X

കോ പൈസ; തേഞ്ഞിപ്പലം ഇങ്ങനെയാണ് നോട്ട് പ്രതിസന്ധിയെ മറികടക്കുന്നത്

കെ ആര്‍ ധന്യ

‘അയ്‌ല, മത്തിയേ…’ കൂകി വിളിച്ചുകൊണ്ട് ഒരു എം-80 തേഞ്ഞിപ്പലം കോയിന്നൂരിലെ രാഘവന്റെ വീട്ടുമുറ്റത്തെത്തി. 50 രൂപയ്ക്ക് മത്തി വാങ്ങിയ ശേഷം രാഘവന്‍ തന്റെ സ്മാര്‍ട്ട് ഫോണെടുത്ത് വണ്ടിക്കു നേരെ നീട്ടി. പൈസ കൊടുക്കുന്നതിന് പകരം ഫോണ്‍ കാണിക്കുകുകയോ? ആ വഴി വന്ന ആയിഷയ്ക്ക് അത്ഭുതം. പിന്നീടാണ് ആയിഷയ്ക്ക് ഇതിന്റെ ഗുട്ടന്‍സ് പിടികിട്ടുന്നത്. ബൈക്കില്‍ ഒട്ടിച്ചിരിക്കുന്ന ക്യൂ ആര്‍ കോഡിന് നേരെ ഫോണ്‍ പിടിച്ച് മീന്‍കാരന് പൈസ കൊടുക്കുകയാണ് രാഘവന്‍!. അതെ ഇവിടെ കാര്യങ്ങള്‍ മാറുകയാണ്. തേഞ്ഞിപ്പലം എന്ന മലപ്പുറത്തെ കൊച്ചു ഗ്രാമം ഇപ്പോള്‍ ഒരു വലിയ മാറ്റത്തിന് സാക്ഷ്യം വഹിക്കുകയാണ്. ഗ്രാമവാസികളുടെ മുഴുവന്‍ ജീവിതം തന്നെ മാറ്റിമറിച്ച ‘കോ പൈസ’ എന്ന വിപ്ലവം ഇവിടെ സംഭവിച്ചിരിക്കുന്നു.

തേഞ്ഞിപ്പലം കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് ജനങ്ങള്‍ക്കായി ‘കോ പൈസ’ എന്ന ആപ്പ് പ്രാവര്‍ത്തികമാക്കിയിരിക്കുന്നു. നോട്ട് നിരോധനവും ബാങ്ക് ഇടപാടുകളിലെ നിയന്ത്രണവും മൂലം വെട്ടിലായ ജനങ്ങളെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ബാങ്ക് നടപ്പിലാക്കിയ ഈ സംവിധാനം ഇന്ന് സാധാരണക്കാരുടെ വലിയ അത്താണിയാണ്. രാജ്യത്താദ്യമായി ഒരു സഹകരണ ബാങ്ക് തുടങ്ങിയ ഈ സംരംഭം അങ്ങനെ വിജയമാവുകയാണ്. സഹകരണ ബാങ്കുകളിലെ ഇടപാടുകള്‍ക്ക് നിയന്ത്രണം കൊണ്ടുവന്ന റിസര്‍വ് ബാങ്കിന്റെ നയത്തെ വെല്ലുവിളിച്ചുകൊണ്ടാണ് ‘കോ പൈസ’ സാധാരണക്കാരിലേക്കെത്തുന്നത്.

കയ്യില്‍ പണമില്ലെങ്കിലും അവശ്യ സാധനങ്ങള്‍ വാങ്ങാം. ചില്ലറയ്ക്കായി നെട്ടോട്ടമോടേണ്ട. വേണ്ടത് സഹകരണ ബാങ്കില്‍ ഒരക്കൗണ്ടും ഫോണും മാത്രം. നിങ്ങള്‍ക്കാവശ്യമുള്ളത് എന്തും, അത് മീനോ, പാലോ, പച്ചക്കറിയോ, പലവ്യഞ്ജനമോ എന്തുമാവട്ടെ ‘കോ പൈസ’ ഉപയോഗിച്ച് വാങ്ങാം. ഈ ആപ്പ് ഉപയോഗിച്ച് ഉഭോക്താവിന്റെ അക്കൗണ്ടില്‍ നിന്നും വില്‍പ്പനക്കാരന്റെ അക്കൗണ്ടിലേക്ക് മിനിറ്റുകള്‍ക്കുള്ളില്‍ പണം അയയ്ക്കാം. വന്‍ കോര്‍പ്പറേറ്റുകളുടെ പേയ്‌മെന്റ് ആപ്പുകളുടേതില്‍ നിന്ന് വ്യത്യസ്തമായി സ്മാര്‍ട്ട് ഫോണുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ഈ സംവിധാനം ഉപയോഗിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. ഇടപാടുകള്‍ക്ക് ചാര്‍ജും ഈടാക്കുന്നില്ല.

