ലോകകപ്പിന്റെ ഫൈനല്‍ പോരാട്ടം സൂപ്പര്‍ ഓവറിലേക്കും പിന്നീട് ഇംഗ്ലണ്ടിന്റെ വിജയത്തിലേക്കും എത്തിച്ചത് ഇന്നിംഗ്‌സിലെ അവസാന ഓവറിലെ ഓവര്‍ ത്രോ ആയിരുന്നു.50 ആം ഓവറില്‍ ഡബിളിനുവേണ്ടി ഓടവേ, വിക്കറ്റ് ലക്ഷ്യമാക്കി ഗുപ്ടില്‍ എറിഞ്ഞ പന്ത്, ക്രീസിലേക്ക് വീണ ബെന്‍ സ്റ്റോക്‌സിന്റെ ബാറ്റില്‍ തട്ടി ബൗണ്ടറിയിലേക്ക് എത്തുകയായിരുന്നു.ഒരു പന്തില്‍ ആറ് റണ്‍സാണ് ഇംഗ്ലണ്ടിന് ലഭിച്ചത്. അവസാന രണ്ട് പന്തില്‍ വേണ്ടത് മൂന്ന് റണ്‍സ്. അഞ്ചാം പന്തില്‍ ഡബിളിനുവേണ്ടി ഓടവേ നോണ്‍സ്‌ട്രൈക്കര്‍ എന്‍ഡില്‍ ആദില്‍ റഷീദ് റണ്‍ ഔട്ട്. അവസാന പന്തില്‍ ജയിക്കാന്‍ വേണ്ടത് രണ്ട് റണ്‍. രണ്ടാം റണ്ണിന് ഓടവേ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ മാര്‍ക് വുഡ് ഔട്ട്. ഇംഗ്ലണ്ടിന് 10 വിക്കറ്റും നഷ്ടമായെങ്കിലും കളി തുല്യനിലയിലായി. ഇതോടെയാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് എത്തിയത്. സൂപ്പര്‍ ഓവറില്‍ ഇംഗ്ലണ്ട് വിജയം നേടുകയും ചെയ്തു.
എന്നാല്‍ ഐ.സി.സിയുടെ നിയമപ്രകാരം ഇംഗ്ലണ്ടിന് ലഭിക്കേണ്ടിയിരുന്നത് അഞ്ചു റണ്‍സെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. ഓവര്‍ ത്രോയില്‍ ലഭിക്കുന്ന റണ്‍സുമായി ബന്ധപ്പെട്ട് ഐ.സി.സിയുടെ 19.8 നിയമത്തില്‍ പറയുന്നത് ഇങ്ങനെയാണ്. ‘ഫീല്‍ഡറുടെ ഓവര്‍ ത്രോയില്‍ പന്ത് ബൗണ്ടറി ലൈന്‍ കടക്കുകയാണെങ്കില്‍ ആ ബൗണ്ടറി റണ്‍സ് അനുവദിക്കും. എന്നാല്‍ ആ ബൗണ്ടറിയോടൊപ്പം ഫീല്‍ഡര്‍ പന്ത് എറിയുമ്പോള്‍ ബാറ്റ്സ്മാന്‍ ഓടി പൂര്‍ത്തിയാക്കിയ റണ്‍സ് മാത്രമാണ് അനുവദിക്കുക. ആ ത്രോയുടെ സമയത്ത് ബാറ്റ്സ്മാന്‍ ക്രീസിലെത്തിയില്ലെങ്കില്‍ ആ റണ്‍ പരിഗണിക്കുകയില്ല.’
ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഇംഗ്ലണ്ടിന് അഞ്ച് റണ്‍സാണ് അനുവദിക്കേണ്ടിയിരുന്നത്. കാരണം ഗുപ്റ്റില്‍ പന്ത് എറിയുമ്പോള്‍ സ്റ്റോക്ക്സും ആദില്‍ റഷീദും രണ്ടാം റണ്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടായിരുന്നില്ല. എന്നാല്‍ ഫീല്‍ഡ് അമ്പയര്‍ കുമാര്‍ ധര്‍മ്മസേന ഇംഗ്ലണ്ടിന് ആറു റണ്‍സ് കൊടുത്തു.അല്ലെങ്കില്‍ മത്സരഫലം മറ്റൊന്നാകുമായിരുന്നുവെന്നും ആരാധകര്‍ പറയുന്നു. ഇപ്പോള്‍ ന്യൂസീലന്‍ഡ് ആരാധകരാണ് ഐ.സി.സിക്കെതിരേ രംഗത്തെത്തിയിരിക്കുന്നത്. സൂപ്പര്‍ ഓവര്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറി നേടിയ ടീമെന്ന നിലയില്‍ ഇംഗ്ലണ്ടിന് കിരീടം സമ്മാനിച്ചപ്പോള്‍ ഈ ഓവര്‍ ത്രോയുടെ നിയമം എന്തുകൊണ്ട് കണക്കിലെടുത്തില്ലെന്നാണ് ആരാധകരുടെ ചോദ്യം.
This post was last modified on July 15, 2019 6:32 pm
Leave a Comment