X

എന്തെങ്കിലും ചെയ്യൂവെന്ന് ലോകത്തോട് മാര്‍പാപ്പയും; മെഡിറ്ററേനിയന്‍ കടലാഴത്തില്‍ അവസാനിക്കുന്ന അഭയാര്‍ത്ഥി ജീവിതങ്ങളുടെ എണ്ണം പെരുകുന്നു

അടുത്ത സമയങ്ങളില്‍ നടന്ന രണ്ട് ബോട്ടപകടങ്ങളിലായി 170 ഓളം അഭയാര്‍ത്ഥികളെയാണ് മെഡിറ്ററേനിയന്‍ കടലില്‍ കാണാതായത്

അടുത്ത സമയങ്ങളില്‍ നടന്ന രണ്ട് ബോട്ടപകടങ്ങളിലായി 170 ഓളം അഭയാര്‍ത്ഥികളെയാണ് മെഡിറ്ററേനിയന്‍ കടലില്‍ കാണാതായത്. ഇത് ആദ്യത്തെ സംഭവമൊന്നുമല്ല. ഓരോ വര്‍ഷവും നിരവധി ബോട്ടപടകങ്ങളിലായി അനേകം രാജ്യങ്ങളില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ ഈ കടല്‍ വിഴുങ്ങിയിട്ടുണ്ട്. മെഡിറ്ററേനിയന്‍ കടലില്‍ ഓരോ ദിവസവും കൂടുതല്‍ കുടിയേറ്റക്കാര്‍ അപകടപ്പെടുന്ന പശ്ചാത്തലത്തില്‍ ഈ വിഷയത്തില്‍ ആലോചനാപൂര്‍വം നടപടികള്‍ കൈക്കൊള്ളാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തോട് ആവശ്യപ്പെട്ടു. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടന്ന ഞായറാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷമാണ് അഭയാര്‍ത്ഥികള്‍ പെടുന്ന ദുരന്തങ്ങളില്‍ തനിക്കുള്ള ദുഃഖം മാര്‍പാപ്പ ലോകത്തെ അറിയിച്ചത്. അപകടങ്ങളില്‍ കാണാതായവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നതായും ഈ വിഷയത്തില്‍ ഇടപെടാന്‍ ലോകത്തെമ്പാടുമുള്ള വിശ്വാസി സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുന്നതായും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.

ഓരോ വര്‍ഷം ചെല്ലുന്തോറും ഈ കടല്‍ ഭീതിയുടെ ചുഴികളായി മാറുകയാണെന്നു ദി ഗാര്‍ഡിയനും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ലിബിയയില്‍ നിന്നും മൊറോക്കോവില്‍ നിന്നുമുള്ള കുടിയേറ്റക്കാരയെയാണ് ഈ അടുത്ത ദിവസങ്ങളില്‍ നടന്ന രണ്ട് അപകടങ്ങളിലുമായി കാണാതായത്. ‘യാത്ര തുടങ്ങി ഏതാണ്ട് പത്തോ, പതിനൊന്നോ മണിക്കൂറുകള്‍ കഴിഞ്ഞു കാണും, നടുക്കടലാണ്, പെട്ടെന്നാണ് ബോട്ട് മറിയാന്‍ തുടങ്ങുന്നത് ആളുകള്‍ നിലവിളിച്ചു, ശ്വാസത്തിനായി കൈകാലിട്ടടിച്ചു, 10 സ്ത്രീകളും രണ്ട് കുട്ടികളുമുള്‍പ്പടെ ഞങ്ങളുടെ സംഘത്തില്‍ 120 പേരുണ്ടായിരുന്നു. ഇതില്‍ ഒരു കുഞ്ഞിന് രണ്ട് മാസം മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ; അപകടത്തില്‍ നിന്ന് അതിസാഹസികമായി രക്ഷപ്പെട്ട മൂന്നു പേരും നെടുവീര്‍പ്പുകളോടെയാണ് കുടിയേറ്റക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളോട് ദുരന്തം വിതച്ച ആ കടല്‍ യാത്രയെ കുറിച്ച് പറഞ്ഞത്.