സ്മാര്‍ട്ട് ഫോണുള്ളവര്‍ക്ക് ‘കോ പൈസ’ ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ ഈ സേവനം ഏത് സമയത്തും ലഭ്യമാവും. തേഞ്ഞിപ്പലം സഹകരണ ബാങ്കിന്റെ കീഴില്‍ വരുന്ന പ്രദേശങ്ങളിലെ എല്ലാ കടകളിലും ബാങ്ക് നല്‍കിയ ക്യൂ ആര്‍ കോഡ് എഴുതിയ സ്റ്റിക്കര്‍ പതിപ്പിച്ചിട്ടുണ്ട്. സാധനങ്ങള്‍ വാങ്ങിക്കഴിഞ്ഞാല്‍ ഉപഭോക്താവ് തന്റെ ഫോണിലെ ആപ്പ് തുറന്ന് ക്യൂ ആര്‍ കോഡിന് നേരെ പിടിച്ച്, തുക എന്റര്‍ ചെയ്താല്‍ മതി, നിമിഷങ്ങള്‍ക്കകം അത് കച്ചവടക്കാരന്റെ അക്കൌണ്ടിലേക്കെത്തും. രണ്ട് പേര്‍ക്കും മെസേജ് ആയി ഇടപാടിന്റെ വിവരവും ലഭിക്കും. ഇനി ഉപഭോക്താവിന്റെ കയ്യില്‍ സ്മാര്‍ട് ഫോണില്ലെങ്കില്‍ കടക്കാരന്‍ ഒരു വണ്‍-ടൈം പാസ് വേഡ് അയാളുടെ ഫോണിലേക്ക് അയയ്ക്കും. ഇത് വഴി ഇടപാട് നടത്താം. ഓട്ടോ റിക്ഷകളിലും ഈ സേവനം ലഭ്യമാണ്. എണ്‍പതിലധികം ഓട്ടോറിക്ഷകള്‍ ‘കോ പൈസ’ ഉപയോഗിക്കുന്നു. തേഞ്ഞിപ്പലം, ചേലേമ്പ്ര, പള്ളിക്കല്‍, പെരുവള്ളൂര്‍, മുന്നിയൂര്‍, വള്ളിക്കുന്ന് പഞ്ചായത്തുകളിലാണ് ‘കോ പൈസ’ സേവനം ലഭ്യമാവുന്നത്.

‘കോ പൈസ’ പ്രോജക്ട് ഹെഡ് ആയ ശ്രീജിത്ത് മുല്ലശേരിയുടെ വാക്കുകളിലേക്ക്- ‘ഡിജിറ്റല്‍ പൈസ എന്ന സങ്കല്‍പ്പം പോലും സഹകരണ ബാങ്കിലെ അക്കൌണ്ട് ഹോള്‍ഡേഴ്‌സായ സാധാരണക്കാര്‍ക്ക് അന്യമായിരുന്നു. ‘കോ പൈസ’ എന്ന ആശയം മുന്നേ ഞങ്ങളുടെ മനസ്സിലുള്ളതാണ്. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണം വന്നതോടെ സഹകരണ ബാങ്കുകള്‍ക്ക് ഒന്നും ചെയ്യാനില്ലാത്ത അവസ്ഥയായി. അപ്പോഴാണ് ഈ ആശയം പ്രാവര്‍ത്തികമാക്കിയാലെന്തെന്ന് ബാങ്ക് ആലോചിക്കുന്നത്. 21,000 അക്കൌണ്ട് ഹോള്‍ഡേഴ്‌സാണ് ഞങ്ങള്‍ക്കുള്ളത്. 12 കോടിയിലധികം രൂപയുടെ നിക്ഷേപവുമുണ്ട്. അതായത് കസ്റ്റമേഴ്‌സിന്റെ കയ്യില്‍ പണമുണ്ട്. പക്ഷെ അത് പിന്‍വലിക്കാനോ, ചെലവാക്കാനോ പറ്റാത്ത അവസ്ഥ. ഇങ്ങനെ ഒരാശയം കൊണ്ടേ അതിനെ മറികടക്കാനാവൂ എന്ന് ഞങ്ങള്‍ക്ക് മനസ്സിലായി’.

