X

ഗൂണ്ട, അവതാര രാഷ്ട്രീയം; കോടതി മാത്രം പോര, ജനങ്ങളും ഒപ്പം നില്‍ക്കണം

അവതാരങ്ങളുടെ പിറവിയെക്കുറിച്ച്‌ ആദ്യം പറഞ്ഞത്‌ മുഖ്യമന്ത്രി പിണറായി വിജയനാണ്‌. ഇടതുമുന്നണി അധികാരത്തിലേറിയ സമയത്തു തന്നെ മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളോടു പറഞ്ഞു: സൂക്ഷിക്കണം, അവതാരങ്ങള്‍ പലരൂപത്തിലും വരും. അധികാരത്തിന്റെ ഇടനാഴികളില്‍ ചുറ്റിത്തിരിഞ്ഞു കാര്യം സാധിച്ചു നല്‍കുന്ന ചെറുകിട ദല്ലാളുകളില്‍ നിന്ന്‌ റിയല്‍ എസ്റ്റേറ്റിലുള്‍പ്പെടെ ഭീഷണിയും ആയുധവുമായി അരങ്ങു വാഴുന്ന അവതാര ഭീമന്മാരുള്ള നാട്ടിലാണ്‌ മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞതെന്ന്‌ ജനങ്ങള്‍ തിരിച്ചറിയാന്‍ ഒട്ടും വൈകിയില്ല. എറണാകുളം ജില്ലയില്‍ രണ്ടു രാഷ്‌ട്രീയ പാര്‍ട്ടികളുടെ പ്രാദേശിക നേതാക്കള്‍ തന്നെ ഇത്തരത്തില്‍ അവതാരങ്ങളായി പരിണമിച്ചത്‌ നാം കണ്ടു. നിയമത്തിന്റെ വഴിയേ തിരിഞ്ഞ്‌ ഒരാള്‍ ജയിലിലേക്ക്‌ പോയപ്പോള്‍ മറ്റൊരാള്‍ ഇനിയും നിയമത്തിന്റെ കാണാമറയത്താണ്‌. രാഷ്‌ട്രീയത്തിന്റെ നിര്‍വചനം തന്നെ മാറ്റിമറിക്കാന്‍ പോരുന്ന നേതാക്കളുള്ള ഒരു കാലത്താണ്‌ മലയാളി ജീവിക്കുന്നതെന്ന്‌ ആര്‍ക്കാണ്‌ അറിഞ്ഞുകൂടാത്തത്‌. പക്ഷേ രാഷ്‌ട്രീയത്തിന്‌ ഭീഷണിയുടെയും മര്‍ദ്ദനത്തിന്റെയും ഛായ നല്‍കി അധികാരത്തിന്റെ രസത്തില്‍ മുഴുകി ശിഷ്‌ടകാലം ജീവിച്ചു കളയാമെന്ന അവതാരങ്ങളുടെ ചിന്തയെയാണ്‌ ഹൈക്കോടതിയും കീഴ്‌ക്കോടതിയും ചേര്‍ന്ന്‌ പിച്ചിച്ചീന്തിയത്‌.

