X

ഞാനാണ് പ്രസിഡന്റെങ്കില്‍ ഫസലുള്ളയ്ക്ക് പകരം അഫ്രീദിയെ അമേരിക്കക്ക് കൊടുത്തേനെ: മുഷറഫ്

യുഎസിലെ വളരെ സെന്‍സിറ്റീവായ ഒരു പ്രശ്‌നത്തില്‍ ഒരു യുഎസ് പൗരന്‍ ഐഎസ്‌ഐയ്ക്ക് വേണ്ടി ഇത്തരത്തില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ - നിങ്ങള്‍ അത് അനുവദിക്കുമോ? ഫസലുള്ള അഫ്ഗാനിസ്ഥാനിലുണ്ടെന്ന് യുഎസിനും അറിയാം എന്നാണ് ഞാന്‍ കരുതുന്നത് - മുഷറഫ് പറഞ്ഞു.

താനാണ് ഇപ്പോള്‍ പാകിസ്ഥാന്‍ പ്രസിഡന്റ് എങ്കില്‍ തെഹ്രികി താലിബാന്‍ പാകിസ്ഥാന്‍ (ടിടിപി) നേതാവായ മുല്ല ഫസലുള്ളയെ പകരം വാങ്ങി, പാകിസ്ഥാന്‍ ജയിലിലുള്ള ഡോ.ഷാകില്‍ അഫ്രീദിയെ വിട്ടുകൊടുത്തേനെ എന്ന് ജനറല്‍ പര്‍വേസ് മുഷറഫ്. വോയ്‌സ് ഓഫ് അമേരിക്ക ചാനലിലെ ഗ്രെറ്റ വാന്‍ സസ്റ്ററന് നല്‍കിയ മറുപടിയിലാണ് മുഷറഫ് മനസ് തുറന്നത്. അമേരിക്കയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം നിലവില്‍ ഏറ്റവും മോശമായ അവസ്ഥയിലാണെന്നും മുഷറഫ് പറഞ്ഞു. ഒരു ഡീല്‍ ഉണ്ടാക്കുന്നതിലൂടെ മാത്രമേ ഇത് ശരിയാക്കാനാകൂ. ഒരു ഡീല്‍ എന്ന് പറയുന്നത് അങ്ങോട്ടും ഇങ്ങോട്ടുമുള്ളതാണ് – Give and Take – മുഷറഫ് പറഞ്ഞു. 2011ല്‍ പാകിസ്ഥാനിലെ അബോട്ടാബാദില്‍ ബിന്‍ ലാദന്‍ ഒളിച്ച് താമസിച്ചിരുന്ന സ്ഥലം കണ്ടെത്താന്‍ സിഐഎയെ സഹായിച്ചത് ഡോ.അഫ്രീദിയായിരുന്നു.

യുഎസില്‍ ഒരു ഹീറോ ആയി പരിഗണിക്കപ്പെടുന്ന അഫ്രീദിയുടെ ജയില്‍ മോചനത്തിനും അദ്ദേഹത്തെ യുഎസില്‍ എത്തിക്കുന്നതിനുമായി ശ്രമം തുടരുകയാണ് എന്നാണ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ കഴിഞ്ഞ ദിവസം കോണ്‍ഗ്രസിനെ അറിയിച്ചത്. അതേസമയം അഫ്രീദിയ തടവിലാക്കിയ പാകിസ്ഥാന്റെ നടപടിയെ മുഷറഫ് ന്യായീകരിച്ചു. ഓരോ രാജ്യത്തിനും അതിന്റെ താല്‍പര്യം സംരക്ഷിക്കുന്ന വിധം നയങ്ങള്‍ രൂപീകരിക്കേണ്ടതുണ്ട് എന്ന് മുഷറഫ് പറഞ്ഞു. പാകിസ്ഥാന്റെ സ്ഥാനത്ത് യുഎസ് ആയിരുന്നെങ്കില്‍ ഇങ്ങനെ തന്നെ ചെയ്യുമായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യുഎസിലെ വളരെ സെന്‍സിറ്റീവായ ഒരു പ്രശ്‌നത്തില്‍ ഒരു യുഎസ് പൗരന്‍ ഐഎസ്‌ഐയ്ക്ക് വേണ്ടി ഇത്തരത്തില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ – നിങ്ങള്‍ അത് അനുവദിക്കുമോ? ഫസലുള്ള അഫ്ഗാനിസ്ഥാനിലുണ്ടെന്ന് യുഎസിനും അറിയാം എന്നാണ് ഞാന്‍ കരുതുന്നത് – മുഷറഫ് പറഞ്ഞു. ഇസ്ലാമബാദിന്റെ പ്രശ്‌നങ്ങള്‍ വാഷിംഗ്ടണ്‍ മനസിലാക്കണം. അതുപോലെ ഹഖാനി ഭീകര ശൃംഘലയെക്കുറിച്ചുള്ള അമേരിക്കയുടെ പരാതികള്‍ പാകിസ്ഥാന്‍ ഗൗരവപൂര്‍വം കാണണം. ഈ പ്രശ്‌നങ്ങള്‍ക്ക് ചര്‍ച്ചയിലൂടെയേ പരിഹാരം കാണാനാകൂ. അഫ്ഗാനിസ്ഥാനില്‍ ഭീകരാക്രമണങ്ങള്‍ നടത്തുന്നതിനായി പാകിസ്ഥാനില്‍ ഹഖാനി നെറ്റ്‌വര്‍ക്കിന് സൗകര്യമൊരുക്കുന്ന എന്ന ആരോപണമുന്നയിച്ച യുഎസ് പാകിസ്ഥാനുള്ള സാമ്പത്തിക സഹായം വെട്ടിച്ചരുക്കിയിരുന്നു.

വോയ്സ് ഓഫ് അമേരിക്ക വീഡിയോ:

This post was last modified on May 26, 2018 4:05 pm