X

ഒര്‍ലാന്‍ഡോ കൂട്ടക്കൊല; ഒടുവില്‍ അവര്‍ അമേരിക്കയെ തേടിയെത്തി

അഴിമുഖം പ്രതിനിധി

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ വെടിവയ്പ്പ് കൂട്ടക്കൊലയായി മാറിയിരിക്കുന്നു ഒര്‍ലാന്‍ഡോയിലെ സ്വവര്‍ഗാനുരാഗികളുടെ ക്ലബ്ബില്‍ നടന്ന ആക്രമണം. അക്രമി ഇസ്ലാമിക് സ്‌റ്റേറ്റിനോട് കൂറുള്ളയാണെന്ന് റിപ്പോര്‍ട്ടുണ്ട്. ആക്രമണം നടത്തുന്നതിനിടെ പൊലീസിനെ ഫോണില്‍ വിളിച്ചാണ് ഐഎസിനോടുള്ള തനിക്കുള്ള കൂറ് വെളിപ്പെടുത്തിയത്. എന്നാല്‍ ഐഎസിന് ആക്രമണത്തില്‍ നേരിട്ട് പങ്കുള്ളതായി തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് അമേരിക്കന്‍ അന്വേഷണ ഏജന്‍സികള്‍ പറയുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്ത് മണിക്കൂറുകള്‍ക്കുശേഷമാണ് ഏജന്‍സികള്‍ ഭീകര സംഘടനയുടെ നേരിട്ടുള്ള പങ്ക് തള്ളിക്കളഞ്ഞത്. ഇന്നലെ പള്‍സ് നൈറ്റ് ക്ലബില്‍ നടന്ന ആക്രമണത്തില്‍ 50 പേരാണ് കൊല്ലപ്പെട്ടത്. 53 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.

ഭീകരതയുടേയും വെറുപ്പിന്റേയും പ്രവര്‍ത്തിയെന്നാണ് പ്രസിഡന്റ് ഒബാമ കൂട്ടക്കൊലയെ വിശേഷിപ്പിച്ചത്. പുലര്‍ച്ചെ രണ്ടു മണിയോടെ ക്ലബ്ബിലെത്തിയ അക്രമി തുരുതുരെ വെടിയുതിര്‍ക്കുകയായിരുന്നു. മൂന്നു മണിക്കൂറോളം നീണ്ട ആക്രമണത്തില്‍ ഇയാള്‍ അനവധി പേരെ ബന്ദികളാക്കുകയും ചെയ്തു. ഒടുവില്‍ പൊലീസ് കെട്ടിടത്തിലേക്ക് ഇരച്ചുകയറുകയും അക്രമിയെ വെടിവച്ചു കൊല്ലുകയും ചെയ്തു.

അതിഭീകരമായ കൂട്ടക്കൊലയുടെ ദൃശ്യങ്ങളാണ് ദൃക്‌സാക്ഷികള്‍ക്ക് വിശദീകരിക്കാനുള്ളത്. നെഞ്ചിലും കാലുകളിലും കൈകളിലും വെടികൊണ്ട് പരിക്കേറ്റവരെ കൊണ്ട് ആശുപത്രികള്‍ നിറഞ്ഞു. ചിലര്‍ക്ക് കാലുകളും കൈകളും നഷ്ടപ്പെടുകയും ചെയ്തിരുന്നു. പൊലീസിന് 30 പേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞതു കാരണം മരണസംഖ്യയും പരിക്കേറ്റവരുടെ എണ്ണവും കുറയ്ക്കാനായി. ലാറ്റിന്‍ നൈറ്റ് ആഘോഷം സംഘടിപ്പിച്ചിരുന്ന ക്ലബ്ബില്‍ നടന്ന ആക്രണത്തിലെ ഇരകളില്‍ പലരും ലാറ്റിനമേരിക്കന്‍ വംശജരാണ്.

തങ്ങള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് നടന്നതെന്ന് ഒര്‍ലാന്റോ മേയര്‍ ബഡ്ഡി ഡയര്‍ പറയുന്നു. നഗരത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. 

തോക്കുധാരിയായ അക്രമി 29 വയസ്സുള്ള ഉമര്‍ മതീന്‍ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ അഫ്ഗാന്‍ വംശജനാണ്. ആക്രമണത്തിന്റെ ആദ്യ ഘട്ടം കഴിഞ്ഞശേഷം 911 നമ്പരില്‍ പൊലീസിനെ വിളിച്ചാണ് മതീന്‍ ഐഎസിനോടുള്ള കൂറ് വെളിപ്പെടുത്തിയത്. 2013-ലെ ബോസ്റ്റണ്‍ മാരത്തോണിനിടെ നടന്ന ബോംബ് സ്‌ഫോടനത്തെ കുറിച്ച് മതീന്‍ സംഭാഷണമധ്യേ സൂചിപ്പിച്ചതായി ഫെഡറല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

അമേരിക്കന്‍ മണ്ണില്‍ വിദേശികളായ ഭീകരര്‍ക്ക് ആക്രമണം നടത്താന്‍ കഴിവുണ്ടെന്ന പുതിയ ഭീഷണിയും ഉയരുന്നുണ്ട്. അമേരിക്കന്‍ സുപ്രീംകോടതി ഒരേ ലിംഗക്കാരുടെ വിവാഹത്തെ നിയമവിധേയമാക്കിയതിന്റെ ഒന്നാം വാര്‍ഷികം അടുത്തു കൊണ്ടിരിക്കേ രാജ്യത്തെ ഗേ, ലെസ്ബിയന്‍, ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന് എതിരെ വ്യാപക പ്രചാരണത്തെ കുറിച്ചുള്ള ഭീതിയും ഈ ആക്രമണം ഉയര്‍ത്തുന്നുണ്ട്.