ബോട്ട് മുങ്ങിക്കൊണ്ടിരിക്കുന്നത് വെള്ളിയാഴ്ച ഇറ്റാലിയന്‍ സൈന്യത്തിന്റെ ശ്രദ്ധയില്‍ പെട്ടതോടെയാണ് വാര്‍ത്ത പുറം ലോകം അറിയുന്നത്. സൈന്യം അപ്പോള്‍ തന്നെ രക്ഷിക്കാനായി തുനിഞ്ഞിറങ്ങിയെങ്കിലും വാഹനത്തിന്റെ ഇന്ധനം തീര്‍ന്നതിനാല്‍ കൂടുതല്‍ ആളുകളെ രക്ഷിക്കാനായില്ല. ഒരു നേവല്‍ ഹെലികോപ്റ്റര്‍ മുങ്ങിക്കൊണ്ടിരിക്കുന്ന മൂന്നു പേരെ അതിസാഹസികമായി രക്ഷിച്ചെടുത്തു. തണുത്ത് മരവിച്ചു തുടങ്ങിയിരുന്ന അവരെ അടിയന്തിര വൈദ്യപരിശോധനകള്‍ക്ക് വിധേയരാക്കി. രക്ഷാപ്രവര്‍ത്തനം നടക്കുന്ന സമയത്ത് തന്നെ മൂന്നുപേരുടെ ശവശരീരങ്ങള്‍ ലഭിച്ചു. തങ്ങള്‍ ലിബിയയിലെ ഗസാര്‍ ഗെറാബുള്ളിയില്‍ നിന്നും പുറപ്പെട്ടവരാണെന്നു രക്ഷപ്പെട്ടവര്‍ സൈന്യത്തോട് വെളിപ്പെടുത്തി.

53 കുടിയേറ്റക്കാരുമായി മൊറോക്കോവില്‍ നിന്നും പുറപ്പെട്ട ഒരു ബോട്ടും ഏതാണ്ട് ഇതേ സമയത്ത് തന്നെ മെഡിറ്ററേനിയന്‍ കടലില്‍ അപകടപ്പെട്ടിരുന്നു. മെഡിറ്ററേനിയന്റെ പടിഞ്ഞാറു ഭാഗത്തെ ആല്‍ബോറാന്‍ കടലില്‍ വെച്ചാണ് ബോട്ട് മറിഞ്ഞതെന്നും അപകടത്തില്‍ നിന്ന് സാഹസികമായി രക്ഷപ്പെട്ട ഒരാള്‍ പറഞ്ഞതായി ഒരു സ്പാനിഷ് എന്‍ജിഒ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏകദേശം 170 പേരെ കടലില്‍ കാണാതാകുകയോ, മരിക്കുകയോ ചെയ്തിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണങ്ങളുടെ വെളിച്ചത്തില്‍ ഐക്യരാഷ്ട്രസഭ ഔദ്യോഗികമായി അറിയിച്ചു.

മെഡിറ്ററേനിയന്‍ കടലില്‍ കുടിയേറ്റക്കാരുടെ വാഹനങ്ങള്‍ അപകടത്തില്‍ പെടുന്ന സംഭവങ്ങള്‍ പതിവായതോടെ ലോകത്തിന്റെ വിവിധ കോണിലുള്ളവര്‍ ഈ പ്രശ്‌നം അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ പഠിക്കാന്‍ ആവിശ്യപ്പെടുന്നുണ്ട്. തുറമുഖം വീണ്ടും തുറന്നുകൊടുക്കുന്നത് കൂടുതല്‍ ആളുകളുടെ മരണത്തിലെ കലാശിക്കൂ എന്ന് ഇറ്റാലിയന്‍ ആഭ്യന്തര മന്ത്രി മറ്റിയോ സാല്വിനി ഫേസ്ബുക്കില്‍ കുറിച്ചു. ഇനിയെങ്കിലും അടിയന്തിരനടപടികള്‍ കൈക്കൊണ്ട മതിയാകൂ പുതുവര്‍ഷം തുടങ്ങിയിട്ട് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഏതാണ്ട് 4449 പേരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി യൂറോപ്പിലേക്ക് കുടിയേറിയത്. ഇവരില്‍ ഭൂരിഭാഗം പേരും കടല്‍ മാര്‍ഗമാണ് സഞ്ചരിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം 2297 പേരെ മെഡിറ്ററേനിയന്‍ കടലില്‍ കാണാതായിരുന്നു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 2019 കുടിയേറ്റത്തിന്റെ നിരക്ക് താരതമ്യേനെ കൂടുതലായിരിക്കുമെന്നാണ് വിദഗ്ദര്‍ കണക്കുകൂട്ടുന്നത്. അതിനാല്‍ തന്നെ ഈ വിഷയത്തിലോ അധികൃതരുടെ അടിയന്തിര ശ്രദ്ധയും പരിഗണനയും ആവശ്യപ്പെടുകയാണ് കുടിയേറ്റക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സന്നദ്ധ സംഘടനകള്‍. ഇപ്പോള്‍മാര്‍പാപ്പയും പ്രശ്‌നത്തില്‍ ഇടപെട്ടതോടെ എന്തെങ്കിലും ഫലം ഉണ്ടാകുമെന്ന് ഏവരും പ്രതീക്ഷിക്കുന്നു.