X

പാരീസിലെ റിറ്റ്‌സ് ഹോട്ടലില്‍ വന്‍ കവര്‍ച്ച; 40 കോടി രൂപയുടെ ആഭരണങ്ങള്‍ മോഷ്ടിച്ചു

ഈജിപ്ഷ്യന്‍ കോടീശ്വരനായ മുഹമ്മദ് അല്‍ ഫയദിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ് പാരീസ് റിറ്റ്‌സ് ഹോട്ടല്‍. 1997 ഓഗസ്റ്റില്‍ ഈ ഹോട്ടലില്‍ നിന്നും ഫയദിന്റെ പുത്രന്‍ ഡോഡിയോടൊപ്പം ഇറങ്ങിയപ്പോഴാണ് ഡയാന രാജകുമാരി അപകടത്തില്‍ മരിച്ചത്.

പാരീസിലെ റിറ്റ്‌സ് ഹോട്ടലില്‍ നടന്ന കവര്‍ച്ചയില്‍ 4.5 ദശലക്ഷം യൂറോ (ഏകദേശം 40 കോടി രൂപ) വിലവരുന്ന ആഭരണങ്ങള്‍ മോഷണം പോയി. മുഖംമൂടി ധരിച്ച അഞ്ച് പേര്‍ തോക്കുകളും കോടാലികളും കത്തികളും കാട്ടി അതിഥികളെ വിരട്ടിയതിന് ശേഷമായിരുന്നു മോഷണം നടത്തിയത്. മോഷണത്തിന് ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച മോഷ്ടാക്കളില്‍ മൂന്ന് പേരെ ഹോട്ടലിന് പുറത്തുണ്ടായിരുന്ന പൊലീസ് പിടികൂടി. ബാക്കി രണ്ടുപേര്‍ ഹോട്ടലിന്റെ പിന്‍ഭാഗത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറില്‍ കയറി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ബുധനാഴ്ച വൈകീട്ട് ആറരയോടെയാണ് മോഷ്ടാക്കള്‍ റിറ്റ്‌സ് ഹോട്ടലില്‍ പ്രവേശിച്ചതെന്ന് ഫ്രഞ്ച് പൊലീസ് അറിയിച്ചു. ഹോട്ടലില്‍ ആഭരണങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്ന കണ്ണാടി ജനാലകള്‍ കോടാലി ഉപയോഗിച്ച് അടിച്ച് തകര്‍ത്തതിന് ശേഷം അത് ബാഗില്‍ നിറയ്ക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. ഹോട്ടലിലെ ഹെമിംഗ്‌വേ ബാറില്‍ ഉണ്ടായിരുന്ന അതിഥികളോട് തറയില്‍ കമഴ്ന്നുകിടക്കാന്‍ ഹോട്ടല്‍ ജീവനക്കാര്‍ നിര്‍ദ്ദേശിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. മറ്റ് അതിഥികള്‍ ഹോട്ടലിന്റെ അടുക്കളയില്‍ അഭയം തേടുകയായിരുന്നു. റോഡില്‍ വലിയ ബഹളവും കോലാഹലങ്ങളും കേട്ടതായി ഹോട്ടലിലെ ജീവനക്കാര്‍ എഎഫ്പിയോട് പറഞ്ഞു. പത്ത് റൗണ്ട് വെടിശബ്ദം കേട്ടുവെന്നും ഹോട്ടലിലെ ഒരു ജീവനക്കാരന് പരിക്കേറ്റു എന്നുമാണ് ദൃക്‌സാക്ഷികള്‍ പറയുന്നതെങ്കിലും ആര്‍ക്കെങ്കിലും പരിക്കേറ്റു എന്ന വാര്‍ത്ത പോലീസ് നിഷേധിച്ചു.

എത്ര തുക വിലയുള്ള ആഭരണങ്ങളാണ് മോഷണം പോയതെന്ന് കൃത്യമായി തിട്ടപ്പെടുത്താന്‍ സാധിച്ചിട്ടില്ലെന്നും നിരവധി ദശലക്ഷം യൂറോ വരുമെന്നുമാണ് ഫ്രഞ്ച് പോലീസ് പറയുന്നതെന്നാണ് ഗാര്‍ഡിയന്റെ റിപ്പോര്‍ട്ട്. ആക്രമണ സമയത്ത് പ്രമുഖ ഫ്രഞ്ച് എഴുത്തുകാരനായ ഫെഡറിക് ബേഗ്‌ബേഡറും ഹെമിംഗ്വേ ബാറില്‍ മദ്യപിക്കുന്നുണ്ടായിരുന്നു. ഹോട്ടലിന്റെ നിലവറയിലാണ് താന്‍ അഭയം നേടിയതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഈജിപ്ഷ്യന്‍ കോടീശ്വരനായ മുഹമ്മദ് അല്‍ ഫയദിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ് പാരീസ് റിറ്റ്‌സ് ഹോട്ടല്‍. 1997 ഓഗസ്റ്റില്‍ ഈ ഹോട്ടലില്‍ നിന്നും ഫയദിന്റെ പുത്രന്‍ ഡോഡിയോടൊപ്പം ഇറങ്ങിയപ്പോഴാണ് ഡയാന രാജകുമാരി അപകടത്തില്‍ മരിച്ചത്. ഹോട്ടല്‍ കെട്ടിടത്തിലുള്ള ആഡംബര കടകളില്‍ മോഷണം സ്ഥിരമായതിനെ തുടര്‍ന്ന് 2014ല്‍ ഇവിടുത്തെ സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു. എന്നാല്‍ 2016 ഒക്ടോബറില്‍ യുഎസ് ടെലിവിഷന്‍ താരമായ കിം കഡേഴ്‌സണിന്റെ പത്ത് ദശലക്ഷം യൂറോ വിലപിടിപ്പുള്ള ആഭരണങ്ങള്‍ മോഷ്ടിക്കപ്പെട്ടതും ഇവിടെ വച്ചാണ്.

This post was last modified on January 11, 2018 6:01 pm