X

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കാസ്‌ട്രോയും; കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുമെന്ന് പത്ത് ഡെമോക്രാറ്റുകള്‍

നിലവിലെ കുടിയേറ്റ നിയമം പരിഷ്കരിക്കുമെന്നും ജനങ്ങള്‍ കൂടുതലും യു.എസി-ല്‍ അഭയം തേടുന്ന സാഹചര്യം ഒരുക്കുമെന്നും കാസ്ട്രോ ഉറപ്പ് നല്‍കി.

2020-ലെ അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉദ്ദേശിക്കുന്ന പത്ത് പ്രമുഖ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥികള്‍ വിവിധ സംവാദങ്ങളില്‍ പങ്കെടുത്തു തുടങ്ങി. വിവിധ വിഷയങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ അവരുടെ അഭിപ്രായങ്ങളും നിലപാടുകളും സുവ്യക്തമാക്കും. ഇത്തരം സംവാദങ്ങളിലെ പ്രകടനങ്ങളാണ് അവരുടെ ജയപരാജയം നിര്‍ണ്ണയിക്കുന്ന പ്രധാനഘടകങ്ങളില്‍ ഒന്ന്. അഭയാര്‍ത്ഥി പ്രശ്നം, കാലാവസ്ഥാ വ്യതിയാനം, ആരോഗ്യം, തീവ്രവാദം, ലഹരി ഉപയോഗത്തിന്‍റെ വര്‍ധനവ്‌, ഇറാന്‍ പ്രതിസന്ധി തുടങ്ങിയ കാതലായ വിഷയങ്ങളിലെല്ലാം അവര്‍ അവരുടെ നിലപാടുകള്‍ വ്യക്തമാക്കുകയാണ്.

ആരോഗ്യ ഇൻഷുറൻസ് ബില്ലിനെക്കുറിച്ചാണ് മോഡറേറ്റർ ആദ്യം തന്നെ ചോദിച്ചത്. ഈ വിഷയത്തിൽ
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കുന്ന ആളാണ്‌ കോറി ബുക്കര്‍. മരുന്നുകളുടെ വില കുറയ്ക്കുമെന്ന് ട്രംപ് ആവര്‍ത്തിച്ച് പറയുന്നുണ്ടെങ്കിലും ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ലെന്ന് അവര്‍ പറഞ്ഞു. ആരോഗ്യ ഇൻഷുറൻസ് ചെലവുകള്‍ കുടുംബങ്ങള്‍ക്ക് താങ്ങാവുന്നതിലും അധികമാണെന്ന് എലിസബത്ത് വാറൻ പറയുന്നു. ആരോഗ്യ പരിരക്ഷയെന്നത് മനുഷ്യാവകാശമാണെന്ന് ട്രംപ് ഇനിയെങ്കിലും മനസ്സിലാക്കണമെന്നും അവര്‍ പറഞ്ഞു. എന്നാല്‍ സ്വകാര്യ കമ്പനികള്‍ക്ക് കൂടുതല്‍ അവസരം കൊടുക്കുന്ന നിലവിലെ ആരോഗ്യ ഇൻഷുറൻസ് ബില്‍ പര്യാപ്തമാണെന്ന നിലപാടാണ് ബെറ്റോ ഓ റൂർക്കിനുള്ളത്. അതുകൊണ്ടുതന്നെ സ്ത്രീകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതടക്കമുള്ള ചില മാറ്റങ്ങളോടെ ഇതേ ബില്‍ പുനരവതരിപ്പിക്കാമെന്നാണ് അദ്ദേഹത്തിന്‍റെ വാദം.

