X

ഗവര്‍ണര്‍ പെരുമാറുന്നത് ബിജെപി ബ്ലോക്ക് പ്രസിഡന്റിനെപ്പോലെ; രൂക്ഷ വിമര്‍ശനവുമായി മമത ബാനര്‍ജി

ബംഗാള്‍ പിടിക്കാനുള്ള ഊര്‍ജിതമായ ശ്രമമാണ് സംഘപരിവാര്‍ സംഘടനകളെ മുന്‍നിര്‍ത്തി ബി.ജെ.പി നടത്തിക്കൊണ്ടിരിക്കുന്നത്

സംസ്ഥാന ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠി ഭീഷണിപ്പെടുത്തിയെന്നും അപമാനിച്ചെന്നും ആരോപിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഗവര്‍ണര്‍ ബി.ജെ.പിയുടെ ബ്ലോക്ക് പ്രസിഡന്റിനെ പോലെയാണ് പെരുമാറിയതെന്നും അവര്‍ കുറ്റപ്പെടുത്തി. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ തിങ്കളാഴ്ചയുണ്ടായ സാമുദായിക സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ രൂക്ഷമായ അഭിപ്രായവ്യത്യാസം ഉണ്ടായിരിക്കുന്നത്.

ഒരു ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്നാണ് നോര്‍ത്ത് 24 പര്‍ഗാനാസില്‍ തിങ്കളാഴ്ച സാമുദായിക സംഘര്‍ഷമുണ്ടാകുന്നത്. നിരവധി കടകള്‍ തകര്‍ക്കപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് പ്രദേശത്ത് വന്‍തോതില്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ഇതിനു പിന്നാലെ സംസ്ഥാന ബി.ജെ.പി നേതൃത്വം ഗവര്‍ണറെ കണ്ടതോടെയാണ് അദ്ദേഹം തന്നെ ഫോണില്‍ ബന്ധപ്പെട്ടതെന്ന് മമത ബാനര്‍ജി പറയുന്നു. തുടര്‍ന്ന് അവര്‍ പത്രസമ്മേളനം വിളിച്ച് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു.

എന്റെ ജീവിതത്തില്‍ ഇത്തരത്തിലുള്ള അപമാനം ഉണ്ടായിട്ടില്ല. അദ്ദേഹം ഒരു ബി.ജെ.പി ബ്ലോക്ക് പ്രസിഡന്റിനെ പോലെ സംസാരിക്കുകയായിരുന്നു. എന്നെ ഇത്തരത്തില്‍ ഭീഷണിപ്പെടുത്താന്‍ അദ്ദേഹത്തിന് കഴിയില്ല. അക്കാര്യം ഞാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ക്രമസമാധാനം നോക്കാനാണ് എന്നോട് പറഞ്ഞത്. വളരെ മോശം ഭാഷയാണ് അദ്ദേഹം ഉപയോഗിച്ചത്. ഞാന്‍ അയാളുടെ ജോലിക്കാരിയല്ല. അയാളുടെയോ ബി.ജെ.പി, സി.പി.എം പോലുള്ള പാര്‍ട്ടികളുടേയോ ദയ കൊണ്ടല്ല ഞാന്‍ അധികാരത്തില്‍ വന്നത്. അയാളെ കേന്ദ്രം നിയമിച്ചതാണെന്ന് ഓര്‍ക്കണം. പക്ഷേ, എന്നെ ജനങ്ങള്‍ തെരഞ്ഞെടുത്തതാണ്. എപ്പോള്‍ ബി.ജെ.പി നേതാക്കള്‍ കണ്ടു കഴിഞ്ഞാലും ഗവര്‍ണര്‍ ഒരു ഭാഗത്തിന്റെ മാത്രം കൂടെ നില്‍ക്കുന്നു. ഇത് അംഗീകരിക്കാന്‍ പറ്റില്ല“- അവര്‍ പറഞ്ഞു.

എന്നാല്‍ സംസ്ഥാനത്തിന്റെ തലവന്‍ എന്ന നിലയില്‍ ക്രമസമാധാന പ്രശ്‌നമുണ്ടാകുമ്പോള്‍ കൈയും കെട്ടി നോക്കിയിരിക്കാനാവില്ല എന്നാണ് രാജ്ഭവന്‍ ഇക്കാര്യത്തില്‍ മറുപടി പറഞ്ഞത്. അതോടൊപ്പം, ഗവര്‍ണര്‍ മോശമായി പെരുമാറി എന്ന ആരോപണം നിഷേധിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ മനോഭാവവും ഉപയോഗിച്ച ഭാഷയും ഗവര്‍ണറെ അത്ഭുതപ്പെടുത്തിയെന്ന് രാജ്ഭവന്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ‘ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള സംഭാഷണം ഔദ്യോഗികവും രഹസ്യവുമായിരിക്കണം. മുഖ്യമന്ത്രി പറയുന്ന വിധത്തില്‍ ഗവര്‍ണര്‍ ഭീഷണിപ്പെടുത്തുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ല’ എന്നും രാജ്ഭവന്‍ പറഞ്ഞു.

രാജ്ഭവന്‍ ആര്‍.എസ്.എസ് ശാഖ പോലെയായി മാറിയിരിക്കുകയാണെന്ന് തൃണമൂല്‍ നേതാവ് ഡെറിക് ഒബ്രിയാനും കുറ്റപ്പെടുത്തി.

ബംഗാള്‍ പിടിക്കാനുള്ള ഊര്‍ജിതമായ ശ്രമമാണ് സംഘപരിവാര്‍ സംഘടനകളെ മുന്‍നിര്‍ത്തി ബി.ജെ.പി നടത്തിക്കൊണ്ടിരിക്കുന്നത് എന്നാണ് വിവരം. ഇതിനെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരന്തരമായ സാമുദായിക സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നുമുണ്ട്.

This post was last modified on July 5, 2017 3:13 pm