X

ചക്ക സീസണില്‍ കേരളത്തിലെ പ്രമേഹമരുന്ന് വില്‍പ്പന 25 ശതമാനം കുറഞ്ഞെന്ന് പഠന റിപ്പോര്‍ട്ട്

മാര്‍ച്ചില്‍ എട്ടുലക്ഷം യൂണിറ്റ് മരുന്നാണ് വിറ്റിരുന്ന സ്ഥാനത്ത് ചക്കയുടെ ഉപയോഗം തുടങ്ങിയ ശേഷം ഏപ്രിലില്‍ വില്‍പ്പന ഏഴുലക്ഷം യൂണിറ്റായി കുറഞ്ഞു.

ചക്ക സീസണില്‍ കേരളത്തിലെ പ്രമേഹമരുന്ന് വില്‍പ്പന കുറഞ്ഞത് 25 ശതമാനമെന്ന് പഠന റിപ്പോര്‍ട്ട്. തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവില്‍ മൈക്രോസോഫ്റ്റിന്റെ മുന്‍ ഡയറക്ടര്‍ ജെയിംസ് ജോസഫ് പഠന റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഡോ എസ് കെ അജയകുമാറിന്റെ നേതൃത്വത്തിലായിരുന്നു പഠനം നടന്നത്.

പഠനത്തിനായി പ്രമേഹ മരുന്നിനായി സാധാരണക്കാര്‍ കൂടുതല്‍ ആശ്രയിക്കുന്ന കാരുണ്യഫാര്‍മസികളിലെ വില്‍പ്പനയാണ് പരിശോധിച്ചത്. ചക്ക കൂടുതലായി ഉപയോഗിക്കുന്നത് സാധാരണക്കാരാണെന്ന നിഗമനത്തില്‍ക്കൂടിയാണിത്. മാര്‍ച്ചില്‍ എട്ടുലക്ഷം യൂണിറ്റ് മരുന്നാണ് വിറ്റിരുന്ന സ്ഥാനത്ത് ചക്കയുടെ ഉപയോഗം തുടങ്ങിയ ശേഷം ഏപ്രിലില്‍ വില്‍പ്പന ഏഴുലക്ഷം യൂണിറ്റായി കുറഞ്ഞു.

മേയിലും ജൂണിലും ആറുലക്ഷമായി. ജൂലൈ ആയപ്പോഴേക്കും ആറുലക്ഷത്തിന് മുകളിലേക്കു പോകാന്‍ തുടങ്ങി. ഓഗസ്റ്റില്‍ ഏഴും സെപ്റ്റംബറില്‍ ഏഴരയും ഒക്ടോബറില്‍ വീണ്ടും എട്ടു ലക്ഷവുമായി. ചക്ക സീസണില്‍ മരുന്നുവില്‍പ്പന 25 ശതമാനം താഴുകയും സീസണ്‍ കഴിഞ്ഞപ്പോള്‍ കൂടുകയും ചെയ്യുന്നതായിട്ടാണ് കാണുന്നത്.

പാറശ്ശാലയില്‍ 36 പ്രമേഹ രോഗികളില്‍ നടത്തിയ പഠനത്തിലൂടെ ചക്ക ഉപയോഗിച്ചാല്‍ മരുന്ന് കുറയ്ക്കാമെന്ന് കണ്ടെത്തിയിരുന്നു. 18 പേര്‍ക്ക് ഉച്ചയ്ക്ക് ചോറും 18 പേര്‍ക്ക് ചക്കപ്പുഴുക്കുമാണ് നിശ്ചിത അളവില്‍ നല്‍കിയത്. ചക്ക കഴിച്ചവര്‍ക്ക് നാലുമാസംകൊണ്ട് മരുന്ന് കുറയ്ക്കാനായി എന്ന് ജയിംസ് ജോസഫ് സെമിനാറില്‍ പറഞ്ഞു.

ചോറിനെക്കാള്‍ കാര്‍ബോഹൈഡ്രേറ്റും കലോറിയും കുറവും ഫൈബര്‍ കൂടുതലുമുള്ള ചക്കയെ കായ് വര്‍ഗമായി കാണാതെ പഴമായി മാത്രമായിട്ടാണ് കാണുന്നത്. ചക്കയുടെ ഉപയോഗം സീസണ്‍കാലത്തിന് ശേഷവുമുണ്ടാകുവാന്‍ ശാസ്ത്രീയ ഇടപെടലാണ് ഇനി വേണ്ടതെന്നും ഇതിന് സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെ ഉപയോഗിക്കണമെന്നും ജെയിംസ് ജോസഫ് കൂട്ടിച്ചേര്‍ത്തു.

This post was last modified on February 17, 2019 4:28 pm