X

വികസിത രാജ്യങ്ങളില്‍ ഗർഭച്ഛിദ്രത്തെ ഏറ്റവും കൂടുതല്‍ എതിര്‍ക്കുന്ന രാജ്യം അമേരിക്ക: ആഗോള സര്‍വേ

എതിര്‍ക്കുന്നവരില്‍ കൂടുതലും ട്രംപ് അനുകൂലികള്‍

23 വികസിത രാജ്യങ്ങളില്‍ ഗർഭച്ഛിദ്രത്തെ ഏറ്റവും കൂടുതല്‍ എതിര്‍ക്കുന്ന രാജ്യം അമേരിക്കയാണെന്ന് റിപ്പോര്‍ട്ട്. ദി യൂഗോ-കേംബ്രിഡ്ജ് ഗ്ലോബലിസം സർവേ പറയുന്നതു പ്രകാരം 46 ശതമാനം അമേരിക്കക്കാരും ഗർഭച്ഛിദ്രം അസ്വീകാര്യമാണെന്ന് പറയുന്നു. അംഗീകരിക്കുന്നത് 38 ശതമാനം പേരാണ്. അമേരിക്കയിലെ ഏറ്റവും വലിയ ഗർഭച്ഛിദ്ര നിരോധന നിയമം അലബാമ സ്റ്റേറ്റ് പാസ്സാക്കുന്നതിന് മുന്‍പാണ് ഈ സര്‍വ്വേ നടത്തിയിരിക്കുന്നത്.

വികസിത രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ അമേരിക്കയുടെ പ്രകടനം അസാധാരണമാണെന്ന് തെക്കൻ കരോലിനിലെ ക്ലെംസെൻ സർവകലാശാലയിൽ മതപഠനം നടത്തിവരുന്ന പ്രൊഫസ്സർ ആൻഡ്രൂ വൈറ്റ്ഹെഡ് പറഞ്ഞു. യുഎസ് പ്രസിഡന്റിനെ പിന്തുണയ്ക്കുന്നവരാണ് കൂടുതലും ഗർഭച്ഛിദ്രത്തെ എതിര്‍ക്കുന്നത്. ട്രംപിനെ അനുകൂലിക്കുന്ന വോട്ടർമാരിൽ 78 ശതമാനവും ഗർഭഛിദ്രം അസ്വീകാര്യമാണെന്ന് അഭിപ്രായപ്പെട്ടു. നഗരപ്രദേശങ്ങളെ അപേക്ഷിച്ച് ഗ്രാമീണ മേഖലകളിലാണ് ഗർഭഛിദ്രത്തെ കൂടുതലായി എതിര്‍ക്കുന്നവരുള്ളത്.

ട്രംപിനോട്‌ അനുഭാവം പുലർത്തുന്നവർ മിക്കപ്പോഴും പൊതുജീവിതത്തിൽ മതത്തെ തേടുന്നവരാണ്. ‘ഗർഭച്ഛിദ്രം പോലുള്ള ധാർമ്മിക പ്രശ്നങ്ങൾ നോക്കിയാൽ, യാഥാസ്ഥിതിക മതവിശ്വാസവും അലസിപ്പിക്കലിനോടുള്ള മനോഭാവവും തമ്മിൽ ശക്തമായ ബന്ധമുണ്ട്’ എന്ന് വൈറ്റ്ഹെഡ് വിലയിരുത്തുന്നു. ഉന്നത വിദ്യാഭ്യാസം നേടിയ ആളാണെങ്കില്‍ അബോര്‍ഷന്‍ നടത്താനുള്ള സ്ത്രീകളുടെ അവകാശം അനുവദിച്ചു കൊടുക്കുവാനുള്ള സാധ്യത കൂടുതലാണ്. പ്രായമായവര്‍ നേരെ തിരിച്ചും. 55 വയസ്സില്‍ കൂടുതലുള്ള 53% പേരും ഗർഭച്ഛിദ്രത്തെ എതിര്‍ക്കുന്നു. എന്നാല്‍, 18നും 24നും പ്രായമുള്ളവരുടെ ഇടയില്‍ അത് 34% മാത്രമാണ്ണ്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് മേല്‍ക്കൈ ഉള്ള സംസ്ഥാനങ്ങളിളെല്ലാം ശക്തമായ  ഗർഭച്ഛിദ്ര നിരോധന നിയമം കൊണ്ടു വരുന്നുണ്ട്. കെന്‍റക്കി, മിസിസിപ്പി, ഒഹിയോ, ജോര്‍ജ്ജിയ എന്നീ സംസ്ഥാനങ്ങളില്‍ നിയമം പ്രാബല്യത്തില്‍ വന്നു. അലബാമയിലാണ് ഏറ്റവും ശക്തമായ നിയമമുള്ളത്. മിസ്സൗറിയും ഈ നിയമം പാസാക്കി. അതേസമയം ഗർഭച്ഛിദ്ര നിരോധനത്തിനെതിരെ ‘സെക്സ് സ്ട്രൈക്ക്’ പോലുള്ള പുതിയ പ്രതിഷേധ രീതികളും അമേരിക്കയില്‍ അരങ്ങേറുന്നുണ്ട്. സ്ത്രീകളുടെ വ്യക്തി സ്വാതന്ത്രത്തിലേക്കുള്ള കടന്നു കയറ്റമാണ് ഇത്തരം നിയമങ്ങളെന്നതാണ് പ്രാധാനമായും ഉയരുന്ന എതിര്‍വാദം.

Read More: അലബാമക്ക് പിന്നാലെ മിസ്സൗറിയും ഗര്‍ഭച്ഛിദ്ര നിരോധന നിയമം പാസാക്കി; സ്ത്രീകളെ അപമാനിക്കുന്നുവെന്ന് കാട്ടി പ്രതിഷേധവുമായി സെനറ്റര്‍മാര്‍

This post was last modified on May 18, 2019 8:43 am