X

മകനും മകള്‍ക്കും സ്വത്തില്‍ തുല്യപങ്ക്; ലിംഗസമത്വ സന്ദേശം നല്‍കി ബിഗ്ബിയുടെ ‘വില്‍പത്ര ട്വീറ്റ്’

തനിക്ക് ലിംഗനീതിയെ കുറിച്ച് പറയാനുള്ളതെല്ലാം ഈ ചിത്രം പറയുമെന്നും ബച്ചന്‍

മരണശേഷം എന്റെ ആസ്തികള്‍ മക്കളായ നന്ദയും അഭിഷേകവും തുല്യമായി പങ്കിട്ടെടുക്കണം എന്ന് അമിതാഭ് ബച്ചന്‍. ബച്ചന്റെ ട്വിറ്ററിലിട്ട പോസ്റ്റിലാണ് ഇങ്ങനെയൊരു ആഗ്രഹം മുന്നോട്ടുവച്ചിരിക്കുന്നത്. കേവലമൊരു കുടുംബ പ്രശ്‌നമായി കാണരുത് ഈ ട്വീറ്റ് എന്നും ബച്ചന്‍ കരുതുന്നു. കാരണം ലിംഗ സമത്വവുമായി ബന്ധപ്പെട്ട് സ്വന്തം ജീവിതം കൊണ്ട് നല്‍കാവുന്ന സന്ദേശം കൂടി ഈ ട്വിറ്റര്‍ വില്‍പത്രത്തില്‍ ബിഗ്ബി രേഖപ്പെടുത്തിയിട്ടുണ്ട്.
ബച്ചന്റെ ട്വീറ്റ് ഇങ്ങനെയാണ്; ഞാന്‍ മരിച്ചു കഴിഞ്ഞാല്‍, ഞാന്‍ ഇവിടെ അവശേഷിപ്പിച്ചു പോകുന്ന ആസ്തികള്‍ എന്റെ മകളായ നന്ദയും മകനായ അഭിഷേകും തുല്യമായി പങ്കുവച്ചെടുക്കണം.

ഇതിനു താഴെയായി ലിംഗ സമത്വം, നമ്മള്‍ തുല്യരാണ് എന്നീ സന്ദേശങ്ങള്‍ കൂടി ബച്ചന്‍ എഴുതിയിട്ടുണ്ട്. തനിക്ക് ലിംഗനീതിയെ കുറിച്ച് പറയാനുള്ളതെല്ലാം ഈ ചിത്രം പറയുമെന്നും ബച്ചന്‍ കുറിക്കുന്നു.