‘ആദ്യം ഞങ്ങള്‍ ഒരു സര്‍വേ നടത്തി. നോട്ട് അസാധുവാക്കലും, മറ്റ് നിയന്ത്രണങ്ങളും വന്നതോടെ ലോക്കല്‍ മാര്‍ക്കറ്റില്‍ വലിയ രീതിയില്‍ മാന്ദ്യമനുഭവപ്പെടുന്നുണ്ടെന്ന് അതില്‍ നിന്ന് വ്യക്തമായി. ഞങ്ങളുടെ അക്കൌണ്ട് എടുത്തിട്ടുള്ളവരെ മൂന്നായി തിരിച്ചായിരുന്നു സര്‍വ്വേ. താഴെക്കിടക്കാര്‍ 100 ശതമാനവും, 90 ശതമാനം മധ്യവര്‍ഗക്കാരും, 60 മുതല്‍ 80 ശതമാനം വരെ വരുന്ന സമ്പന്നരും ലോക്കല്‍ മാര്‍ക്കറ്റുകളെ തന്നെ ആശ്രയിക്കുന്നതായി കാണാന്‍ കഴിഞ്ഞു. മുമ്പായിരുന്നെങ്കില്‍ കടകളില്‍ പറ്റുബുക്ക് ഉണ്ടായിരുന്നു. പക്ഷെ ഇന്നത് ഗ്രാമങ്ങളില്‍ പോലുമില്ല. ഒന്നോ രണ്ടോ ദിവസം കടം കൊടുക്കുമെന്നതില്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിക്കേണ്ടതില്ല. ഇവിടുത്തെ കടകളില്‍ സ്വൈപ്പിങ് മിഷീനുമില്ല, ഭൂരിഭാഗം സാധാരണക്കാരുടെയും കയ്യില്‍ എടിഎം കാര്‍ഡുകളുമില്ല. അങ്ങനെ വന്നപ്പോള്‍ ആര്‍ക്കും സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കാതെ വന്നു. അങ്ങനെയാണ് ‘കോ പൈസ’ എത്രയും വേഗം പ്രാബല്യത്തില്‍ കൊണ്ടു വരാന്‍ ഞങ്ങള്‍ തീരുമാനിച്ചത്. തുടങ്ങിയിട്ട് ഒരാഴ്ചയേ ആയിട്ടുള്ളൂ. ഇപ്പോള്‍ തന്നെ ആയിരത്തിലധികം പേര്‍ ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നുണ്ട്. ഇനിയും നിരവധി പേരിലേക്ക് ഇതെത്തിക്കാനാവുമെന്ന് തന്നെയാണ് പ്രതീക്ഷ.’- 3.5 ലക്ഷം രൂപ മുടക്കിയാണ് ബാങ്ക് ഈ സോഫ്‌റ്റ്വെയര്‍ ഡവലപ്പ് ചെയ്തത്.