സിപിഎമ്മിന്റെ കളമശേരി ഏരിയ സെക്രട്ടറിയായിരുന്ന സക്കീര്‍ ഹുസൈനാണ്‌ അടി തെറ്റി വീണ ഒരാള്‍. കളമശേരി ഏരിയ സെക്രട്ടറിയുടെ വിപുലമായ അധികാരത്തിന്റെ ബലത്തില്‍ കോടതികളിലുള്ള സിവില്‍ കേസുകളില്‍ പോലും ഒത്തുതീര്‍പ്പുണ്ടാക്കാന്‍ ഇറങ്ങി പുറപ്പെട്ടതാണ്‌ സക്കീര്‍ ഹുസൈന്‌ പുലിവാലായത്‌. ഡയറിഫാം ബിസിനസിലെ പങ്കാളി കരാര്‍ ലംഘിച്ചതിനെതിരെ എറണാകുളത്തെ യുവവ്യവസായിയായ ജൂബി പൗലോസ്‌ നല്‍കിയ സിവില്‍ കേസുകള്‍ ഇല്ലാതാക്കാന്‍ സക്കീര്‍ ഹുസൈന്‍ കണ്ട വഴി ജൂബിയെ ഒന്നു വിരട്ടി നോക്കുകയെന്നതായിരുന്നു. സക്കീര്‍ ഹുസൈന്റെ വലംകയ്യായിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കറുകപ്പള്ളി സിദ്ധിഖിന്റെ സഹായത്തോടെയാണ്‌ സക്കീര്‍, ജൂബി പൗലോസിനെ ഭീഷണിപ്പെടുത്തിയതെന്ന്‌ പൊലീസ്‌ പറയുന്നു. സിദ്ധിഖ്‌ എറണാകുളം ബ്രോഡ്‌വേയിലെ ഒരു വ്യാപാരിയെ ഭീഷണിപ്പെടുത്തി വീടും കാറുമൊക്കെ തട്ടിയെടുത്ത കേസില്‍ പിടിയിലായതോടെയാണ്‌ ജൂബി പൗലോസിന്റെ കേസ്‌ ഉയര്‍ന്നു വന്നത്‌. ജൂബി പൗലോസിനെ പാലാരിവട്ടത്തെ ഒരു ബേക്കറിയില്‍ വിളിച്ചു വരുത്തിയ കറുപ്പള്ളി സിദ്ധിഖ്‌ കൂട്ടുപ്രതികള്‍ക്കൊപ്പം ജൂബിയെ ബലമായി കാറില്‍ കയറ്റി മര്‍ദ്ദിച്ച്‌ സിപിഎമ്മിന്റെ കളമശേരി ഏരിയ കമ്മിറ്റി ഓഫീസിലേക്ക്‌ കൊണ്ടുപോയെന്നും ഇവിടെ വച്ച്‌ സക്കീര്‍ ഹുസൈന്‍ കേസുകള്‍ പിന്‍വലിക്കാന്‍ ജൂബിയെ നിര്‍ബന്ധിച്ചുവെന്നുമാണ്‌ കേസ്‌. ജൂബിയുടെ ബിസിനസ്‌ പങ്കാളിയായ ബിസിനസുകാരി ഷീല തോമസും ഈ സമയത്ത്‌ ഏരിയ കമ്മിറ്റി ഓഫീസിലുണ്ടായിരുന്നു. ഈ കേസ്‌ രജിസ്റ്റര്‍ ചെയ്‌തതോടെ സക്കീര്‍ ഹുസൈന്‍ ഒളിവില്‍ പോയി. സിപിഎമ്മിന്റെ സംസ്‌ഥാന നേതൃത്വത്തിന്‌ ഏറെ അടുപ്പമുള്ള സക്കീര്‍ ഹുസൈന്റെ കേസ്‌ പാര്‍ട്ടിയെയും ഇടയ്‌ക്കൊന്ന്‌ അമ്പരപ്പിച്ചു. എറണാകുളം ജില്ലാ കമ്മിറ്റിയില്‍ തന്നെ ഇതു തര്‍ക്കങ്ങള്‍ക്ക്‌ വഴിവച്ചുവെന്നാണ്‌ കേട്ടുകേള്‍വികള്‍. യുഡിഎഫ്‌ സര്‍ക്കാര്‍ ഭരിച്ചിരുന്ന കാലത്ത്‌ നടന്ന ഒരു സംഭവത്തിന്റെ പേരില്‍ കാലമേറെക്കഴിഞ്ഞ്‌ ജൂബി ഇപ്പോള്‍ തനിക്കെതിരെ പരാതി നല്‍കിയതിനു പിന്നില്‍ ചില കള്ളത്തരങ്ങളുണ്ടെന്നാണ്‌ സക്കീര്‍ ഹുസൈന്റെ വാദം. എന്നാല്‍ ജീവനും സ്വത്തിനും ഭീഷണിയുള്ളതിനാലാണ്‌ പരാതി നല്‍കാന്‍ വൈകിയതെന്ന്‌ ജൂബി ഇതിനു മറുപടിയും നല്‍കി.

