X

വാഷിംഗ്ടണില്‍ ഗ്രീന്‍പീസ് പ്രവര്‍ത്തകര്‍ 270 അടി ഉയരമുള്ള ക്രെയിനില്‍ കയറി ട്രംപിനെതിരെ ബാനര്‍ ഉയര്‍ത്തി

Resist എന്നായിരുന്നു ബാനറില്‍ രേഖപ്പെടുത്തിയിരുന്നത്

പീറ്റര്‍ ഹെര്‍മന്‍, മാന്‍ഡി മക്ലാറെന്‍

കഴിഞ്ഞ ബുധനാഴ്ച്ച ഗ്രീന്‍പീസ് പ്രവര്‍ത്തകര്‍  വാഷിംഗ്ടണ്‍ ഡൌണ്‍ടൌണില്‍ 270 അടി ഉയരത്തിലുള്ള ഒരു ക്രെയിനില്‍ കയറി, ഓറഞ്ചും കറുപ്പും നിരത്തില വലിയൊരു ബാനര്‍ നിവര്‍ത്തി. വൈറ്റ് ഹൌസിന്റെ പുതിയ മേധാവിക്കുള്ള സന്ദേശം മാത്രമായിരുന്നില്ല അത്.  തങ്ങളുടെ അജണ്ടകളെ എതിര്‍ക്കുന്നവരെ ഉദ്ദേശിച്ചു കൂടിയായിരുന്നു “ചെറുക്കുക” (Resist) എന്നെഴുതിയ ആ ബാനര്‍.

രാവിലെ മുതല്‍ വൈകീട്ട് വരെ തിരക്കുപിടിച്ച നേരത്ത് ഗതാഗതം നിര്‍ത്തിവെച്ചാണ് കൊളംബിയ ജില്ല പോലീസ് ഏഴു പ്രതിഷേധക്കാരെ മാറ്റിയത്. പ്രസിഡണ്ട് ഉദ്ഘാടനത്തിന് മുമ്പായി ജില്ലയില്‍ തുടങ്ങിയ നിരവധി പ്രതിഷേധങ്ങളില്‍ ഒന്നായിരുന്നു അത്.

ബുധനാഴ്ച്ച വൈകീട്ടോടെ പരിചയസമ്പന്നരായ കയറ്റക്കാര്‍ എന്നു ഗ്രീന്‍പീസ് അറിയിച്ച പ്രതിഷേധക്കാര്‍ 35-75 അടിയുടെ കൊടി വിടര്‍ത്തിയിരുന്നു. എന്നാല്‍ അവര്‍ താഴെയിറങ്ങാന്‍ തയ്യാറായില്ല. പോലീസ് അവരെ പിടികൂടാന്‍ താഴെ നില്‍ക്കുന്നുണ്ടായിരുന്നു.

അഞ്ചു പ്രതിഷേധക്കാര്‍ ക്രെയിനിന്റെ പല ഭാഗത്തായി നിലയുറപ്പിച്ചു. രണ്ടു പേര്‍ അതില്‍ സ്വയം താഴിട്ട് പൂട്ടി. പോലീസിന് പിടികൂടാനോ ക്രെയിന്‍ നിയന്ത്രിക്കുന്നയാള്‍ അതിന്റെ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് തടയാനോ ആയിരുന്നു അത്. പുലര്‍ച്ചെ നാലു മണിക്ക് കയറ്റം തുടങ്ങിയ അവര്‍ രാവിലെ ഒന്‍പത് മണിയോടെ പതാക നിവര്‍ത്തി.

അന്താരാഷ്ട്ര പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസ് , Keystone XL, Dakota Access എണ്ണക്കുഴല്‍ പദ്ധതികളുമായി മുന്നോട്ട് പോകാനുള്ള ട്രംപ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെയാണ് പ്രതിഷേധിച്ചത്.
നിരവധി പേരാണ് പഴയ വാഷിംഗ്ടണ്‍ പോസ്റ്റ് ആസ്ഥാനത്തിന് മുന്നിലായി ഇതും നോക്കി തടിച്ചുകൂടിയത്. ഏതാണ്ട് അര മൈല്‍ അകലെ 1600 പെന്‍സില്‍വാനിയ അവന്യൂ വരെ കാണാനാകും എന്നതുകൊണ്ടാണ് പതാക നിവര്‍ത്താന്‍ ഈ സ്ഥലം തെരഞ്ഞെടുത്തതെന്ന് ഗ്രീന്‍പീസ് പറഞ്ഞു.

അടിയന്തര രക്ഷ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയെങ്കിലും പ്രതിഷേധം തുടരാന്‍ അനുവദിക്കാനാണ് പോലീസ് തീരുമാനിച്ചത്.ഇവര്‍ക്കെതിരെ കുറ്റം ചുമത്തുന്ന കാര്യം ഡി.സി പോലീസ് ആലോചിച്ചിട്ടില്ല. അത് യു.എസ് അറ്റോര്‍ണി കാര്യാലയത്തിന് വിട്ടു.

പ്രതിഷേധക്കാരില്‍ ഒരാളായ കാലിഫോര്‍ണിയയിലെ ഓക്ലാണ്ടില്‍ നിന്നുള്ള 26-കാരിയായ പേള്‍ റോബിന്‍സന്‍ ക്രെയിന് മുകളില്‍ നിന്നും നല്കിയ ഫോണ്‍ അഭിമുഖത്തില്‍ പറഞ്ഞു, “ഈ ഭരണം (ട്രംപ്) സാധാരണ ഗതിയിലാകുന്നത് ചെറുക്കാനാണ് ഞങ്ങളിവിടെ.”

