X

ഭ്രൂണഹത്യ നിയമം മാറണം; സാങ്കേതികവിദ്യയ്ക്കും സ്ത്രീ സ്വാതന്ത്ര്യത്തിനുമൊപ്പം

ടീം അഴിമുഖം

ഗര്‍ഭം തുടരാന്‍ അനുവദിച്ചാല്‍ അമ്മയുടെയും കുഞ്ഞിന്റെയും ജീവന് അപകടമുണ്ടാകും എന്നതിനാല്‍ 24 ആഴ്ച വളര്‍ച്ചയുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിക്ക് സുപ്രിം കോടതി അനുമതി നല്‍കിയത് 1971ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നന്‍സി (എംടിപി) ആക്ട് പരിഷ്‌ക്കരണം സംബന്ധിച്ച ചര്‍ച്ചകള്‍ക്കു തുടക്കമിടെണ്ടതുണ്ട്.

മേല്‍പ്പറഞ്ഞ സംഭവത്തില്‍ ഭ്രൂണത്തിന് ഗുരുതരമായ തകരാറുകളുണ്ടെന്നും വളര്‍ച്ച പൂര്‍ത്തിയാക്കാനിടയില്ലെന്നും വിദഗ്ദര്‍ കണ്ടെത്തിയിരുന്നു. ബലാത്സംഗത്തില്‍നിന്ന് ജനിക്കുന്ന ഭ്രൂണങ്ങളുടെ മാത്രമല്ല സാധാരണജീവിതം നയിക്കാനാകാത്ത വിധം തകരാറുകളുള്ള മറ്റ് ഭ്രൂണങ്ങളുടെ കാര്യത്തിലും ഈ വിഷയം ചര്‍ച്ചയ്ക്കു വരേണ്ടതാണ്.

20 ആഴ്ച കഴിഞ്ഞുള്ള ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കിയാല്‍ പെണ്‍ഭ്രൂണഹത്യ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി അത് ദുരുപയോഗം ചെയ്യപ്പെടാമെന്ന അറ്റോര്‍ണി ജനറലിന്റെ വാദം തത്വത്തില്‍ ശരിയാണെങ്കിലും നിയമത്തിന്റെ കാര്‍ക്കശ്യം മൂലം അമ്മയുടെയും കുഞ്ഞിന്റെയും ജീവന്‍ അപകടത്തിലാകുന്ന സംഭവങ്ങള്‍ കുറവല്ല.

24 ആഴ്ചകള്‍ പിന്നിട്ടാല്‍പ്പോലും സുരക്ഷിതമായി ഗര്‍ഭം അലസിപ്പിക്കാന്‍ കഴിയും വിധം വൈദ്യശാസ്ത്രവും സാങ്കേതികവിദ്യയും പുരോഗതി നേടിയിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എംടിപി നിയമം ഭേദഗതി ചെയ്യേണ്ടതിന്റെ ആവശ്യം പല വനിതാസംഘടനകളും എടുത്തുകാട്ടിയിട്ടുണ്ട്.

ജനിക്കാനിരിക്കുന്ന കുഞ്ഞിന് ഹൃദയവൈകല്യമുണ്ടെന്നു കണ്ട് കോടതിയെ സമീപിച്ച ദമ്പതികളുടെ കേസ് ഇത്തരത്തില്‍ ഒന്നാണ്. കോടതി അനുമതി നിഷേധിച്ചെങ്കിലും 27ാം ആഴ്ചയില്‍ സ്വയം ഗര്‍ഭം അലസി. ജനനസമയത്തു തന്നെ മരിക്കുകയോ ജീവിച്ചാല്‍ത്തന്നെ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടേണ്ടിവരികയോ ചെയ്യുമെന്നുറപ്പുള്ള ഒരു കുഞ്ഞിനെ ഗര്‍ഭത്തില്‍ വഹിക്കുന്നതിന്റെ മാനസിക സമ്മര്‍ദം കൂടി കണക്കിലെടുത്തുവേണം ഇത്തരം കേസുകളില്‍ തീരുമാനമെടുക്കാന്‍.

2014 മുതല്‍ ആരോഗ്യമന്ത്രാലയം ഗര്‍ഭച്ഛിദ്രം അനുവദിക്കുന്ന നിയമത്തില്‍ ഭേദഗതി വരുത്താനുള്ള ശ്രമത്തിലാണ്. പ്രത്യേക സാഹചര്യങ്ങളില്‍ 20 ആഴ്ച പിന്നിട്ട ഗര്‍ഭവും അലസിപ്പിക്കാന്‍ അനുമതി ലഭിക്കുംവിധമാണിത്. പെണ്‍ ശിശുഹത്യയെപ്പറ്റിയുള്ള ആശങ്കകള്‍ക്ക് അടിസ്ഥാനമുണ്ടാകാം. പക്ഷേ അതു തടയാന്‍ മറ്റുനിയമങ്ങളുണ്ട്. അവ ഫലപ്രദമായി നടപ്പാക്കണമെന്നു മാത്രം.

45 വര്‍ഷം പഴക്കമുള്ള എംടിപി നിയമം വളരെ നേരത്തെതന്നെ ഭേദഗതി ചെയ്യേണ്ടിയിരുന്നു. ഗര്‍ഭച്ഛിദ്രത്തിന് അനുമതി തേടി കോടതി കയറിയിറങ്ങുക എന്ന മാനസികസമ്മര്‍ദത്തില്‍ നിന്ന് സ്ത്രീകളെ രക്ഷിക്കേണ്ടത് ആവശ്യമാണ്. ഇതിനെ സ്ത്രീകളുടെ അവകാശമായി വേണം കാണാന്‍. ഗര്‍ഭച്ഛിദ്രം നടത്തുകയേ വഴിയുള്ളൂ എന്ന അവസ്ഥയ്‌ക്കൊപ്പം കോടതി കയറേണ്ടിവരുന്ന സാഹചര്യം അവര്‍ക്ക് ഒഴിവാക്കിക്കിട്ടണം. രാഷ്ട്രീയ വ്യത്യാസങ്ങളൊന്നും ബാധിക്കരുതാത്ത വിഷയമാണിത്. നിയമം മാറുന്ന സാങ്കേതികവിദ്യയ്ക്കും സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനുമൊപ്പം നീങ്ങുക തന്നെ വേണം.

This post was last modified on July 27, 2016 10:38 am

Related Post
Leave a Comment