X

മെക്സിക്കോയില്‍ ബാറിന് തീ വച്ചു – 26 പേർ കൊല്ലപ്പെട്ടു

അടിയന്തര സാഹചര്യങ്ങില്‍ വാതിലുകള്‍ അക്രമികള്‍ അടയ്ക്കുകയും, സ്ഥാപനത്തിന്റെ ഉടമയേയും കൊണ്ട് രക്ഷപ്പെടുകയും ചെയ്തു.

മെക്സിക്കൻ ബാറിന് നേരെ ഉണ്ടായ തീവയ്പ്പില്‍ 26 പേർ കൊല്ലപ്പെടുകയും 11 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയാണ് മെക്സിക്കൻ നഗരമായ കോറ്റ്‌സാക്കോൾകോസിലെ നൈറ്റ്ക്ലബായ കാബല്ലോ ബ്ലാങ്കോയിലാണ് സായുധ സംഘം അക്രമം നടത്തിയത്. അടിയന്തര സാഹചര്യങ്ങില്‍ വാതിലുകള്‍ അക്രമികള്‍ അടക്കുകയും, സ്ഥാപനത്തിന്റെ ഉടമയേയും കൊണ്ട് രക്ഷപ്പെടുകയും ചെയ്തു.

ആക്രമണത്തെ ശക്തമായി അപലപിച്ച മെക്സിക്കന്‍ പ്രസിഡന്‍റ് ലോപ്പസ് ഒബ്രഡോർ കര്‍ശനമായ അന്വേഷണം നടക്കുന്നുണ്ടെന്നും അത് കേസിന്‍റെ അടിത്തട്ടിലേക്ക് എത്തുമെന്നും ഉറപ്പുനല്‍കി. നേരത്തേ പോലീസ് പിടികൂടി വിട്ടയച്ച ലാ ലോക്ക എന്ന അപരനാമത്തിൽ അറിയപ്പെടുന്ന റിക്കാര്‍ഡോ എന്നയാളാണ് ആക്രമണത്തിനു നേതൃത്വം നല്‍കിയതെന്ന തെളിവുകള്‍ ലഭിച്ചതായി അദ്ദേഹം വ്യക്തമാക്കി. പ്രാദേശിക തലത്തിലുള്ള അഴിമതിയാണ് ആ കൊടുംക്രിമിനലിന് പുറത്തിറങ്ങാനുള്ള സാഹചര്യമോരുക്കിയതെന്ന് പ്രസിഡന്‍റ് ആരോപിക്കുകയും ചെയ്തു.

മയക്കുമരുന്ന് ലോബികളുടെ കുടിപ്പകയ്ക്കും രാഷ്ട്രീയ അഴിമതിക്കും പേരുകേട്ട മെക്സിക്കോയില്‍ സംഘംചേര്‍ന്നുള്ള ഇത്തരം അക്രമങ്ങള്‍ സാധാരണമാണ്. സമാധാനത്തിന്റെ പുതിയൊരു യുഗം കൊണ്ടുവരുമെന്ന വാഗ്ദാനവുമായാണ് ഡിസംബറിൽ പ്രസിഡന്‍റ് ആൻഡ്രെസ് മാനുവൽ ലോപ്പസ് ഒബ്രഡോർ അധികാരമേറ്റത്. കുറ്റകൃത്യങ്ങൾ തടയുന്നതിനും സാമ്പത്തിക അവസരങ്ങൾ സൃഷ്ടിക്കുന്നതിനും അദ്ദേഹം കൂടുതൽ ഊന്നൽ നൽകുന്നുമുണ്ട്. എന്നിട്ടും ക്രമസമാധാന നില പരിപാലിക്കുന്നതില്‍ അദ്ദേഹം തീര്‍ത്തും പരാജയപ്പെടുന്ന ചിത്രമാണ് മെക്സിക്കോയില്‍ കണ്ടുവരുന്നത്. ആഭ്യന്തര സുരക്ഷക്ക് കൂടുതല്‍ പ്രതികരണ ശേഷിയുള്ള ഒരു സേനയെ രൂപീകരിക്കുകയും അതിനെ സൈന്യത്തിനു കീഴില്‍ കൊണ്ടുവരികയുമാണ് അദ്ദേഹം ചെയ്തത്. അത് മനുഷ്യാവകാശ സംഘടനകളെയും സുരക്ഷാ വിദഗ്ധരെയും നിരാശരാക്കുന്ന തീരുമാനമായിരുന്നു.

This post was last modified on August 29, 2019 3:04 pm