ക്കായി തുറന്നുകൊടുത്തത്. ‘മുന്‍പ് നഗരത്തില്‍ ഹിന്ദുക്കള്‍ താമസിച്ചിരുന്നില്ലെന്നും, ആരാധനകളൊന്നും നടക്കാതിരുന്നതിനാലാണ് ക്ഷേത്രം ഇത്രയുംകാലം അടച്ചിട്ടതെന്നും’ ഇടിപിബി വക്താവ് അമീർ ഹാഷ്മി പറഞ്ഞു.

ഹിന്ദുത്വ തീവ്രവാദികള്‍ 1992-ല്‍ ബാബറി മജിദ്‌ തകര്‍ത്തതിന് മറുപടിയായി ക്ഷേത്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഷവാല തേജ സിംഗ് ക്ഷേത്രത്തിനും ഭാഗികമായി കേടുപാടുകൾ സംഭവിച്ചിരുന്നു. ബോർഡ് ചെയർമാൻ ഡോ. അമീർ അഹമ്മദിന്റെ നിർദേശപ്രകാരം ഇടിപിബി ക്ഷേത്രത്തിന്‍റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തിവരികയാണെന്ന് അമീർ ഹാഷ്മി വ്യക്തമാക്കി.

ക്ഷേത്രത്തിന്റെ പുനരുദ്ധാരണ ഉടൻ തന്നെ പൂർത്തിയാക്കുമെന്ന് ഇടിപിബി ഡെപ്യൂട്ടി ഡയറക്ടർ ഫ്രാസ് അബ്ബാസ് പറയുന്നു. ‘വിഭജനത്തിനുശേഷം ഇതാദ്യമായാണ് ക്ഷേത്രം ആരാധനയ്ക്കായി തുറക്കുന്നത്. രണ്ടായിരത്തോളം ഹിന്ദുക്കൾ ഈ പ്രദേശത്ത് താമസിക്കുന്നുണ്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള ആരാധനാലയം സന്ദർശിക്കാന്‍ സാധിക്കുന്നതില്‍ അവർ സന്തുഷ്ടരാണ്. ഇപ്പോൾ തന്നെ ധാരാളം ഹിന്ദുക്കൾ ക്ഷേത്രം സന്ദർശിക്കുന്നുണ്ട്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള ഹിന്ദുക്കളും ക്ഷേത്രം സന്ദർശനത്തിനായി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍ നിന്നു വരുന്നവര്‍ക്കും ഈ ക്ഷേത്രം കാണാന്‍ സാഹചര്യമൊരുക്കും’ അബ്ബാസ് പറഞ്ഞു.

ക്ഷേത്രം ന്യൂനപക്ഷ സമുദായത്തിനായി തുറന്നുകൊടുക്കാനുള്ള സർക്കാർ നടപടിയെ പ്രാദേശിക ഹിന്ദു നേതാക്കളായ റട്ടാൻ ലാലും റുമൈഷ് കുമാറും സ്വാഗതം ചെയ്തു. പാകിസ്ഥാനിലെ ഏറ്റവും വലിയ ന്യൂനപക്ഷ സമുദായമാണ് ഹിന്ദുക്കൾ. ഔദ്യോഗിക കണക്കനുസരിച്ച് 75 ലക്ഷം ഹിന്ദുക്കൾ പാകിസ്ഥാനിൽ താമസിക്കുന്നു. അതില്‍ ഭൂരിഭാഗവും സിന്ധ് പ്രവിശ്യയിലാണ് ഉള്ളത്. മുസ്ലിംഗളുമായി ഇടപഴകി ഒരേ സംസ്കാരവും, പാരമ്പര്യങ്ങളും, ഭാഷയും പങ്കുവെച്ചാണ് സിന്ധിലെ ജനത ജീവിക്കുന്നത്.