ലോസ് ആഞ്ചലസ്സില്‍ ഒരു ഗേ പ്രൈഡ് പരിപാടിയെ ലക്ഷ്യമാക്കി നീങ്ങിയതെന്ന് സംശയിച്ച ആയുധ ധാരിയെ ഓര്‍ലാന്‍ഡോ ആക്രമണം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുശേഷം പൊലീസ് പിടികൂടിയിരുന്നു. എന്നാല്‍ ഇയാളുടെ ലക്ഷ്യത്തെ തെറ്റിദ്ധരിക്കുകയായിരുന്നുവെന്ന് പൊലീസ് പിന്നീട് വിശദീകരിച്ചു. ഇതേതുടര്‍ന്ന് പൊലീസ് ഇത്തരം പരിപാടികളുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഈ മാസം ധാരാളം ഗേ പ്രൈഡ് പരിപാടികള്‍ നടക്കാനിരിക്കുകയുമാണ്.

2007-ല്‍ വിര്‍ജിനിയ ടെക്കില്‍ നടന്ന വെടിവയ്പ്പ് കൂട്ടക്കൊലയാണ് രാജ്യത്ത് ഇതിന് മുമ്പ് രേഖപ്പെടുത്തിയ ഏറ്റവും വലുത്. ഈ ആക്രമണത്തില്‍ 32 പേരാണ് കൊല്ലപ്പെട്ടത്.

മതീന്‍ മാനസികരോഗിയാണെന്ന സൂചനയാണ് അയാളുടെ മുന്‍ ഭാര്യ സിതോറ യൂസുഫി പറയുന്നത്. 2011-ല്‍ ഇരുവരും തമ്മിലെ ബന്ധം വേര്‍പ്പെടുത്തിയിരുന്നു. ഇസ്ലാമിക് സ്റ്റേറ്റുമായോ മതഭീകരതയോടോ ബന്ധമില്ലെന്നും അവര്‍ പറയുന്നു. മതീന്‍ മര്‍ദ്ദിക്കുമായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സ്ഥിരതയില്ലാത്തൊരു മനുഷ്യനായിരുന്നുവെന്നും വലിയ മത വിശ്വാസിയായിരുന്നില്ല മതീനെന്നും സിതോറ പറയുന്നു.

ക്ലബ്ബിനുള്ളില്‍ പരിക്കേറ്റവരുടേയും ബന്ദികളാക്കപ്പെട്ടവരുടേയും ജീവനും സുരക്ഷയും കരുതിയാണ് പൊലീസ് മൂന്നുമണിക്കൂറിനുശേഷം അകത്തേക്ക് ഇരച്ചു കയറിയത്.

ഗേകളെ കൊലപ്പെടുത്തുന്നത് ഇസ്ലാമിക് സ്റ്റേറ്റിന്റെ പതിവാണ്. കൊലയാളിയുടെ ലൈംഗിക സ്വഭാവവിശേഷം ആക്രമണത്തിന് കാരണമായോ എന്ന് പൊലീസ് അന്വേഷിക്കുകയാണ്. മതീന് പുറത്തു നിന്നും സഹായം ലഭിച്ചിരുന്നതായി സൂചനയൊന്നുമില്ലെന്നും അന്വേഷകര്‍ പറയുന്നു.

ബോസ്റ്റണ്‍ മാരത്തോണ്‍ സ്‌ഫോടനം നടത്തിയ രണ്ട് സഹോദരന്‍മാരില്‍ ഒരാളായ ടമര്‍ലന്‍ സര്‍നേവുമായി മതീന് ബന്ധമുണ്ടായിരുന്നു. അതുമുതല്‍ മതീന്‍ എഫ് ബി ഐയുടെ റഡാറിലുണ്ട്. രണ്ടു തവണ അന്വേഷകര്‍ ഇയാളെ ചോദ്യം ചെയ്തിരുന്നുവെങ്കിലും വെറുതെ വിട്ടിരുന്നു. ഇയാള്‍ ഭീകര പ്രവര്‍ത്തനവുമായി ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന തരത്തിലെ പ്രസ്താവനകള്‍ സഹപ്രവര്‍ത്തകരോട് നടത്തിയതിനെ തുടര്‍ന്നാണ് ഇയാളെ ചോദ്യം ചെയ്തത്. 2013-ലായിരുന്നു ഇത്. പിന്നീട് അടുത്ത വര്‍ഷം സിറിയയില്‍ ചാവേറാക്രമണം നടത്തിയ ആദ്യത്തെ അമേരിക്കക്കാരനായ മൊനീര്‍ മുഹമ്മദ് അബുസാലയുമായി ബന്ധമുണ്ടോയെന്ന് അറിയാനും ചോദ്യം ചെയ്തിരുന്നു. ഇരുവരും ഫോര്‍ട്ട് പിയേഴ്‌സില്‍ നിന്നുള്ളവരാണ്. എന്നാല്‍ ഇയാളൊരു ഭീഷണിയാണെന്ന് എന്ന തരത്തിലെ തെളിവുകളൊന്നും ലഭിച്ചിരുന്നില്ലെന്ന് അന്വേഷകര്‍ പറയുന്നു.

ആക്രമണരീതി സൂചിപ്പിക്കുന്നത് ഇയാള്‍ മികച്ച തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നുവെന്നാണ്. രണ്ടു തോക്കുകളും നിയമവിധേയമാണ് സ്വന്തമാക്കിയതും.

This post was last modified on June 13, 2016 12:53 pm