മഴക്കാട് ദൌത്യ ശൃംഖലയുടെ ദേശീയ സംഘാടകയായ റോബിന്‍സന്‍ പറഞ്ഞത്, ഈ പരിപാടിയുടെ തത്സമയദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ നിരവധി പേര്‍ കണ്ടെന്നും അതൊരു വിജയമാണെന്നുമാണ്. പ്രസിഡണ്ട് ട്രംപിന്റെ ചില എക്സിക്യൂട്ടീവ് ഉത്തരവുകള്‍ യു.എസ് പൌരന്മാരുടെ മുഖത്തുള്ള അടിയാണെന്നും അവര്‍ പറഞ്ഞു.

അധികാരികളും കോര്‍പ്പറേഷനുകളുമായുള്ള ഏറ്റുമുട്ടലുകള്‍ അടക്കമുള്ള സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ പേരില്‍ അറിയപ്പെടുന്ന ഗഗ്രീന്‍പീസ് വക്താവ് കസാദി ഷാര്‍പ്പ് പറഞ്ഞത്, “ട്രംപ് ഭരണത്തിന്റെ കുറച്ചു ദിവസങ്ങള്‍ക്കുളില്‍ നിരാശരായ ആളുകള്‍ക്ക് ഒരു സന്ദേശം നല്‍കാനാണ്” സംഘടന ആഗ്രഹിച്ചത് എന്നാണ്. രാജ്യത്തിന്റെ പലയിടങ്ങളില്‍ നിന്നും പ്രതിഷേധക്കാര്‍ എത്തി എന്നും അവര്‍ പറഞ്ഞു.

രാവിലെ 6 മണിയോടെയാണ് കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍ പ്രതിഷേധക്കാരെ കണ്ടതെന്നും അപ്പോള്‍ പോലീസിനെ അറിയിച്ചെന്നും കെട്ടിട നിര്‍മ്മാണ കമ്പനി ഫാനീ മെയ്-യുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ലീ ഡെലോങ് പറഞ്ഞു. പൂട്ട് പൊളിച്ചാണ് പ്രതിഷേധക്കാര്‍ അകത്തുകയറിയതെന്നും, ക്രെയിന്‍ നിയന്ത്രിക്കാനുള്ള അറിവുള്ളവര്‍ക്കെ അതിന്റെ മുകളില്‍ അങ്ങനെ കയറാന്‍ കഴിയൂ എന്നും അയാള്‍ വ്യക്തമാക്കി.

രക്ഷാപ്രവര്‍ത്തകരെയോ അഗ്നിശമന വിഭാഗത്തേയോ മുകളില്‍ വിടണ്ട എന്ന പോലീസ് തീരുമാനത്തെ അയാളും ന്യായീകരിച്ചു. അത് അപകടമുണ്ടാക്കിയെനെ എന്നാണ് കാരണം.

അന്നത്തെ മിക്ക ജോലികളും അവര്‍ നിര്‍ത്തിവെച്ചു. ഇനി ഉപയോഗിക്കുന്നതിന് മുമ്പ് ക്രെയിന്‍ പരിശോധന നടത്തണം. കമ്പനിക്കു എത്ര നഷ്ടം വന്നു എന്നയാള്‍ കൃത്യമായി പറഞ്ഞില്ല, എങ്കിലും “ഗണ്യമായ നഷ്ടമുണ്ടാക്കി,” എന്നു പറഞ്ഞു.

ഈ സ്ഥലത്തിനടുത്ത് താമസിക്കുന്ന എറിക്ക വൈറ്റ് (39) രാവിലെയാണ് പതാക കണ്ടത്. “അതെന്തായാലും ഒരു സന്ദേശം നല്‍കുന്നുണ്ട്.” അവര്‍ ആ സന്ദേശത്തെ പിന്തുണയ്ക്കുന്നു. “ജനങ്ങള്‍ അയാളെ മുള്‍മുനയില്‍ നിര്‍ത്തൂം. അവര്‍ പിന്തിരിയാന്‍ പോകുന്നില്ല.”

വിര്‍ജീനിയയില്‍ വിവര സാങ്കേതികവിദ്യ മേഖലയില്‍ ജോലിചെയ്യുന്ന ഡൌണ്‍ റീഡ് (35) പറയുന്നു, “ട്രംപ് ഇത് ശ്രദ്ധിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പക്ഷേ അയാളത് ചെയ്യും എന്നു ഞാന്‍ കരുതുന്നില്ല.” താന്‍ ഗ്രീന്‍പീസിനെ പിന്തുണയ്ക്കുന്നു എന്നും അവര്‍ പറഞ്ഞു. “ എനിക്കൊരു കുഞ്ഞ് ജനിച്ചതെയുള്ളൂ. അവള്‍ മലിനമാക്കപ്പെടാത്ത ഒരു ലോകത്തില്‍ വളരണമെന്ന് എനിക്കാഗ്രഹമുണ്ട്.”

കഴിഞ്ഞയാഴ്ച്ച നടന്ന ട്രംപിന്റെ സ്ഥാനാരോഹണത്തെ തുടര്‍ന്ന് നഗരത്തിലാകെ, പ്രത്യേകിച്ചും ഫ്രാങ്ക്ലിന്‍ ചത്വരത്തില്‍, ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ തടിച്ചുകൂടിയിരുന്നു. കച്ചവട സ്ഥാപനങ്ങളുടെ ചില്ലുകള്‍ പലതും തകര്‍ത്തു. ഒരു ലിമോസിന്‍ കത്തിച്ചു. വെള്ളിയാഴ്ച്ച 230 പേരെ പോലീസ് പിടികൂടി. പലര്‍ക്കെതിരെയും കലാപത്തിനാണ് കുറ്റം ചുമത്തിയിരിക്കുന്നത്.

This post was last modified on January 27, 2017 7:38 pm