സാധാരണക്കാര്‍ക്ക് ‘കോ പൈസ’ ഉപയോഗിക്കാന്‍ പഠിപ്പിച്ചുകൊടുക്കാന്‍ ശ്രീജിത്തിന്റെ നേതൃത്വത്തില്‍ 120 ഫീല്‍ഡ് വര്‍ക്കേഴ്‌സുമുണ്ട്. എല്ലാവരും ഫാര്‍മേഴ്‌സ് ക്ലബ്ബിലെ അംഗങ്ങള്‍. വീടുവീടാന്തരം കയറി ഓരോരുത്തരേയും ഇവര്‍ ഉപയോഗക്രമം പഠിപ്പിക്കുന്നു. ‘ഈ ആപ്പ് ലോഞ്ച് ചെയ്തപ്പോള്‍ ഇത് പ്രാവര്‍ത്തികമാക്കാനാവുമോ എന്ന് സംശയമുണ്ടായിരുന്നു. പക്ഷെ ഇപ്പോള്‍ പലഭാഗത്തു നിന്നും നല്ല പ്രതികരണങ്ങളാണ് വരുന്നത്. സഹകരണ ബാങ്കിലെ പ്രതിസന്ധി മൂലം പലരും മെച്വര്‍ ആവാത്ത എഫ്.ഡി. പോലും ക്ലോസ് ചെയ്ത് പോവുകയായിരുന്നു. ഇപ്പോള്‍ അതില്‍ നിന്ന് മാറ്റം വന്നിട്ടുണ്ട്. ഇവിടുത്തെ സ്വകാര്യ ആശുപത്രിയും സൂപ്പര്‍ മാര്‍ക്കറ്റുമെല്ലാം ‘കോ പൈസ’ യില്‍ ഉള്‍പ്പെടുത്തണമെന്ന് ഇങ്ങോട്ട് ആവശ്യപ്പെട്ട് വന്നിരിക്കുകയാണ്.’ ശ്രീജിത്ത് പറയുന്നു.

ഇനി ഉപഭോക്താക്കളുടെ പ്രതികരണത്തിലേക്ക്- ‘എനിക്ക് വളരെ സന്തോഷം തോന്നുന്നു. ശരിക്കും ഇതൊരു വിപ്ലവം തന്നെയാണ്. സാധാരണക്കാര്‍ മാത്രമുള്ള ഒരിടത്ത് സാധാരണക്കാരുടെ ബാങ്ക് നല്‍കുന്ന സേവനം, അതിനെ എന്ത് പറഞ്ഞ് വിശേഷിപ്പിക്കാനാവും. നോട്ട് പ്രതിസന്ധി വന്നതുമുതല്‍ ഞാന്‍ കാറോടിച്ച് ദൂരെയുള്ള ഷോപ്പുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുകയായിരുന്നു. പെട്ടെന്ന് ഒരു ദിവസമാണ് ‘കോ പൈസ’ ഞങ്ങളുടെ മുന്നിലേക്കെത്തുന്നത്. ഞാന്‍ നോക്കുമ്പോള്‍ സാധാരണക്കാരെല്ലാം വളരെ ഹാപ്പി ആണ്. കാരണം അവര്‍ ദൂരെപ്പോയി സാധനങ്ങള്‍ വാങ്ങാനോ സ്വൈപ്പിങ് മിഷ്യനിലൂടെ ഇടപാട് നടത്താനോ ഒന്നും സൗകര്യമുള്ളവരല്ല. അവരുടെ കയ്യില്‍ ക്രെഡിറ്റ് കാര്‍ഡുമുണ്ടാവില്ല. ‘കോ പൈസ’യുടെ കാര്യത്തില്‍ നമ്മളൊന്നുമറിയേണ്ട. ബാങ്കില്‍ നിന്ന് വന്ന് എല്ലാം മനസ്സിലാക്കി തരും. വേണമെങ്കില്‍ ആപ്പ് ഡൗണ്‍ലോഡും ചെയ്ത് തരും. ഇപ്പോള്‍ ഇവിടെ നോട്ട് പ്രതിസന്ധിയൊന്നും ആര്‍ക്കും ഒരു വിഷയമല്ല. ‘കോ പൈസ’ കൊണ്ട് മീന്‍ വാങ്ങും, അപ്പുറത്തെ കടയില്‍ നിന്ന് പാല് വാങ്ങും. എല്ലാം വളരെ എളുപ്പം. സ്റ്റിക്കര്‍ ഒട്ടിക്കാനും ഈ സംവിധാനം പ്രാവര്‍ത്തികമാക്കാനും ബാങ്ക് ചെയ്യുന്ന പരിശ്രമത്തെ എത്ര പ്രശംസിച്ചാലും മതിയാവില്ല. മനസ്സുണ്ടെങ്കില്‍ ആര്‍ക്കും ഇത്തരം മാറ്റങ്ങള്‍ ഉണ്ടാക്കാമെന്നാണ് തേഞ്ഞിപ്പലം പോലത്തെ ഒരു കൊച്ചു സ്ഥലത്തെ സഹകരണ ബാങ്ക് തെളിയിച്ചിരിക്കുന്നത്’– കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വിമന്‍ സ്റ്റഡീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് മോളി കുര്യന്റെ വാക്കുകള്‍.