കേസ്‌ രജിസ്റ്റര്‍ ചെയ്‌തതോടെ ഒളിവില്‍ പോയ സക്കീര്‍ ഹുസൈനെവിടെയുണ്ടെന്ന്‌ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞില്ല. ഇതിനിടെ സക്കീര്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഈ ഹര്‍ജി പരിഗണിച്ച പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതി കേസില്‍ സക്കീര്‍ നിരപരാധിയാണെന്ന്‌ പറയാനാവില്ലെന്ന്‌ തെളിച്ചു പറഞ്ഞാണ്‌ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്‌. പിന്നീട്‌ ഹൈക്കോടതിയിലെത്തിയപ്പോള്‍ ഏഴു ദിവസത്തിനുള്ളില്‍ കീഴടങ്ങാനും ജാമ്യാപേക്ഷ മജിസ്‌ട്രേട്ട്‌ ഉചിതമായി പരിഗണിച്ചു തീര്‍പ്പാക്കാനും നിര്‍ദ്ദേശിച്ചു. ഈ വിധി വന്നതോടെ സക്കീര്‍ ഹുസൈന്‍ നേരെ കളമശേരി ഏരിയ കമ്മിറ്റിയിലേക്ക്‌ വന്നു കയറി. ഹൈക്കോടതി കീഴടങ്ങാന്‍ ഏഴു ദിവസം നല്‍കിയ സാഹചര്യത്തിലായിരുന്നു ഇത്‌. എന്നാല്‍ ഇതിനു മുമ്പ്‌ സക്കീറിനെ കണ്ടാല്‍ പൊലീസ്‌ അറസ്റ്റു ചെയ്യരുതെന്ന്‌ കോടതി പറഞ്ഞിട്ടില്ലെന്ന വസ്‌തുത പൊലീസും സൗകര്യപൂര്‍വം മറന്നു. രണ്ടു മൂന്നു ദിവസങ്ങള്‍ക്കു ശേഷം സക്കീര്‍ കീഴടങ്ങി. കോടതി ജാമ്യാപേക്ഷ തള്ളി. ഏറ്റവും ഒടുവില്‍ ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയും നിരസിച്ചു. ഈ കേസില്‍ ജാമ്യം അനുവദിക്കാവുന്ന ഘട്ടമായില്ലെന്നാണ്‌ ഹൈക്കോടതി അഭിപ്രായപ്പെട്ടത്‌.

എറണാകുളം മരട്‌ നഗരസഭാ വൈസ്‌ ചെയര്‍മാന്‍ ആന്റണി ആശാന്‍പറമ്പിലാണ്‌ രണ്ടാമത്തെ അവതാരം. തികഞ്ഞ കോണ്‍ഗ്രസുകാരന്‍, ഗാന്‌ധിയന്‍. ഐഎന്‍ടിയുസി പ്രവര്‍ത്തകന്‍ കൂടിയായ നെട്ടൂര്‍ സ്വദേശി ഷുക്കൂര്‍ എന്ന നിര്‍മ്മാണ കരാറുകാരനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി കരാര്‍ ജോലികള്‍ തട്ടിയെടുത്ത കേസാണ്‌ ആന്റണി ആശാന്‍പറമ്പിലിനെതിരെ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്‌. മരട്‌ നഗരസഭയിലെ കൗണ്‍സിലര്‍ ജിന്‍സണ്‍ പീറ്ററും കേസില്‍ കൂട്ടുപ്രതിയാണ്‌. ഈ കേസില്‍ പ്രതിയായ ഗുണ്ടകളുള്‍പ്പെടെ ചിലര്‍ പിടിയിലായിട്ടും ആന്റണി ആശാന്‍പറമ്പിലും ജിന്‍സണ്‍ പീറ്ററും ഒളിവിലാണ്‌. ഷുക്കൂറിനെ ആന്റണിയും സംഘവും രണ്ടു തവണയാണ്‌ ദ്രോഹിച്ചത്‌. ആദ്യത്തേത്‌ ഇത്തിരി പഴയ കേസാണ്‌. രണ്ടാമത്തെ ഭീഷണിയും ഉപദ്രവവവും കഴിഞ്ഞ സെപ്‌തംബറിലും.

