X

മുലയൂട്ടലിനെ പറ്റി ചില കാര്യങ്ങള്‍

ഓഗസ്റ്റ് ഒന്ന് മുതല്‍ ഏഴു വരെ മുലയൂട്ടല്‍ വാരം ആയി ആചരിക്കുന്നു

ഓഗസ്റ്റ് ഒന്ന് മുതല്‍ ഏഴു വരെ മുലയൂട്ടല്‍ വാരം ആയി ആചരിക്കുകയാണ്‌. നവജാത ശിശുക്കള്‍ ക്ക് മുലപ്പാല്‍ നല്‍കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുക എന്നതാണ് ഈ വാരാചരണത്തിന്റെ ഉദ്ദേശം. ‘ഒരുമിക്കാം; മുലയൂട്ടല്‍ സുസ്ഥിരമാക്കാന്‍’ (Sustaining Breastfeeding together) എന്നതാണ് ഈ വര്‍ഷത്തെ വിഷയം.

ആദ്യമായി അമ്മമാര്‍ ആയവര്‍ മുലയൂട്ടലിനെ പറ്റി അറിയേണ്ട ചില കാര്യങ്ങള്‍ ഇതാ:

നിങ്ങളുടെ കുഞ്ഞിന് ഭക്ഷണം നല്‍കാന്‍ പ്രകൃതി ഒരുക്കിയതാണ് മുലപ്പാല്‍. കുഞ്ഞിന് ആവശ്യമായ പോഷകങ്ങള്‍ എല്ലാം അതില്‍ അടങ്ങിയിട്ടുണ്ട്. പാക്കറ്റില്‍ കിട്ടുന്ന ബേബി ഫുഡ്‌സ് എളുപ്പം ലഭ്യമാകും എങ്കിലും അമ്മയുടെ മുലപ്പാലില്‍ അടങ്ങിയ പോഷകങ്ങള്‍ ഒന്നും തന്നെയില്ല എന്നോര്‍ക്കണം. അതുകൊണ്ട് തന്നെ കുഞ്ഞു ജനിച്ചു ഏതാനും മാസങ്ങള്‍ കുഞ്ഞിനെ മുലയൂട്ടേണ്ടത് വളരെ പ്രധാനമാണ്. മുലയൂട്ടല്‍ സ്വാഭാവികമായ പ്രക്രിയ ആണെങ്കിലും പുതുതായി അമ്മമാരാകുന്നവര്‍ക്ക് കുറെ സംശയങ്ങള്‍ ഉണ്ടാവാം. നിങ്ങള്‍ ഒരു ഗര്‍ഭിണിയോ ആദ്യമായി അമ്മ യായ സ്ത്രീയോ ആണോ? എങ്കില്‍ ഇതാ മുലയൂട്ടലിനെ പറ്റി ചില കാര്യങ്ങള്‍.

ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നത്: കുഞ്ഞു ജനിച്ചു ഏതാനും മണിക്കൂറുകള്‍ക്കകം തന്നെ കുഞ്ഞിന് മുലപ്പാല്‍ നല്‍കണം. ആദ്യ ആറു മാസക്കാലം കുഞ്ഞിന് മുലപ്പാല്‍ അല്ലാതെ മറ്റൊരു ഭക്ഷണവും നല്‍കാന്‍ പാടില്ല. ആറു മാസത്തിന് ശേഷം കുഞ്ഞിന് ഒരു വയസ് ആകുന്നതു വരെ കുഞ്ഞിനെ മുലയൂട്ടണം. കുഞ്ഞിന് രണ്ട് വയസ് ആകുന്നതു വരെ വേണമെങ്കില്‍ മുലയൂട്ടാവുന്നതാണ്.

മുലപ്പാലിലെ പോഷകങ്ങള്‍: കൃത്രിമ ബേബി ഫുഡ് പോലെയല്ല അമ്മിഞ്ഞ പാല്‍. അത് കുഞ്ഞിന്റെ ആരോഗ്യത്തിന് അത്യ ന്താപേക്ഷിതമായ എല്ലാം അടങ്ങിയതാണ്. മുലയൂട്ടുന്നതിന് പ്രയാസങ്ങള്‍ ഉണ്ടെങ്കില്‍ സഹായം തേടാന്‍ മടിക്കരുത്. കാരണം മുലപ്പാലിലെ പോഷകങ്ങള്‍ കുഞ്ഞിന് ലഭിക്കാതെ ഇരുന്നുകൂടാ.

