X

ഹാഫിസ് സയ്യീദിനെതിരെ പാകിസ്താന്‍ നടപടി, കണ്ണില്‍ പൊടിയിടാനെന്ന് ഇന്ത്യ

ജൂൺ 28 മുതൽ 29 വരെ ജപ്പാനിലെ ഒസാക്കയില്‍ നടന്ന ജി-20 ഉച്ചകോടിയിൽ ‘ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സി’ന് പ്രഥമ പരിഗണന നല്‍കുന്നതായി പ്രഖ്യാപിച്ചിരുന്നു

മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരന്‍ ഹാഫിസ് സയീദിനും 12 അനുയായികള്‍ക്കുമെതിരെ പാക്കിസ്ഥാന്‍ തീവ്രവാദക്കുറ്റം ചുമത്തി. ഈ ഭീകരവാദികളെ ഉടന്‍ അറസ്റ്റു ചെയ്യുമെന്ന് പാക് പഞ്ചാബ് പൊലീസ് വക്താവ് നിയാബ് ഹൈദര്‍ നഖ്‌വി പറഞ്ഞു. എന്നാല്‍, ഈ നീക്കം മുഖം മിനുക്കല്‍ നടപടി മാത്രമാണെന്നും, അങ്ങിനെയൊന്നും അന്താരാഷ്ട്ര സമൂഹത്തെ കബളിപ്പിക്കാന്‍ കഴിയില്ലെന്നും ഇന്ത്യ പ്രതികരിച്ചു.

എന്തുകൊണ്ടാണ് സയീദിനെയും മറ്റുള്ളവരെയും ഇത്രകാലവും അറസ്റ്റു ചെയ്യാതിരുന്നത് എന്ന ചോദ്യത്തിന് ‘ഒരാള്‍ ആരോപണ വിധേയനാണെന്ന് കണ്ടെത്തിയാല്‍ ആദ്യം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നും പിന്നീടാണ് അവരെ അറസ്റ്റു ചെയ്യുകയെന്നും’ നഖ്‌വി പറഞ്ഞു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം ചെയ്തുവെന്ന് ആരോപിച്ച് നിരോധിത സംഘടനകളിലെ നിരവധി അംഗങ്ങളെ ഇതിനകംതന്നെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും, തീവ്രവാദ വിരുദ്ധ കോടതികൾ അവര്‍ക്ക് തടവ്ശിക്ഷ വിധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സയീദ്‌ ലാഹോറിലെ ജൌഹര്‍ പട്ടണത്തിലുള്ള വസതിയില്‍തന്നെയുണ്ടെന്നാണ് കരുതുന്നത്.

എന്നാല്‍, പാകിസ്ഥാന്‍റെ ഈ നീക്കങ്ങളിൽ ഇന്ത്യ വില കല്‍പ്പിക്കുന്നില്ല. തീവ്രവാദ ഗ്രൂപ്പുകൾക്കെതിരെ നടപടിയെടുക്കുന്നതിൽ അന്താരാഷ്ട്ര സമൂഹത്തെ വഞ്ചിക്കാനാണ് പാകിസ്ഥാൻ ശ്രമിക്കുന്നതെന്നും, ഇത് മുഖം മിനുക്കല്‍ പരിപാടി മാത്രമാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ പറഞ്ഞു.

ട്രസ്റ്റുകളുടെയോ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനകളുടെയോ പേരിൽ തീവ്രവാദ ധനസഹായത്തിനായി ഫണ്ട് ശേഖരിക്കുന്നുവെന്നാണ് പാക് പഞ്ചാബ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. അതിന്‍റെ അടിസ്ഥാനത്തിലാണ് ലാഹോർ, ഗുജ്‌റൻവാല, മുൾട്ടാൻ എന്നിവിടങ്ങളിൽ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സയീദിനെ കൂടാതെ ജമാഅത്-ഉദ്-ദഅവ-യുടേയും ലഷ്കര്‍-ഇ-ത്വൈബ-യുടേയും പല നേതാക്കള്‍ക്കെതിരെയും കേസേടുത്തിട്ടുണ്ട്. സയീദിന്‍റെ സഹായികളായ അബ്ദുൾ റഹ്മാൻ മക്കി, മാലിക് സഫർ ഇക്ബാൽ, അമീർ ഹംസ, മുഹമ്മദ് യഹ്‌യ അസീസ്, മുഹമ്മദ് നയീം, മൊഹ്‌സിൻ ബിലാൽ, അബ്ദുൾ റഖീബ്, അഹ്മദ് ദുആദ്, മുഹമ്മദ് അയ്യൂബ്, അബ്ദുല്ല ഉബൈദ്, മുഹമ്മദ് അലി, അബ്ദുൽ ഗഫ് എന്നിവരും അതില്‍ ഉള്‍പ്പെടുന്നു.

ജൂൺ 28 മുതൽ 29 വരെ ജപ്പാനിലെ ഒസാക്കയില്‍ നടന്ന ജി-20 ഉച്ചകോടിയിൽ ‘ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സി’ന് പ്രഥമ പരിഗണന നല്‍കുന്നതായി പ്രഖ്യാപിച്ചിരുന്നു. അതില്‍ മാനദണ്ഡങ്ങൾ ഫലപ്രദമായി നടപ്പാക്കണമെന്ന് ആഹ്വാനം ചെയ്തതിന് ശേഷമാണ് പാകിസ്ഥാന്‍റെ ഈ നീക്കം.

Read More: കുഴിമടിയന്മാരായ ബഡക്കൂസുകൾക്ക് പറ്റിയ സാഹിത്യപ്പണി ചെയ്ത സുൽത്താൻ: ഇന്ന് ബഷീറിന്റെ 25ാം ചരമവാർഷികം

This post was last modified on July 5, 2019 9:26 am