എം ബിനോയ്
വല്ലാത്തൊരു കഷ്ടം പിടിച്ച നാടാണ് നമ്മുടേത്. പ്രതീകങ്ങളെ വെച്ച് വെല്ലുവിളിച്ച് ശീലിച്ചുപോയി. അതിന്റെ അവസാനത്തെ ദൃഷ്ടാന്തമാണ് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി, നയാ പൈസ ചെലവില്ലാതെ നിയമിതയായ ഗീത ഗോപിനാഥിനെപ്പറ്റി ഉയരുന്ന ഗോ ഗോ വിളികള്‍. അവര്‍ ഒരു ഇടത് സാമ്പത്തിക സൈദ്ധാന്തിക അല്ല എന്നത് മുതല്‍, അവരാണ് ആഗോള മുതലാളിത്തത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍ എന്ന് വരെയുള്ള വിമര്‍ശനങ്ങള്‍ നിരന്ന് കഴിഞ്ഞു. ഡോ.തോമസ് ഐസക്കിനെപ്പോലെ പരിണിതപ്രജ്ഞനായ ഒരു സാമ്പത്തിക വിദഗ്ദന്‍ മന്ത്രിസഭയിലുള്ളപ്പോള്‍ എന്തിനാണ് മറ്റൊരു സിംഹം എന്ന ചോദ്യം വേറെ. റിച്ചാര്‍ഡ് ഫ്രാങ്കിയുടെ സൈറ്റില്‍ നിന്നും യു.എസ് എയിഡ് എന്ന അമേരിക്കന്‍ ഏജന്‍സിയുടെ സൈറ്റിലേക്ക് ഒരു ലിങ്ക് ഉണ്ട് എന്ന് കണ്ട് പിടിച്ച് വിമര്‍ശനമുന്നയിച്ച പ്രഭൃതികളുടെ നാടാണ് നമ്മുടേത്. ഏത് വിവാദത്തിനും ക്ലച്ച് പിടിപ്പിക്കാനാവുന്ന ഒരു മണ്ണ് മലയാളനാട്ടില്‍ ഉള്ളതുകൊണ്ട് ഗീതാ ഗോപിനാഥും അതില്‍ ഇടം പിടിച്ചു എന്ന് മാത്രം. പിന്നെ ദാമോദര ഉപദേശകത്വം കത്തി നിന്ന സമയമായതിനാലും. അതുകൊണ്ട് ഇതൊക്കെ വരുന്ന സമയത്തിനും ചില്ലറ ദോഷമുണ്ടെന്ന് വേണം കരുതാന്‍!
ആരാണ് ഗീതാഗോപിനാഥ്..? കണ്ണൂര്‍ ജില്ലയിലെ മയ്യില്‍ സ്വദേശികളായ ടി.വി ഗോപിനാഥിന്റെയും വിജയലക്ഷ്മിയുടെയും മകള്‍. മാതാപിതാക്കള്‍ പണ്ടേ മൈസൂരിലേക്ക് കുടിയേറി. കൃഷിയും ബിസിനസ്സുമായി ഗോപിനാഥ് മോശമല്ലാത്ത ഒരടിത്തറ മൈസൂരില്‍ ഉണ്ടാക്കിയിട്ടുണ്ട് എന്നത് സത്യം. ഗീതയാവട്ടെ ലേഡി ശ്രീരാം കോളേജിലും ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലും നന്നായി പഠിച്ച് ഉന്നത പഠനത്തിന് അമേരിക്കയിലേക്ക് വിമാനം കയറി. ഇത്രയൊക്കെ കാര്യങ്ങള്‍ പഠനകാലത്ത് സംഭവിക്കുക എന്നത്, ഇടത് വലത് വ്യത്യാസമില്ലാതെ എല്ലാ പഠിതാക്കളുടെയും വലിയ സ്വപ്നം തന്നെ. പ്രിന്‍സ്റ്റണ്‍ സര്‍വ്വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ് നേടി, സാമ്പത്തിക ശാസ്ത്ര മേഖലയില്‍ തന്റേതായ കഴിവ് തെളിയിച്ച ആള്‍. 