X

വിമാനത്തില്‍ വൈനടിച്ചതിന് സ്വീഡിഷ് സ്ത്രീയും മകളും യുഎഇയില്‍ അറസ്റ്റില്‍

ഇവരെക്കൊണ്ട് കസ്റ്റിഡിയിലിരിക്കെ നിര്‍ബന്ധിച്ച് ടോയ്‌ലറ്റ് വൃത്തിയാക്കിച്ചതായും ഭക്ഷണവും വെള്ളവും നിഷേധിച്ചതായും മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു.

ലണ്ടനില്‍ ദുബായിലേയ്ക്കുള്ള യാത്രയ്ക്കിടെ വിമാനത്തില്‍ വച്ച് വൈന്‍ കഴിച്ചു എന്ന് പറഞ്ഞ് 44കാരിയായ സ്വീഡിഷ് വനിതയേയും മകളേയും യുഎഇ അധികൃതര്‍ അറസ്റ്റ് ചെയ്തു. മൂന്ന് ദിവസം തടവില്‍ വച്ചതിന് ശേഷമാണ് വിട്ടത്. കെന്റില്‍ താമസിക്കുന്ന സ്വീഡിഷുകാരിയും ഡെന്റിസ്റ്റുമാണ് എല്ലി ഹോള്‍മാന്‍. പങ്കാളിയായ ഗാരിക്കും മൂന്ന് മക്കള്‍ക്കുമൊപ്പമാണ് ഇവര്‍ യാത്ര ചെയ്തിരുന്നത്. ഇവരെക്കൊണ്ട് കസ്റ്റിഡിയിലിരിക്കെ നിര്‍ബന്ധിച്ച് ടോയ്‌ലറ്റ് വൃത്തിയാക്കിച്ചതായും ഭക്ഷണവും വെള്ളവും നിഷേധിച്ചതായും മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു. ദുബായില്‍ സുഹൃത്തുക്കള്‍ക്കൊപ്പം അഞ്ച് ദിവസം അവധി ആഘോഷിക്കാനെത്തിയതായിരുന്നു ഈ കുടുംബം നേരത്തെ പല തവണ ഇവര്‍ ദുബായില്‍ വന്നിട്ടുണ്ട്.

വിമാനം ദുബായില്‍ ലാന്‍ഡ് ചെയ്തയുടന്‍ ഇമിഗ്രേഷന്‍ അധികൃതരെത്തി ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. വിസ വാലിഡല്ലെന്നും ഉടന്‍ ലണ്ടനിലേയ്ക്ക് തിരിച്ചുപോകണമെന്നുമാണ് അധികൃതര്‍ ആവശ്യപ്പെട്ടത്. മറ്റൊരു വിസയ്ക്കുള്ള സാധ്യതയെപ്പറ്റി അന്വേഷിച്ചപ്പോള്‍ അധികൃതര്‍ മോശമായാണ് പെരുമാറിയതെന്ന് എല്ലി ഹോള്‍മാന്‍ പറയുന്നു. പിന്നീടാണ് മദ്യപിച്ചിട്ടുണ്ടോ എന്നതടക്കമുള്ള ചോദ്യങ്ങള്‍ വന്നത്. തുടര്‍ന്ന് ഇവരുടെ പാസ്‌പോര്‍ട്ടുകളും രേഖകളും പിടിച്ചുവച്ചു. ജാമ്യം നല്‍കി ജയിലില്‍ നിന്ന് വിട്ടയച്ചെങ്കിലും കേസ് തീരുന്നത് വരെ പാസ്‌പോര്‍ട്ട് തരില്ല എന്നാണ് യുഎഇ അധികൃതരുടെ നിലപാട്.

This post was last modified on August 11, 2018 9:26 am