പ്രസിഡന്‍റായാല്‍ കുടിയേറ്റ പ്രതിസന്ധി നിങ്ങൾ എങ്ങനെ പരിഹരിക്കും എന്നതായിരുന്നു മറ്റൊരു പ്രധാന ചോദ്യം. ഹൃദയഭേദകമായ ചിത്രമാണ് അതിര്‍ത്തിയില്‍ നിന്നും ഇപ്പോള്‍ വന്നതെന്ന് പറഞ്ഞുകൊണ്ടാണ് കാസ്ട്രോ തുടങ്ങിയത്. ട്രംപിന്‍റെ നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച അദ്ദേഹം കുടിയേറ്റം അവസാനിക്കണമെങ്കില്‍ ജനങ്ങള്‍ക്ക് അവരുടെ രാജ്യത്ത് സ്വസ്ഥമായി ജീവിക്കാനുള്ള അവസരം ഉണ്ടാകണമെന്നും, അതിനായുള്ള പദ്ധതി തയ്യാറാക്കുമെന്നും പറഞ്ഞു. അതേസമയം, ആദ്യ ദിവസം തന്നെ നിലവിലെ അഭയാര്‍ത്ഥി നയം പൊളിച്ചെഴുത്തുമെന്ന് ബുക്കർ പറഞ്ഞു. യു.എസിലേക്ക് ആരെങ്കിലും വരുമ്പോള്‍ അവരുടെ മനുഷ്യാവകാശങ്ങൾ അതിർത്തിയിൽ ഉപേക്ഷിക്കേണ്ടി വരില്ലെന്നും അദ്ദേഹം ഉറപ്പു നല്‍കി.

നിലവിലെ കുടിയേറ്റ നിയമം പരിഷ്കരിക്കുമെന്നും ജനങ്ങള്‍ കൂടുതലും യു.എസി-ല്‍ അഭയം തേടുന്ന സാഹചര്യം ഒരുക്കുമെന്നും കാസ്ട്രോ ഉറപ്പ് നല്‍കി. ഈ നിലപാടിനെ പൂര്‍ണ്ണമായും ഏറ്റെടുത്ത കോറി ബുക്കര്‍ കുടിയേറ്റക്കാര്‍ ഒരിക്കലും അമേരിക്കയെ ഇല്ലാതാക്കില്ലെന്ന് അവകാശപ്പെട്ടു. എല്ലാവരും ട്രംപിന്‍റെ കുടിയേറ്റ നയത്തെ എതിര്‍ക്കുന്നുവെന്നതാണ്‌ പ്രത്യേകത. ഇറാന്‍ പ്രതിസന്ധിയിരുന്നു മറ്റൊരു പ്രധാന വിഷയം. ഒബാമ കൊണ്ടുവന്ന, ട്രംപ് അവസാനിപ്പിച്ച, ആണവ കരാര്‍ വീണ്ടും കൊണ്ടുവരുമോ എന്ന ചോദ്യത്തിന് ബുക്കര്‍ ഒഴികെയുള്ള എല്ലാവരും കൈ പൊക്കി. ട്രംപും യുദ്ധവും തമ്മില്‍ ഒരു ട്വീറ്റ് മാത്രമേ അകലമൊള്ളൂ എന്ന് പറഞ്ഞ കോറി ബുക്കര്‍ ഇറാനുമായി മെച്ചപ്പെട്ട ഒരു കരാര്‍ ഉണ്ടാക്കുമെന്ന് പറഞ്ഞു.

പാരീസ് എഗ്രിമെന്‍റ് ഒപ്പുവയക്കുക എന്നതാണ് കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ആദ്യം ചെയ്യേണ്ടതെന്ന് കാസ്ട്രോ അഭിപ്രായപ്പെട്ടു. വാഷിംഗ്ടൺ സ്റ്റേറ്റിൽ പാസാക്കിയ ക്ലീന്‍ ഇലക്ട്രിക്കൽ ഗ്രിഡ് ബിൽ അമേരിക്കയിലാകമാനം കൊണ്ടുവരുമെന്നും, പ്രചാരണത്തിലുടനീളം ‘കാലാവസ്ഥ’ പ്രഥമ ചര്‍ച്ചാ വിഷയമാക്കുമെന്നും ജെയ് ഇന്സ്ലി പറഞ്ഞു.