‘ഞാനൊരു ഓട്ടോ ഡ്രൈവറാണ്. ആരുടെ കയ്യിലും പൈസയില്ലാത്തതിനെക്കൊണ്ട് ഓട്ടം വളരെ കുറവായിരുന്നു. ഇപ്പോ ‘കോ പൈസ’ ഉപയോഗിച്ച് ആളുകള്‍ ഓട്ടം വിളിക്കാന്‍ തുടങ്ങി. ഇന്നലെ എനിക്ക് ഓട്ടോറിക്ഷയുടെ ഇന്‍ഷൂറന്‍സ് അടയ്ക്കണമായിരുന്നു. ആപ്പ് ഉപയോഗിച്ച് അതും സാധിച്ചു. ഒരു ചങ്ങാതിയുടെ കയ്യില്‍ നിന്നും കടം വാങ്ങിയ പൈസയും കോ പൈസ വഴി ട്രാന്‍ഫര്‍ ചെയ്തു. എന്തുകൊണ്ടും സാധാരണക്കാരന് ഉപകാരമായ പദ്ധതിയാണ്. ഓട്ടോയില്‍ കയറുന്നവര്‍ക്ക് ചില്ലറയുടെ പ്രശ്‌നവുമില്ല. നമ്മുടെ കാര്യങ്ങളെല്ലാം നടക്കുന്നുമുണ്ട്’- യൂണിവേഴ്‌സിറ്റിക്കടുത്ത് ഓട്ടോ ഓടിക്കുന്ന രാജേഷ് പറയുന്നു.

കോയിന്നൂര്‍ എസ്.ആര്‍.ബേക്കറി ഉടമ സമീറിനും പറയാനുണ്ട് ചിലത്- ‘പൈസ ഇല്ലാത്തേനെക്കൊണ്ട് ഒരാളും ബേക്കറി ഐറ്റംസൊന്നും വാങ്ങാറേയില്ലായിരുന്നു. ഞങ്ങള്‍ ഈച്ചേം ആട്ടി ഇരിപ്പായിരുന്നു. ‘കോ പൈസ’ വന്നപ്പഴേക്കും പിന്നേം ഓരോരുത്തരായി വരാന്‍ തുടങ്ങി. കച്ചവടം കുറേശ്ശേ മെച്ചപ്പെട്ട് വരുന്നുണ്ട്. ആപ്പ് കൂടുതല്‍ പേര്‍ ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ ഇവിടുത്തെ കച്ചവടമെല്ലാം രക്ഷപെടും. കോ പൈസേന്റെ ഗുണം എന്താന്ന് വച്ചാ ഒരൊറ്റ പൈസ പോലും ഇടപാട് നടത്തുന്നവര്‍ക്ക് നഷ്ടമാവില്ല. പിന്നെ രണ്ട് രൂപയാണെങ്കില്‍ പോലും അത് അക്കൗണ്ടിലേക്ക് വരുകയും ചെയ്യും.’

‘മീന്‍ സ്ഥിരം വാങ്ങിക്കോണ്ടിരുന്നവര്‍ പലരും കടം പറയലായിരുന്നു. പൈസ തരുന്നവര്‍ പലരും രണ്ടായിരത്തിന്റെ നോട്ടും കൊണ്ടാണ് വരുന്നത്. ചില്ലറ ഉണ്ടാക്കാന്‍ ഞാന്‍ കുറേ കഷ്ടപ്പെട്ടു. ഇപ്പോ കടവുമില്ല. ചില്ലറയും വേണ്ട. കഴിഞ്ഞ മാസം കച്ചവടം കുറച്ച് ഡള്‍ ആയിരുന്നു. എടുത്ത മീന്‍ മുഴുവന്‍ ചീഞ്ഞ് പോയ ദിവസം പോലുമുണ്ട്. ഇപ്പോള്‍ ഇവിടെയുള്ളവര്‍ക്ക് ഇനി പ്രശ്‌നമില്ല’. തേഞ്ഞിപ്പലത്തെ മീന്‍കച്ചവടക്കാരനായ മൂസ പറയുന്നു.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

This post was last modified on December 10, 2016 10:09 am