അഴിമുഖം പ്രതിനിധി
ആര്.എസ്.എസിന്റെ ഘര്‍വാപസി പരിപാടിക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് അഞ്ചു ലക്ഷം ഒ.ബി.സിക്കാര്‍ ബുദ്ധമതത്തിലേക്ക്. അതും ആര്.എസ്.എസ് ആസ്ഥാനമായ നാഗ്പൂരില്‍ നിന്നു തന്നെയാണ് ഒ.ബി.സിക്കാര്‍ ബുദ്ധമതത്തിലേക്ക് പോകാനൊരുങ്ങുന്നത്.
“ഹിന്ദുക്കളാണെങ്കിലും തങ്ങളെ തൊട്ടുകൂടാത്തവരായാണ് ഏറെക്കാലമായി കണക്കാക്കി വരുന്ന”തെന്ന് സത്യശോധക് ഒ.ബി.സി പരിഷത്തിന്റെ പ്രസിഡന്റ് ഹനുമന്ത് ഉപ്രെ ഡി.എന്‍.എ ദിനപത്രത്തോട് പറഞ്ഞു. “ഈ സാഹചര്യത്തില്‍ ഞങ്ങളുടെ യഥാര്‍ഥ മതമായ ബുദ്ധമതത്തിലേക്ക് തിരിച്ചു പോവുകയാണ് നല്ലതെന്ന് തോന്നുന്നു. ഒ.ബി.സിക്കാര്‍ നാഗവംശികളാണ്. അതുകൊണ്ടു തന്നെ ബുദ്ധമതമാണ് ഞങ്ങളുടെ മതം. ബുദ്ധമതം സ്വീകരിച്ചു കൊണ്ടായിരിക്കും ഞങ്ങള്‍ ഘര്‍വാപസി നടത്താന്‍ പോകുന്നത്”- ഉപ്രെ വ്യക്തമാക്കി.
ഏറെക്കാലമായി തുടരുന്ന ജാതി വിവേചനത്തില്‍ മനംമടുത്ത് നിരവധി ഒ.ബി.സിക്കാര്‍ ഇതിനകം തന്നെ ബുദ്ധമതം സ്വീകരിച്ചു കഴിഞ്ഞു. നിരവധി പേരാണ് അടുത്തു നടക്കാനിരിക്കുന്ന വന്‍ ഘര്‍വാപസിക്കു വേണ്ടി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയില്‍ മാത്രം അഞ്ചു കോടി ഒ.ബി.സി വിഭാഗക്കാര്‍ ഉണ്ടെന്നാണ് കണക്ക്. ഇത്രകാലമായിട്ടും തങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ദുരിതാവസ്ഥ ഇനിയും തുടരാന്‍ കഴിയില്ലെന്നും അതുകൊണ്ടു തന്നെ ഈ വര്‍ഷം മാത്രം അഞ്ചുലക്ഷം പേര് ബുദ്ധമതം സ്വീകരിക്കുമെന്നും ഉപ്രെ വ്യക്തമാക്കി.
This post was last modified on December 27, 2016 3:37 pm