ഷുക്കൂറിന്റെ പരാതി ലഭിച്ചതോടെ പൊലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌തു. എന്നാല്‍ മരട്‌ നഗരസഭയിലെ ഭരണം പിടിക്കാന്‍ ഇടതു മുന്നണി കളിക്കുന്ന കള്ളക്കളിയാണ്‌ തനിക്കെതിരായ കേസെന്നാണ്‌ ആന്റണിയുടെ വാദം. നഗരസഭയില്‍ ഇടതു വലതു മുന്നണികളുടെ അംഗബലം ഇഞ്ചോടിഞ്ചാണ്‌. ആന്റണിയെയും ജിന്‍സണിനെയും കേസില്‍ കുരുക്കി മാറ്റിയാല്‍ ഭരണം പിടിക്കാമെന്ന ഇടതു കണക്കുകൂട്ടലാണ്‌ ഷുക്കൂറിന്റെ പേരിലുള്ള കേസെന്ന്‌ ആന്റണി പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതിയിലുള്‍പ്പെടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദിച്ചു നോക്കി. പക്ഷേ, കോടതി ഇതു ചെവിക്കൊണ്ടില്ല. ഇപ്പോള്‍ ആന്റണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്‌. കുപ്രസിദ്ധ ഗുണ്ടാ നേതാവ്‌ ഭായ്‌ നസീര്‍ ഉള്‍പ്പെടെയുള്ളവരുമായി ആന്റണിക്ക്‌ അടുത്ത ബന്ധമാണെന്നും ഷുക്കൂറിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച്‌ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഗുണ്ടകളുള്‍പ്പെടെ പതിനെട്ടുപേര്‍ പ്രതികളാണെന്നും കഴിഞ്ഞ ദിവസം പൊലീസ്‌ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

 

ഈ രണ്ടു പാഠങ്ങള്‍ കൊണ്ട്‌ രാഷ്‌ട്രീയത്തിലെ പുഴുക്കുത്തുകളുടെ കഥകള്‍ അവസാനിക്കുന്നില്ല. കൊല്ലത്ത്‌ ഒരു രാഷ്‌ട്രീയ കൊലപാതകത്തിലും ചില പ്രാദേശിക നേതാക്കളുടെ പങ്ക്‌ പുറത്തു വന്നുകൊണ്ടിരിക്കുന്നു. മാറിയ കാലത്തിന്റെ രാഷ്‌ട്രീയം ക്രിമിനല്‍ സ്വഭാവത്തോടു കൂടിയതാണെങ്കില്‍ സ്വാഭാവികമായും നീതിപീഠങ്ങള്‍ക്ക്‌ കയ്യും കെട്ടി നോക്കിയിരിക്കാനാവില്ല. രാഷ്‌ട്രീയത്തിലെ ശുദ്ധീകരണത്തിന്‌ കോടതിയും ജനങ്ങളുമാണ്‌ മുന്‍കൈയെടുക്കേണ്ടത്‌. ക്രിമിനലുകളെ ജനങ്ങളുടെ പ്രതിനിധിയാകാന്‍ അനുവദിക്കാത്തത്ര ശക്തമാണ്‌ നമ്മുടെ നിയമം. ജനങ്ങളും ഒപ്പം നിന്നില്ലെങ്കില്‍ മുഖ്യമന്ത്രി മുന്നറിയിപ്പു നല്‍കിയ അവതാരങ്ങളുടെ പെരുമഴയായിരിക്കും നാം നേരിടുക.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

This post was last modified on December 12, 2016 9:23 am