X

ദില്ലി കൂട്ടബലാല്‍സംഗം: കുട്ടിക്കുറ്റവാളിയെ മോചിപ്പിക്കാമെന്ന് സുപ്രീംകോടതി

അഴിമുഖം പ്രതിനിധി

ദില്ലി കൂട്ടബലാല്‍സംഗ കേസിലെ കുട്ടിക്കുറ്റവാളിയെ മോചിപ്പിക്കുന്നത് തടയണം എന്ന് ആവശ്യപ്പെട്ട് ദല്‍ഹി വനിതാ കമ്മീഷന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. അതേസമയം കോടതിയില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന് ഇരയായ ജ്യോതി സിംഗിന്റെ അമ്മ ആശാ ദേവി പ്രതികരിച്ചു. കുട്ടികുറ്റവാളി ഇപ്പോള്‍ ദല്‍ഹിയിലെ ഒരു എന്‍ജിഒയുടെ സംരക്ഷണയിലാണ്. കുട്ടിക്കുറ്റവാളിയെ നിരീക്ഷിക്കാന്‍ സമിതിയെ നിയമിക്കണമെന്ന ആവശ്യവും കോടതി തള്ളി.

എകെ ഗോയലും യുയു ലളിതും അടങ്ങിയ സുപ്രീംകോടതിയുടെ അവധിക്കാല ബഞ്ചാണ് ഹര്‍ജി തള്ളിയത്. എല്ലാം നിയമവിധേയമാണ് നടന്നതെന്ന് കോടതി നിരീക്ഷിച്ചു. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ഇയാളെ തടവില്‍ വീണ്ടും വയ്ക്കാന്‍ നിയമം അനുവദിക്കുന്നില്ല. ഒരു കുട്ടിക്കുറ്റവാളിക്ക് നല്‍കാവുന്ന പരമാവധി ശിക്ഷ മൂന്നുവര്‍ഷത്തെ തടവാണ്. നിങ്ങളുടെ ആശങ്ക ഞങ്ങള്‍ പങ്കുവയ്ക്കുന്നുണ്ടെങ്കിലും നിലവിലെ നിയമം അനുസരിച്ച് മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ നല്‍കാനാകില്ലെന്ന് കോടതി വനിതാ കമ്മീഷനോട് പറഞ്ഞു. വാദത്തിന്റെ ആവശ്യമില്ലെന്നും ജുവനൈല്‍ നിയമപ്രകാരം പരമാവധി ശിക്ഷ ലഭിച്ചു കഴിഞ്ഞപ്പോള്‍ എന്തു കൊണ്ട് മോചിപ്പിച്ചില്ലെന്ന് കോടതി ചോദിച്ചുവെന്ന് കുട്ടിക്കുറ്റവാളിയുടെ അഭിഭാഷകന്‍ പറഞ്ഞു.

കോടതി വിധിയില്‍ ആശ്ചര്യപ്പെടുന്നില്ലെന്നും ഇത് സംഭവിക്കുമെന്ന് അറിയാമായിരുന്നുവെന്നും ആശാദേവി പറഞ്ഞു. കുട്ടിക്കുറ്റവാളിയെ വിട്ടയക്കുന്നതിന് എതിരെ ശക്തമായ പ്രതിഷേധമാണ് ഇന്നലെ ദല്‍ഹിയില്‍ നടന്നത്. ഇന്ന് ജ്യോതിയുടെ മതാപിതാക്കള്‍ ജന്തര്‍ മന്ദിറില്‍ രണ്ട് മണിക്ക് പ്രതിഷേധം നടത്തും.

This post was last modified on December 27, 2016 3:32 pm