X

ബാസ്റ്റിൽ ദിനത്തിൽ പാരിസിൽ യെല്ലോ വെസ്റ്റ്സ് കലാപം; പൊലീസ് നടപടിയിൽ 24 പേർക്ക് കാഴ്ച നഷ്ടമായെന്ന് റിപ്പോർട്ടുകൾ

മധ്യ പാരീസിലെ പ്രകടനക്കാർ, പ്രതിഷേധത്തെ അടയാളപ്പെടുത്തുന്ന മഞ്ഞ വസ്ത്രം ധരിച്ചിരുന്നില്ല. അത്തരക്കാരെ ബാരിക്കേഡുകള്‍ കടന്ന് പോകാന്‍ പോലീസ് അനുവദിച്ചിരുന്നില്ല. എന്നാല്‍ ചിലർ പകരം മഞ്ഞ ബലൂണുകൾ കയ്യില്‍ കരുതിയിരുന്നു.

ഫ്രാന്‍സിന്റെ ദേശീയ ദിനത്തോടനുബന്ധിച്ചു നടന്ന സൈനിക പരേഡിന് ശേഷം മധ്യ പാരീസിൽ ഉണ്ടായ സംഘർഷത്തിനിടെ ഫ്രഞ്ച് പോലീസ് പ്രതിഷേധക്കാർക്ക് നേരെ കണ്ണീർ വാതകം പ്രയോഗിച്ചു. പൊലീസുമായുണ്ടായ സംഘർഷത്തിൽ 24 പേരുടെ കാഴ്ചശക്തി നഷ്ടപ്പെട്ടെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. ഭാഗികമായി കാഴ്ച നഷ്ടപ്പെട്ടവരെക്കുറിച്ചാണ് റിപ്പോർട്ട് പറയുന്നത്. അതെസമയം, പ്രക്ഷോഭകർ ഇപ്പോൾ മുമ്പത്തേക്കാൾ നിശ്ചയദാർഢ്യത്തോടെയാണ് നീങ്ങുന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.

ഞായറാഴ്ച പരേഡ് പൂർത്തിയായ ഉടൻതന്നെ സെൻട്രൽ പാരീസിലെ നഗരങ്ങള്‍ വീണ്ടും ഗതാഗതയോഗ്യമാക്കിയിരുന്നു. എന്നാല്‍ ‘യെല്ലോ വെസ്റ്റ്സ്’ പ്രസ്ഥാനത്തിന്‍റെ ഭാഗമായ നൂറുകണക്കിന് പ്രതിഷേധക്കാർ റോഡുകള്‍ ഉപരോധിക്കാന്‍ തുടങ്ങിയതാണ്‌ സംഘര്‍ഷത്തില്‍ കലാശിച്ചത്.

സർക്കാർ വിരുദ്ധ മുദ്രാവാക്യം വിളിച്ചും, പരേഡിനായി സ്ഥാപിച്ച സുരക്ഷാ സംവിധാനങ്ങള്‍ തകര്‍ത്തും, പൊലീസിന് നേരെ കയ്യില്‍ കിട്ടിയതെല്ലാം എടുത്ത് എറിഞ്ഞും, ചവറ്റുകുട്ടകൾക്ക് തീയിട്ടും പ്രതിഷേധം അതിരു കടന്നതോടെയാണ് പോലീസ് പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ശ്രമിച്ചത്.

