X

വിയോജിക്കാനും സംവദിക്കാനുമുളള സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം: രാഷ്ട്രപതി

ദേശസ്‌നേഹം ചരിത്രത്തെ ദുര്‍വ്യാഖ്യാനം ചെയ്യാനോ, ഏതെങ്കിലും വാദത്തെ ഏകപക്ഷീയമായി ന്യായീകരിക്കാനോ, സത്യത്തില്‍ വെള്ളം ചേര്‍ക്കാനോ ഉള്ള ഉപാധിയാകരുത്.

വിയോജിക്കാനുള്ള സ്വാതന്ത്ര്യം, ബുദ്ധിപരമായി സംവദിക്കാനുള്ള സ്വാതന്ത്ര്യം ഇതൊക്കെ സംരക്ഷിക്കപ്പെടണം. സ്വതന്ത്രമായി സംവദിക്കാന്‍ കഴിയുന്ന ഇന്ത്യയെ ആണ് നമ്മള്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. അല്ലാതെ അസഹിഷ്ണുതയുടെ ഇന്ത്യയെ അല്ല – തിരുവനന്തപുരത്ത് ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിന്‌റെ 77ആം സെഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു. ദേശസ്‌നേഹം ചരിത്രത്തെ ദുര്‍വ്യാഖ്യാനം ചെയ്യാനോ, ഏതെങ്കിലും വാദത്തെ ഏകപക്ഷീയമായി ന്യായീകരിക്കാനോ, സത്യത്തില്‍ വെള്ളം ചേര്‍ക്കാനോ ഉള്ള ഉപാധിയാകരുത്. സ്വതന്ത്രാഭിപ്രായങ്ങളെ ശത്രുതയോടെ കാണുന്ന സമീപനം പല ഘട്ടങ്ങളിലും രാജ്യത്തുണ്ടാകുന്നുണ്ട്. ഇത് നിര്‍ഭാഗ്യകരമാണ്. ഇത് നമ്മുടെ സംസ്‌കാരത്തിനും പാരമ്പര്യത്തിനും വിരുദ്ധമാണ്.

യുക്തിയും സഹിഷ്ണുതയുമാണ് മുന്നോട്ട് നയിക്കേണ്ടത്. രാജ്യത്തെ സ്‌നേഹിക്കുന്നതും അതിന്‌റെ പാരമ്പര്യത്തില്‍ അഭിമാനം കൊള്ളുന്നതുമെല്ലാം സ്വാഭാവികമാണ്. എന്നാല്‍ ദേശസ്‌നേഹം അന്ധമാകരുത്. ചരിത്രത്തെ വസ്തുനിഷ്ഠമായി സമീപിക്കണം. നിഷ്പക്ഷനായ ഒരു ന്യായാധിപന്‌റേത് പോലെയാവണം അത്. അല്ലാതെ തന്‌റെ ഭാഗം വാദിച്ച് ജയിക്കാന്‍ ശ്രമിക്കുന്ന അഭിഭാഷകന്‌റേത് പോലെ ആവരുത്. പരിചിതമല്ലാത്ത ആശയങ്ങളും മനസിലാക്കാന്‍ ശ്രമിക്കണം. ഒന്നും യുക്തിക്ക് അതീതമാവരുത്, ചര്‍ച്ചകളും തര്‍ക്കങ്ങളുമെല്ലാം. സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തിനും സംവാദത്തിനും ഉള്ള സ്വാതന്ത്ര്യം ഏത് മേഖലയിലേയും പുരോഗതിക്ക് അനിവാര്യമാണ്.

ഇന്ത്യയുടെ ശക്തി അതിന്‌റെ ബഹുസ്വരതയാണ്. സാമൂഹ്യവും സാംസ്‌കാരികവും ഭാഷാപരവും മതപരവുമായ വൈവിധ്യമാണ് ഈ രാജ്യത്തിന്‌റെ കരുത്ത്. നമ്മുടെ പാരമ്പര്യം എല്ലാക്കാലത്തും സംവാദങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ്, അസഹിഷ്ണുതയെ അല്ല. നൂറ്റാണ്ടുകളായി നമ്മുടെ ചിന്തകളും തത്വചിന്തകളുമെല്ലാം മുന്നോട്ട് പോവുന്നത് ഇത്തരത്തില്‍ സമാധാനപരമായാണ്. അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പാക്കുന്ന മൗലികാവകാശമാണ്. ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിന് സ്വതന്ത്രമായ അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിന് വേണ്ടിയും ചരിത്രത്തിന്‌റെ വളച്ചൊടിക്കലുകള്‍ക്ക് എതിരെയും നിലകൊണ്ടതിന്‌റെ വിശ്വസനീയമായ ചരിത്രമുണ്ട്. യുക്തിസഹമായും ജാഗ്രതയോടെയും മുന്നോട്ട് പോകണമെന്നാണ് ചരിത്രകാരന്മാരോട് അഭ്യര്‍ത്ഥിക്കാനുള്ളതെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.

This post was last modified on December 30, 2016 10:59 am