X
    Categories: പ്രവാസം

പുറംലോകവുമായി ബന്ധമില്ലാതെ 5 വര്‍ഷം; കുവൈത്തിൽ അടിമയാക്കപ്പെട്ട ഇന്ത്യാക്കാരിക്ക് മോചനം

കുവൈത്ത് സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്സ് എന്ന സംഘടനയാണ് ആന്ധ്രപ്രദേശ് സ്വദേശിയായ വീരലക്ഷ്മി ജി എന്ന 44കാരിയെ മോചിപ്പിച്ചത്

അഞ്ചു വര്‍ഷമായി കുവൈത്തിൽ അടിമയാക്കപ്പെട്ട സ്ത്രീയെ മനുഷ്യാവകാശ സംഘടന മോചിപ്പിച്ചു. കുവൈത്ത് സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്സ് എന്ന സംഘടനയാണ് ആന്ധ്രപ്രദേശ് സ്വദേശിയായ വീരലക്ഷ്മി ജി എന്ന 44കാരിയെ മോചിപ്പിച്ചത്.

പുറംലോകവുമായി ബന്ധമില്ലാതെയാണ് അഞ്ചുവര്‍ഷത്തോളം ഇവർ കഴിഞ്ഞത്. ദിവസത്തിന്റെ ഭൂരിഭാഗം മണിക്കൂറുകളിലും ഇവർ ജോലി ചെയ്യാൻ നിർബന്ധിക്കപ്പെട്ടതായും സംഘടനയുടെ ചെയർമാൻ ഖാലിദ് അൽ ഹുമൈദി പറഞ്ഞു.

2012ലാണ് വീരലക്ഷ്മി കുവൈത്തിലെത്തിയത്. തൊഴിലുടമ ഇവരുടെ പാസ്പോർട്ട് കൈവശപ്പെടുത്തിയിരുന്നു.

വീരലക്ഷ്മിയുടെ കേസിനെപ്പറ്റി അറിവുണ്ടായിരുന്നെന്ന് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ പറയുന്നു. അഞ്ചുമാസം മുമ്പ് വീരലക്ഷ്മിയെ മോചിപ്പിക്കാൻ ഔദ്യോഗികമായി ശ്രമം തുടങ്ങിയിരുന്നെന്നും ഉഗ്യോഗസ്ഥർ വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾ പുതിയതല്ലെന്ന് നാഷണൽ വർക്കേഴ്സ് വെൽഫെയർ അസോസിയേഷൻ പ്രവർത്തകയായ ലിസ്സി ജോസഫ് പറയുന്നു. രണ്ടുമാസം മുമ്പാണ് ബല്ല പദ്മ പാണ്ഡെ എന്ന സ്ത്രീയെ തങ്ങള്‍ അടിമവേലയിൽ നിന്നും മോചിപ്പിച്ചതെന്നും ലിസ്സി.

2017 ഓഗസ്റ്റിൽ പാർലമെന്റിൽ സമർപ്പിക്കപ്പെട്ട രേഖകൾ പ്രകാരം കുവൈറ്റിലെ തൊഴിൽ ചൂഷണം സംബന്ധിച്ച 1206 കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. ഇന്ത്യയിൽ നിന്നും കുവൈറ്റിലെത്തുന്ന സ്ത്രീ തൊഴിലാളികളെ അടിമകളാക്കുന്നതിനെതിരെ ഇന്ത്യൻ സര്‍ക്കാർ നടപടികളെടുക്കുന്നുണ്ടെന്നാണ് പറയുന്നതെങ്കിലും അവ വേണ്ടപോലെ പ്രവർത്തിക്കുന്നില്ല. ഇന്ത്യയിൽ നിന്നും വീട്ടുജോലിക്ക് ആളെ കിട്ടണമെങ്കിൽ 2500 ഡോളർ ബാങ്ക് ഗാരണ്ടി വെക്കണമെന്ന ചട്ടം കൊണ്ടുവന്നിരുന്നെങ്കിലും അത് പിന്നീട് എടുത്തുമാറ്റി.

ശമ്പളം കൊടുക്കാതിരുന്നാലോ, അടിമവേല ചെയ്യിച്ചാലോ ഈ കെട്ടിവെച്ച തുക നഷ്ടപ്പെടുമെന്ന രീതിയിലായിരുന്നു ചട്ടം. എന്നാൽ ഈ ചട്ടം കുവൈത്ത് അധികൃതർ അംഗീകരിച്ചില്ല. ഇന്ത്യയിൽ നിന്നും വീട്ടുജോലിക്ക് ആളെ എടുക്കുന്നത് കുവൈത്ത് നിരോധിച്ചു. ഇതോടെ ഇന്ത്യ ഈ ചട്ടം എടുത്തുമാറ്റി.

വീട്ടുജോലിക്കാര്‍ക്കു വേണ്ടി നിയമം കൊണ്ടുവന്ന, ഗൾഫ് മേഖലയിലെ ആദ്യ രാജ്യമാണ് കുവൈത്ത്. എന്നാൽ, ഈ നിയമം ചൂഷണം തടയുന്നതിന് പര്യാപ്തമായിട്ടില്ല.

റെജിമോന്‍ കുട്ടപ്പന്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

This post was last modified on April 20, 2018 7:34 am