2011 ലെ ലോക സാമ്പത്തിക സമ്മേളനത്തില്‍ ലോകത്തിലെ മികച്ച യുവപ്രതിഭകളിലൊരാളായി വിലയിരുത്തപ്പെട്ട വ്യക്തിത്വം. ഇപ്പോള്‍ ഹര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലെ സാമ്പത്തിക ശാസ്ത്ര പ്രൊഫസര്‍. ലോകോത്തരമായ നിരവധി സാമ്പത്തിക ശാസ്ത്ര ജേണലുകളിലെ എഴുത്തുകാരി. ഇഖ്ബാല്‍ ധലിവാള്‍ എന്ന പഴയ സഹപാഠിയെയാണ് അവര്‍ ജീവിത പങ്കാളിയാക്കിയത്. അദ്ദേഹം അബ്ദുള്‍ ലത്തീഫ് ജമീല്‍ പൊവേര്‍ട്ടി ആക്ഷന്‍ ലാബ് എന്ന ആഗോള പ്രസ്ഥാനത്തിലെ ഗവേഷകനും പ്രവര്‍ത്തകനും. അമേരിക്കയിലെ മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍, ദാരിദ്ര്യ ലഘൂകരണം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് അത്. കറന്‍സികളുടെ വിപണി വിനിമയ മൂല്യത്തിലും, യൂറോപ്യന്‍ വായ്പാ പ്രതിസന്ധി എന്ന വിഷയത്തിലും ഗീത ഗോപിനാഥിന്റെ പഠനം മികച്ചതത്രേ. ഇതൊക്കെ ഒരു ഭാഗം. ഇതിലെവിടെയും ആരും പ്രത്യേക പ്രതിസന്ധികളെ വായിച്ചെടുത്തേക്കില്ല.
ഇനി കഥയുടെ മറുഭാഗം. ഗീതയുടെ ഡോക്ടറല്‍ പഠനത്തിന് വഴികാട്ടിയായത് അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ്വിന്റെ (അവിടുത്തെ റിസര്‍വ്വ് ബാങ്ക് എന്ന് പറയാം) ചെയര്‍മാന്‍ ആയിരുന്ന ബേണ്‍ ബേനാങ്കും, ഐ.എം.എഫില്‍ റിസര്‍ച്ച് തലവന്മാരിലൊരാളായിരുന്ന കെന്നത്ത് റോഗോഫും. ഐ.എം.എഫ്, വേള്‍ഡ് ബാങ്ക് എന്നിവയൊക്കെ ഭയങ്കര കുഴപ്പം പിടിച്ച സ്ഥാപനങ്ങളായി സ്ഥാപിക്കപ്പെട്ടിട്ടുള്ള സ്ഥിതിക്ക് ഈ വസ്തുത വിവാദത്തിന് ഒരടിത്തറയായി. വേള്‍ഡ് ബാങ്കിലും ഐ.എം.എഫിലും പണിയെടുത്തിട്ടുള്ളവരെല്ലാം മോശക്കാരാണോ എന്നത് വായനക്കാര്‍ക്ക് വിടുന്നു. അമേരിക്കയില്‍ പി.എച്ച്.ഡി എടുക്കാന്‍ പോകാമോ, ഇനി പോയാല്‍ തന്നെ അവിടെ മാര്‍ക്‌സിസ്റ്റ് സാമ്പത്തിക വിദഗ്ദര്‍ക്ക് കീഴില്‍ കാര്യങ്ങള്‍ ചെയ്തു കൂടായിരുന്നോ എന്നൊക്കെയാണ് ചോദ്യങ്ങള്‍. അടിസ്ഥാനപരമായി മൂലധന വിപണികളെ ആസ്പദമാക്കിയുള്ള വികസനമാണ് അമേരിക്കയിലുള്ളത്. അവിടെയും ഇവിടെയും സാമ്പത്തിക സംവിധാനങ്ങള്‍ ഏറെക്കുറേ നടക്കുന്നത് സമാനമായി തന്നെ. സാമ്പത്തിക സംവിധാനങ്ങള്‍ മറന്ന് ഒരു ഗവണ്‍മെന്റും നിലനില്‍ക്കുന്നില്ല എന്ന സാമാന്യ തത്ത്വം ഈ വിവാദ ഭൂമികയില്‍ ആരോട് പറയാന്‍. മേല്‍ സൂചിപ്പിച്ച സ്ഥാപനങ്ങളില്‍ നന്നായി പണിയെടുത്തിട്ടുള്ള ആളായിരുന്നു ഡോ.മന്‍മോഹന്‍ സിംഗ്. അദ്ദേഹത്തെ ഇരുത്തി പൊതുമിനിമം പരിപാടി വരെ നടത്തിയിട്ടുണ്ട് നമ്മുടെ രാജ്യത്ത്. അപ്പൊ പിന്നെ മന്‍മോഹന്‍ സിംഗിന്റെ സ്വന്തം കോണ്‍ഗ്രസ്സുകാര്‍ പോലും ഗീതയ്‌ക്കെതിരെ നടത്തുന്ന പ്രചാരണത്തിന് എന്ത് അടിസ്ഥാനമാണുള്ളത്.
