X

ശരിയാണ്, വാട്‌സ്ആപ് കോളുകള്‍ക്ക് നിങ്ങള്‍ അറിയാതെ പണം നല്‍കുന്നുണ്ട്

അഴിമുഖം പ്രതിനിധി

വാട്ട്‌സ്ആപ്, ജിയോ ചാറ്റ് പോലുള്ള ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് വോയിസ് കോള്‍ ചെയ്യുമ്പോള്‍ പോക്കറ്റ് ചോരുന്നത് ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? ഓവര്‍ ദി ടോപ് (ഒടിടി) സേവന ഗണത്തില്‍പ്പെടുന്ന ഈ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് വോയിസ് കോള്‍ ചെയ്യുമ്പോള്‍ ടെലികോം കമ്പനികള്‍ ഉപഭോക്താക്കളില്‍ നിന്ന് അവരറിയാതെ ഡാറ്റ നിരക്കെന്ന പേരില്‍ തുക ഈടാക്കുന്നുണ്ട്. ഉയര്‍ന്ന ബില്ലുകള്‍ കയ്യില്‍ കിട്ടുമ്പോഴാണ് പലരും പരാതികളുമായി രംഗത്തു വരുന്നത്. വിവിധ ഒടിടി സേവനങ്ങള്‍ക്ക് ടെലികോം കമ്പനികള്‍ ഡാറ്റ ട്രാന്‍സ്ഫറിന് ഈടാക്കുന്ന അതേ തുക തന്നെയാണ് ഉപഭോക്താക്കളില്‍ നിന്ന് വസൂലാക്കുന്നത്. ഒടിടി ഒരു ഡാറ്റ സേവനമാണെന്നാണ് ഇതിനു കമ്പനികള്‍ പറയുന്ന ന്യായം. ഡാറ്റ സേവനങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ തന്നെയാണ് ഇവയ്ക്കും ഉപയോഗിക്കുന്നതെന്നും ഇത് ഡാറ്റ സ്വിച്ചിന് ജോലിഭാരം കൂട്ടുന്നുണ്ടെന്നും അതിനാല്‍ ഉപഭോക്താക്കളില്‍ നിന്ന് പണം ഈടാക്കേണ്ടതുണ്ടെന്നുമാണ് കമ്പനികളുടെ വാദം.

അറിയാതെ ഉയരുന്ന ഈ ബില്ലുകളെ കുറിച്ചുള്ള പരാതികള്‍ ഉയര്‍ന്നതോടെ ഇതു സംബന്ധിച്ച ചര്‍ച്ചയ്ക്ക് ചൂടേറിയിരിക്കുകയാണ്. പണം ഈടാക്കുന്നുണ്ടെങ്കിലും സാധാരണ കോളുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഒടിടി സേവനത്തിലൂടെയുള്ള വോയിസ് കോളുകള്‍ക്ക് മതിയായ വ്യക്തതയും വേഗതയുമില്ല എന്നതും ഒരു പ്രശ്‌നമാണ്. തങ്ങളുടെ ലൈസന്‍സ് വ്യവസ്ഥകളുടെ ലംഘനമാണ് ഒടിടി വോയ്‌സ് കോളുകളെന്നും ഇത് സാധാരണ വോയ്‌സ് കോള്‍ സേവനങ്ങള്‍ക്ക് വെല്ലുവിളിയാണെന്നും അവര്‍ വാദിക്കുന്നു.

‘ഇത് ഒരു ടെലികോം നെറ്റ്‌വര്‍ക്ക് വഴിയാണ് പ്രവര്‍ത്തിക്കുന്നത്. അതിന്റെ അടിസ്ഥാന സൗകര്യങ്ങളും ഉപയോഗിക്കപ്പെടുന്നു. അപ്പോള്‍ ചെലവുണ്ട്. ഈ സൗകര്യമുപയോഗിച്ച് ഉപഭോക്താക്കളില്‍ നിന്നും ആപ് കമ്പനികള്‍ പണം ഉണ്ടാക്കുന്നുണ്ടെങ്കില്‍ അതു പങ്കിടാന്‍ അവര്‍ തയാറാകണം. ടെലികോം ഓപറേറ്റര്‍മാരെ പോലെ വോയ്‌സ് കോള്‍ സേവനങ്ങള്‍ നല്‍കാന്‍ ആപ് കമ്പനികള്‍ക്കും സമാനവ്യവസ്ഥകള്‍ ഉണ്ടായിരിക്കണം,’ സെല്ലുലാര്‍ ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (സിഒഎഐ) ഡയറക്ടര്‍ ജനറല്‍ രാജന്‍ മാത്യൂസ് പറയുന്നു.

ഈ ചര്‍ച്ചകള്‍ തുടരുമ്പോഴും സേവന ഗുണമേന്മയില്‍ വീഴ്ച വരുത്തുന്ന ഒടിടി സേവന ദാതാക്കളെ കടുത്ത നിയമ നപടിക്ക് വിധേയരാക്കണമെന്നാണ് ഒടിടി ആപ്ലിക്കേഷനുകളുടെ സേവന മാനദണ്ഡങ്ങള്‍ സംബന്ധിച്ച് പഠിക്കാന്‍ വാര്‍ത്താവിനിമയ മന്ത്രാലയം നിയോഗിച്ച സമിതി നിര്‍ദേശിക്കുന്നത്. ‘ഇതു സംബന്ധിച്ച് ട്രായ് റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ്. എങ്കിലും ഒടിടി സേവന ദാതാക്കള്‍ക്ക് ചില നിയന്ത്രണങ്ങള്‍ വേണമെന്ന കാര്യത്തില്‍ സമിതി അംഗങ്ങള്‍ ഏകാഭിപ്രായക്കാരാണ്,’ സമിതി അംഗമായ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറയുന്നു.

ഈ സാഹചര്യത്തില്‍ ഒടിടി സേവനങ്ങള്‍ നല്‍കുന്ന ആപ് കമ്പനികള്‍ ടെലികോം ഓപറേറ്റര്‍മാര്‍ക്ക് നിശ്ചിത ചാര്‍ജ് നല്‍കുകയോ അല്ലെങ്കില്‍ ലാഭം സര്‍ക്കാരുമായി പങ്കിടുകയോ വേണ്ടി വരുമെന്നാണ് ടെലികോം വിദഗ്ധരുടെ വിലയിരുത്തല്‍. ഒടിടി കമ്പനികളുടെ വോയിസ് കോള്‍ സേവനം ഒരു സുരക്ഷാ പ്രശ്‌നമായും ടെലികോം കമ്പനികള്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


This post was last modified on July 11, 2015 10:22 am

Related Post
Leave a Comment