17 സിഐഎ ചാരന്മാരെ അറസ്റ്റ് ചെയ്‌തെന്നും ഇതില്‍ ചിലരെ വധശിക്ഷയ്ക്ക് വിധിച്ചെന്നുമുള്ള ഇറാന്റെ അവകാശവാദം തള്ളി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സിഐഎ ചാരന്മാരെ ഇറാന്‍ അറസ്റ്റ് ചെയ്‌തെന്ന അവകാശവാദം പൂര്‍ണമായും തെറ്റാണ്. ഇതില്‍ യാതൊരു സത്യവുമില്ല. കൂടുതല്‍ നുണകളും പ്രൊപ്പഗാണ്ടയുമാണ് ഇറാനിലെ മത ഭരണകൂടം അഴിച്ചുവിടുന്നത്. ഡ്രോണ്‍ വെടി വച്ചിട്ടു എന്നത് പോലുള്ള നുണകള്‍. അവര്‍ക്ക് എന്ത് ചെയ്യണം എന്നത് സംബന്ധിച്ച് യാതൊരു ഐഡിയയുമില്ല. അവരുടെ സമ്പദ് വ്യവസ്ഥ തകര്‍ന്നിരിക്കുന്നു. അത് ഇനിയും കൂടുതല്‍ തകരാന്‍ പോവുകയാണ് – ട്രംപ് ട്വീറ്റ് ചെയ്തു.
ഇറാന്‍ ഇന്റലിജന്‍സ് വകുപ്പിനെ ഉദ്ധരിച്ച് സര്‍ക്കാര്‍ ടിവിയും ഫാര്‍സ് വാര്‍ത്താ ഏജന്‍സിയുമാണ് സിഐഎ ചാരന്മാരുടെ കാര്യം അറിയിച്ചത്. ആണവ, സാമ്പത്തിക, അടിസ്ഥാന സൗകര്യ, സൈബര്‍, സൈനിക മേഖലകളുമായി ബന്ധപ്പട്ട് പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികളില്‍ ചാരന്മാരുണ്ട് എന്ന് ഇറാന്‍ ഇന്റലിജന്‍സ് മന്ത്രാലയം ആരോപിക്കുന്നത്. വലിയ തോതിലുള്ള സൈബര്‍ ചാരപ്പണി സിഐഎ നടത്തുന്നതായി ജൂണില്‍ ഇറാന്‍ ആരോപിക്കുകയും വിവിധ രാജ്യങ്ങളില്‍ സിഐഎ ചാരന്മാര്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു.
യുഎസ് ഉപരോധവും ഹോര്‍മുസ് കടലിടുക്കിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് യുഎസുമായി ഇറാന്‍ നിരന്തര സംഘര്‍ഷത്തില്‍ തുടരുകയും മേഖലയിലേയ്ക്കുള്ള സൈനിക നീക്കം യുഎസും സഖ്യകക്ഷികളും ശക്തമാക്കുകയും ചെയ്തിരിക്കുന്നതിന് ഇടയിലാണ് ഇറാന്റെ അറിയിപ്പ്. ജിബ്രാള്‍ട്ടറില്‍ ഇറാനിയന്‍ എണ്ണക്കപ്പല്‍ ജൂലായ് നാലിന് ബ്രിട്ടീഷ് റോയല്‍ നേവി കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞയാഴ്ച ഹോര്‍മുസ് കടലിടുക്കില്‍ ബ്രിട്ടീഷ് കപ്പല്‍ ഇറാനും പിടിച്ചെടുത്തു.
Leave a Comment