X

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറി ശ്രമം 2015ല്‍ തുടങ്ങി? പുടിനും ട്രംപുമായുള്ള ചര്‍ച്ചയ്ക്ക് ശ്രമിച്ചത് ട്രംപിന്റെ മുന്‍ അഭിഭാഷകന്‍ മൈക്കള്‍ കോഹന്‍

2015 സെപ്റ്റംബറില്‍ ട്രംപും പുടിനും തമ്മിലുള്ള ചര്‍ച്ചയ്ക്കായി റഷ്യന്‍ ഏജന്റുമാര്‍ വഴി കോഹന്‍ നീക്കം നടത്തിയിരുന്നതായി റോബര്‍ട്ട് മുള്ളര്‍ പറയുന്നു.

2016ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ റഷ്യ ഇടപെട്ടെന്ന ആരോപണത്തെ സാധൂകരിക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്‍ അഭിഭാഷകന്‍ മൈക്കള്‍ കോഹന്‍ നടത്തിയ ഇടപെടല്‍ സംബന്ധിച്ച വിവരങ്ങളാണ്, കോഹന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ റഷ്യന്‍ അട്ടമറി അന്വേഷിക്കുന്ന സ്‌പെഷല്‍ കോണ്‍സല്‍ റോബര്‍ട്ട് മുള്ളര്‍ പുറത്തുവിട്ടിരിക്കുന്നത്. 2015 സെപ്റ്റംബറില്‍ ട്രംപും പുടിനും തമ്മിലുള്ള ചര്‍ച്ചയ്ക്കായി റഷ്യന്‍ ഏജന്റുമാര്‍ വഴി കോഹന്‍ നീക്കം നടത്തിയിരുന്നതായി റോബര്‍ട്ട് മുള്ളര്‍ പറയുന്നു. കോഹന്റെ കുറ്റങ്ങള്‍ സംബന്ധിച്ച ലീഗല്‍ മെമ്മോയാണിത്. മൈക്കള്‍ കോഹന് നാല് വര്‍ഷം തടവുശിക്ഷ നല്‍കണമെന്ന് അന്വേഷണസംഘം ആവശ്യപ്പെടുന്നു. മൈക്കള്‍ കോഹന്‍ ഇക്കാര്യം മുള്ളറിനോട് പറഞ്ഞിരുന്നു. അതേസമയം റിപ്പോര്‍ട്ടില്‍ കാര്യമൊന്നുമില്ലെന്നും കോഹന്‍ നിരന്തരം നുണ പറയുന്നയാളാണെന്നും ഹീറോയൊന്നുമല്ലെന്നും വൈറ്റ് ഹൗസ് പ്രതികരിച്ചു.

മറ്റൊരു മെമ്മോ ട്രംപിന്റെ മുന്‍ തിരഞ്ഞെടുപ്പ് പ്രചാരകന്‍ പോള്‍ മാന്‍ഫോര്‍ട്ടിനെതിരെയുള്ളതാണ്. കോഹനും മാന്‍ഫോര്‍ട്ടും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെങ്കിലും മാന്‍ഫോര്‍ട്ട് നുണ പറയുകയാണ് എന്നാണ് മുള്ളര്‍ ഇപ്പോള്‍ പറയുന്നത്. റഷ്യന്‍ ഇന്റലിജന്‍സ് ഏജന്റുമായി തനിക്കുണ്ടായിരുന്ന ബന്ധത്തെ പറ്റിയടക്കം മാന്‍ഫോര്‍ട്ട് നുണയാണ് പറഞ്ഞത്. തിരഞ്ഞെടുപ്പിലെ പണത്തിന്റെ ഉപയോഗം സംബന്ധിച്ച ചട്ടങ്ങളെല്ലാം ലംഘിച്ച മാന്‍ഫോര്‍ട്ടിന് ജയില്‍ ശിക്ഷ ഉറപ്പാക്കണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം.

ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റനെതിരായും ട്രംപിന് അനുകൂലമായും പ്രചാരണം മുന്നോട്ടുകൊണ്ടുപോകുന്ന വിധം റഷ്യ ഇടപെട്ടു എന്നാണ് ആരോപണം. ട്രംപിന്റെ മകന്‍ അടക്കമുള്ളവര്‍ ഗൂഢാലോചനയില്‍ പങ്കാളികളാണെന്ന് ആരോപണമുണ്ട്. താനുമായി ലൈംഗികബന്ധം പുലര്‍ത്തിയിരുന്ന പോണ്‍ താരം സ്‌റ്റോമി ഡാനിയല്‍സ് ഉള്‍പ്പെടെ രണ്ട് സ്ത്രീകളെ പണം കൊടുത്ത് ഒതുക്കാനും ട്രംപ് കോഹനെ നിയോഗിച്ചിരുന്നതായി ആരോപണമുണ്ട്. അതേസമയം സ്‌പെഷല്‍ കോണ്‍സല്‍ അന്വേണത്തേയും കണ്ടെത്തലുകളേയും തള്ളിക്കളയുകയാണ് ട്രംപ്.

This post was last modified on December 8, 2018 9:06 am