സാമ്പത്തിക നീതി ഉറപ്പാക്കണം എന്ന ആവശ്യവുമായി 2018 ഒക്ടോബറിൽ ഫ്രാൻസിൽ ആരംഭിച്ച ജനകീയ വിപ്ലവ രാഷ്ട്രീയ പ്രസ്ഥാനമാണ് യെല്ലോ വെസ്റ്റ്സ് അല്ലെങ്കിൽ യെല്ലോ ജാക്കറ്റ് പ്രസ്ഥാനം. ഞായറാഴ്ച രാവിലെ, പരമ്പരാഗത വാർഷിക സൈനിക പരേഡിന് മുമ്പ്, പ്രത്യേക പ്രതിഷേധ പ്രകടനം നടത്താനിരുന്ന 152 പേരെ പോലീസ് അറസ്റ്റുചെയ്തിരുന്നു. കസ്റ്റഡിയിലെടുക്കപ്പെട്ടവരിൽ പ്രധിഷേധങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ജെറോം റോഡ്രിഗസ്, മാക്സിം നിക്കോൾ എന്നിവരും ഉൾപ്പെടുന്നു. പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറഞ്ഞു വരുന്നുണ്ടെങ്കിലും സംഘടന ഇപ്പോഴും സജീവമാണ്.

മധ്യ പാരീസിലെ പ്രകടനക്കാർ, പ്രതിഷേധത്തെ അടയാളപ്പെടുത്തുന്ന മഞ്ഞ വസ്ത്രം ധരിച്ചിരുന്നില്ല. അത്തരക്കാരെ ബാരിക്കേഡുകള്‍ കടന്ന് പോകാന്‍ പോലീസ് അനുവദിച്ചിരുന്നില്ല. എന്നാല്‍ ചിലർ പകരം മഞ്ഞ ബലൂണുകൾ കയ്യില്‍ കരുതിയിരുന്നു. ഫ്രഞ്ച് വിപ്ലവകാലത്ത് 1789-ൽ പാരീസിലെ ബാസ്റ്റിൽ കോട്ടയിൽ ഉണ്ടായ ആക്രമണത്തെ അനുസ്മരിച്ചു കൊണ്ടാണ് ഫ്രാന്‍സ് ജൂലൈ 14 ദേശീയ ദിനമായി ആചരിക്കുന്നത്.

എന്താണ് യെല്ലോ വെസ്റ്റ്സ് പ്രസ്ഥാനം?

യെല്ലോ വെസ്റ്റ്സ് പ്രസ്ഥാനം അഥവാ യെല്ലോ ജാക്കറ്റ് പ്രസ്ഥാനം തുടങ്ങിയത് കഴിഞ്ഞ വർഷത്തിലാണ്. കൃത്യമായി പറഞ്ഞാൽ 2018 നവംബർ 17 ശനിയാഴ്ച. ജീവിതച്ചെലവ് കൈയും കണക്കുമില്ലാതെ ഉയർന്നതിൽ പ്രതിഷേധിച്ചാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്. പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണിന്റെ നയങ്ങളാണ് തങ്ങളുടെ ഈ ദുര്യോഗത്തിന് കാരണമെന്നും അദ്ദേഹം സ്ഥാനം വിട്ടൊഴിയണമെന്നും പ്രക്ഷോഭകർ പറയുന്നു. നഗരത്തിൽ നിന്നുള്ളവരും നഗരപ്രാന്തങ്ങളിൽ നിന്നുള്ളവരുമെല്ലാം പ്രക്ഷോഭകരുടെ കൂട്ടത്തിലുണ്ട്. മാക്രോണിന്റെ സാമ്പത്തികനയം ഏറ്റവും ബാധിച്ചത് നഗരത്തിലും നഗരപ്രാന്തങ്ങളിലും താമസിക്കുന്ന താഴ്ന്ന വരുമാനക്കാരെയാണ്.

ഇടത്തരക്കാരുടെ വരുമാനവും ഉയരുന്ന വിലകൾക്കനുസരിച്ച് വലിപ്പമുള്ളവയല്ല. ഉയർന്ന വരുമാനക്കാർക്കിടയിൽപ്പോലും ഭീതി വളർന്നിട്ടുണ്ട്. കാറുകൾ എല്ലാ വീടുകളിലുമുണ്ട്. അവ പ്രവർത്തിപ്പിക്കാനുള്ള എണ്ണയ്ക്ക് തീവിലയാണ്. മറ്റു സാധനങ്ങളുടെ വിലയും വൻതോതിൽ കയറിവരുന്നു.

This post was last modified on July 15, 2019 10:02 pm