X

ഗുജറാത്ത് ഫണ്ട് പിരിവ് മുസ്ലിംലീഗിനെ വേട്ടയാടുമ്പോള്‍

അഴിമുഖം പ്രതിനിധി

ഗുജറാത്ത് കലാപത്തിലെ ഇരകളെ സഹായിക്കാനായി പിരിച്ച ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട വിവാദം മുസ്ലിംലീഗിനെ വീണ്ടും തിരിഞ്ഞു കുത്തുന്നു. 2002-ലെ വര്‍ഗീയ കലാപത്തില്‍ കിടപ്പാടം പോലും നഷ്ടപ്പെട്ട മുസ്ലിം സഹോദരങ്ങളെ സഹായിക്കുന്നതിനുവേണ്ടിയാണ് കേരളത്തില്‍ പണപ്പിരിവ് നടത്തിയത്. ഇത് സംബന്ധിച്ച കണക്കും ഫണ്ട് വിനിയോഗിച്ചതില്‍ വന്ന വീഴ്ചയുമാണ് ഇപ്പോള്‍ സജീവ ചര്‍ച്ച ആയിരിക്കുന്നത്. തമിഴ്‌നാട്ടിലെ പ്രളയ ബാധിതരെ സഹായിക്കുന്നതിനുവേണ്ടി ധനസമാഹരണം നടത്താന്‍ ഇരിക്കെയാണ് ഗുജറാത്ത് ഫണ്ട് വിവാദം ഉയര്‍ന്നു വന്നത് എന്നതും ശ്രദ്ധേയം.

അഹമ്മദാബാദ് ഡാനിലിംഡയിലെ സിറ്റിസണ്‍ നഗറില്‍ 40 വീടുകള്‍ നിര്‍മ്മിച്ചു നല്‍കി എന്നായിരുന്നു ഇതുവരെ മുസ്ലിംലീഗ് നേതൃത്വം പറഞ്ഞിരുന്നത്. ഇതേവിഷയം വീണ്ടും ചര്‍ച്ചയാക്കിയത് കെടി ജലീല്‍ എംഎല്‍എയുടെ പ്രസ്താവനയും തുടര്‍ന്ന് ചില ചാനലുകള്‍ നടത്തിയ അന്വേഷണവുമാണ്. മുസ്ലിം ലീഗ് നിര്‍മ്മിച്ചു നല്‍കിയെന്ന് പറയപ്പെടുന്ന വീടുകള്‍ മാലിന്യ കൂമ്പാരത്തിന് അടുത്താണ്. തന്നെയുമല്ല ഇത് സാധാരണ ഷെല്‍ട്ടര്‍ ആണെന്നും ചോര്‍ന്നൊലിക്കുന്ന തകര ഷെഡ്ഡുകള്‍ ആണെന്നും ചാനല്‍ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. താമസക്കാര്‍ക്ക് ഉടമസ്ഥാവകാശ രേഖകളും നല്‍കിയിട്ടില്ല.

പ്രശ്‌നം സാമൂഹിക മാധ്യമങ്ങളും ഏറ്റുപിടിച്ചതോടെ തമിഴ്‌നാട് പ്രളയ ദുരന്ത നിവാരണ ഫണ്ട് പിരിക്കുന്ന കാര്യത്തില്‍ ഇക്കഴിഞ്ഞ ശനിയാഴ്ച കോഴിക്കോട് നടന്ന ചര്‍ച്ച എങ്ങുമെത്താതെയാണ് പിരിഞ്ഞത്. ഗുജറാത്ത് ഫണ്ട് വിനിയോഗത്തില്‍ വീഴ്ചകള്‍ പറ്റിയിട്ടുണ്ടെന്നും അതേ കുറിച്ച് അന്വേഷണം നടത്തണമെന്നും ഇടി മുഹമ്മദ് ബഷീര്‍ എംപിയും അദ്ദേഹത്തെ അനുകൂലിക്കുന്നവരും ശനിയാഴ്ച നടന്ന യോഗത്തില്‍ പറഞ്ഞതായാണ് അറിയുന്നത്. പിരിക്കുന്ന ഫണ്ടുകളെ കുറിച്ച് കൃത്യമായി വിവരം നല്‍കാത്ത സാഹചര്യത്തില്‍ പുതിയൊരു ധനശേഖരണത്തിന് ഇറങ്ങണമോയെന്നും ചിലര്‍ ചോദിച്ചതായും വിവരമുണ്ട്.

2004-ല്‍ മുസ്ലിം യൂത്ത് ലീഗ് പിരിച്ച സുനാമി ഫണ്ടിന്റെ കണക്കു സംബന്ധിച്ചും ആക്ഷേപം ഉയര്‍ന്നിരുന്നു. ആക്ഷേപം ഉന്നയിച്ച യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി കെടി ജലീലിന്റെ പുറത്താക്കലില്‍ ആണ് ആ വിവാദം അവസാനിച്ചത്. 2006-ല്‍ ഇടതുപക്ഷ സ്വതന്ത്രനായി കുറ്റിപ്പുറത്തു നിന്നും പികെ കുഞ്ഞാലിക്കുട്ടിക്ക് എതിരെ മത്സരിച്ച് ജയിച്ച ജലീല്‍ ഇപ്പോഴും ഇടതിനൊപ്പമാണ്.

ഫണ്ട് വിവാദ വിഷയത്തില്‍ മുസ്ലിംലീഗില്‍ രണ്ട് പക്ഷമുണ്ടെന്നാണ് ശനിയാഴ്ചത്തെ യോഗത്തില്‍ നിന്നും മനസിലാക്കേണ്ടത്. മുസ്ലിംലീഗില്‍ വീണ്ടും രണ്ട് അധികാര ശ്രേണികള്‍ രൂപപ്പെടുന്നതിന്റെ സൂചന കൂടിയായി വേണം ഇതിനെ കാണാന്‍.

അതേസമയം ചെന്നൈ ദുരിതാശ്വാസനത്തിനുവേണ്ടി സിപിഐഎം പിരിച്ച ഫണ്ടില്‍ 4.44 ലക്ഷം രൂപ കാണാനില്ലെന്ന വാര്‍ത്തയുമായി പ്രതിപ്രചാരണവും നടക്കുന്നുണ്ട്.

This post was last modified on December 21, 2015 1:05 pm