X

അഭിമാനമുണ്ട്, നിരാശയും: രാജി വയ്ക്കുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ബിബിസിയോട്

പ്രധാനമന്ത്രിയെന്ന നിലയില്‍ നല്‍കിയ അവസാന അഭിമുഖത്തിലാണ് ബ്രെക്സിറ്റ് നടപടികള്‍ ഫലം കാണാത്തതിലുള്ള തന്‍റെ നിരാശ മേയ് പ്രകടിപ്പിച്ചത്.

ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ 12 ദിവസത്തിനുള്ളിൽ ഡൌണിംഗ് സ്ട്രീറ്റില്‍ നിന്നും പടിയിറങ്ങും. ഇപ്പോള്‍ അഭിമാനവും നിരാശയും കലര്‍ന്ന ഒരവസ്ഥയാണ് തോന്നുന്നതെന്ന് മേയ് ബിബിസിയോട് പറയുന്നു. പ്രധാനമന്ത്രിയെന്ന നിലയില്‍ നല്‍കിയ അവസാന അഭിമുഖത്തിലാണ് ബ്രെക്സിറ്റ് നടപടികള്‍ ഫലം കാണാത്തതിലുള്ള തന്‍റെ നിരാശ മേയ് പ്രകടിപ്പിച്ചത്. മൂന്നുവർഷത്തിനുള്ളിൽ ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞുവെങ്കിലും ചെയ്യാനാഗ്രഹിക്കുന്ന ഇനിയുമൊരുപാട് കാര്യങ്ങള്‍ ബാക്കിവച്ച് പോകേണ്ടിവന്നതില്‍ ഖേദമുണ്ടെന്നും അവര്‍ പറഞ്ഞു.

മാർച്ച് 29-നു മുന്‍പ് യു.കെ-യെ യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്തെത്തിക്കുന്നതില്‍ പരാചയപ്പെടുകയും, ലേബര്‍പാര്‍ട്ടിയുമായി ബ്രെക്സിറ്റ് ചർച്ചകൾ നടത്തുകയും ചെയ്തതോടെ കൺസർവേറ്റീവ് എംപിമാർ അവര്‍ക്കെതിരെ തിരിഞ്ഞു. അതാണ്‌ പ്രധാനമന്ത്രിപഥം ഒഴിയാന്‍ അവരെ നിര്‍ബന്ധിപ്പിച്ചത്. തന്‍റെ വ്യക്തിത്വത്തെ കുറിച്ചും നേതൃത്വത്തെ കുറിച്ചും ഉന്നയിക്കപ്പെട്ട വിമർശനങ്ങള്‍ സ്വയം തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന് മേയ് പറയുന്നു. പക്ഷേ, ആഗ്രഹിച്ചതിലും നേരത്തെ പോകേണ്ടിവന്നെങ്കിലും താൻ കൈവരിച്ച നേട്ടങ്ങളിൽ വളരെയധികം അഭിമാനിക്കുന്നുവെന്നും അവർ പറഞ്ഞു.

എം.പിമാര്‍ മൂന്നു തവണ നിരസിച്ച മേയ്-യുടെ ബ്രെക്സിറ്റ് ഡീലുകള്‍ വച്ച് അവരെ അനുനയിപ്പിക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമായിരുന്നോ എന്ന ചോദ്യത്തിന് ‘ഒരു പ്രാവശ്യംകൂടെ അവരോട് സംസാരിച്ചിരുന്നെങ്കില്‍ എന്ന് എല്ലാവര്‍ക്കും തോന്നുന്ന കാര്യമാണ്. എന്നാല്‍ എം‌പിമാർ ബ്രെക്‌സിറ്റിനെ മറികടക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഞാന്‍ തെറ്റ്ധരിച്ചു’ എന്ന് മേയ് പറഞ്ഞു.

തന്‍റെ പിൻഗാമിയായി വരാന്‍ പോകുന്ന ആള്‍ക്ക് ആശംസകളര്‍പ്പിച്ച മേയ് യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോകുന്നതിന് ‘നല്ലൊരു ഡീല്‍’ അത്യന്താപേക്ഷിതമാണ് എന്ന് തുടര്‍ന്നും വാദിക്കുമെന്ന് പറഞ്ഞു. തന്‍റെ മന്ത്രിസഭയ്ക്കുള്ളില്‍ ഉണ്ടായതുപോലുള്ള ചോർച്ചകൾക്കും രാഷ്ട്രീയ വിയോജിപ്പുകള്‍ക്കും ഇട നല്‍കാതെ സർക്കാരിൽ കൂടുതൽ അച്ചടക്കം പാലിക്കണമെന്നും അവർ ആവശ്യപ്പെട്ടു.