ഇനി മറ്റൊരു കാര്യം പറയാം. അമേരിക്കന്‍ പ്രസിഡന്റിന്റെ സാമ്പത്തിക ഉപദേശസമിതിയുടെ ചെയര്‍മാനായി 1995 മുതല്‍ 1997 വരെ പ്രവര്‍ത്തിച്ചത് ജോസഫ് സ്റ്റിഗ്ലിറ്റ്‌സ് ആണ്. ഇന്‍ഫര്‍മേഷന്‍ അസ്സിമ്മട്രിയേപ്പറ്റിയുള്ള പഠനത്തിന് അദ്ദേഹം നൊബേല്‍ സമ്മാനിതനായിരുന്നു. വേള്‍ഡ് ബാങ്കിന്റെ ചീഫ് ഇക്കണോമിസ്റ്റ് കൂടിയായിരുന്നു സ്റ്റിഗ്ലിറ്റ്‌സ്. അദ്ദേഹമാണ് ‘ആഗോളവത്കരണവും അസംതൃപ്തികളും’ എന്ന ഗ്രന്ഥം രചിച്ചത്. അദ്ദേഹം നമ്മുടെ ഇടത് സാമ്പത്തിക സൈദ്ധാന്തിക ചര്‍ച്ചകളിലെ പ്രിയ വിഭവമാണ് എന്നതും മറച്ച് വയ്ക്കാന്‍ പറ്റാത്ത സത്യവും. വല്ലാതെ കുഴപ്പത്തിലായല്ലോ നമ്മള്‍!
ഗീതാ ഗോപിനാഥിന്റെ ലോക സാമ്പത്തിക രംഗത്തെ കഴിവിനെയും നേതൃത്വ ശേഷിയേയും ഏതെങ്കിലും തരത്തില്‍ കേരളത്തിന് ഉപയോഗപ്പെടുത്താനാകുമോ എന്ന അന്വേഷണത്തിന്റെ ഉത്തരമായിട്ടായിരിക്കണം അവരെ സാമ്പത്തിക ഉപദേഷ്ടാവ് അക്കിയിട്ടുണ്ടാവുക. ശരിക്കും പറഞ്ഞാല്‍ ഇവിടെ മുതലാളിത്തം നടപ്പാക്കുന്നതിനല്ല, ലോക സാമ്പത്തിക ഭൂപടത്തില്‍ കേരളത്തിന് ഒരു ബ്രാന്‍ഡ് അംബാസിഡര്‍ ആകാനുള്ള ഒരു സാധ്യതയാണത്. അങ്ങനെയാണ് കാര്യമെങ്കില്‍ പിണറായി വിജയന്റേത് ഏറ്റവും ശരിയായ തിരഞ്ഞെടുപ്പാണ്. അതിനെ പ്രത്യയശാസ്ത്രപരമായ താത്വിക പൊരിവെയിലത്ത് വെച്ച് ഉഷ്ണിപ്പിച്ച് ഉരുക്കിക്കളയണോ എന്നതാണ് ചോദ്യം.
(സാമൂഹ്യ സാമ്പത്തിക നിരീക്ഷകനാണ് ലേഖകന്‍)
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)
Leave a Comment