കുഞ്ഞു ജനിച്ച ഉടനെ അമ്മയുടെ ശരീരം മുലപ്പാല്‍ ഉത്പാദിപ്പിച്ചു തുടങ്ങും. കുഞ്ഞു ജനിച്ച ഉടനെ അമ്മ ചുരത്തുന്ന മുലപ്പാല്‍ (കൊളസ്ട്രം) കുഞ്ഞിന് രോഗ പ്രതിരോധ ശക്തി നല്‍കുന്നു. അതില്‍ ധാതുക്കള്‍, ജീവകങ്ങള്‍, അമിനോ ആസിഡുകള്‍, ശ്വേത രക്താണുക്കള്‍, ആന്റി ബോഡികള്‍ ഇവ അടങ്ങിയിട്ടുണ്ട്.

അതിന് ശേഷം ഉല്‍പാദിപ്പിക്കപ്പെടുന്ന മുലപ്പാലില്‍ കുഞ്ഞിന്റെ ബുദ്ധി വളര്‍ച്ചയ്ക്കും അലര്‍ജികളെ തടയാനും മറ്റ് രോഗങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കാനും ആവശ്യമുള്ള പോഷകങ്ങള്‍ ഈ പാലില്‍ ഉണ്ട്.

മുലയൂട്ടല്‍ അമ്മയ്ക്കും ഗുണകരം: മുലയൂട്ടല്‍ കുഞ്ഞിന് മാത്രമല്ല അമ്മയ്ക്കും ഗുണകരമാണ്. കുഞ്ഞിനെ മുലയൂട്ടുന്നത് അമ്മമാരില്‍ സ്തനാര്‍ബുദം, ഹൃദയ സംബന്ധമായ രോഗങ്ങള്‍ പ്രസവാനന്തര വിഷാദം ഇവയ്ക്കുള്ള സാധ്യതയെ കുറയ്ക്കുന്നു എന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. കൂടാതെ പ്രസവ ശേഷം ശരീര ഭാരം കുറയാനും ഗര്‍ഭ പാത്രം സങ്കോചിക്കാനും പ്രസവശേഷമുള്ള രക്തനഷ്ടം കുറയ്ക്കാനും മുലയൂട്ടല്‍ സഹായിക്കുന്നു. ഇങ്ങനെ ഹ്രസ്വകാലവും ദീര്‍ഘ കാലവും ആയ നിരവധി ആരോഗ്യ ഗുണങ്ങള്‍ മുലയൂ ട്ടുന്നതു മൂലം അമ്മമാര്‍ക്ക് ലഭിക്കുന്നു.

മുലപ്പാല്‍ ശേഖരിക്കാം:  ചിലപ്പോള്‍ പൊതു സ്ഥലത്ത് ആണെങ്കിലോ കുഞ്ഞിന് വേണ്ട സമയത്തു മുലപ്പാല്‍ വന്നില്ലെങ്കിലോ മുലയൂട്ടാന്‍ സാധിക്കാതെ വരുന്നു. മുലപ്പാല്‍ പമ്പ് ചെയ്ത് കുപ്പി കളില്‍ ശേഖരിക്കാവുന്നതാണ്. കുഞ്ഞിന് വിശക്കുമ്പോള്‍ എല്ലാം നല്‍കുകയും ആവാം.

കുഞ്ഞിന് എത്ര മുലപ്പാല്‍ വേണം: എത്ര പല വേണം എന്ന് കൃത്യമായി പറയുക വയ്യ. എങ്കിലും ഓരോ 24 മണിക്കൂറിലും 8 മുതല്‍ 12 വരെ തവണ കുഞ്ഞിന് പാല്‍ നല്‍കണം. ഓരോ തവണയും ഓരോ സ്തനങ്ങളില്‍ നിന്നും 10 മുതല്‍ 20 മിനുട്ട് വരെ പാല്‍ നല്‍കണം.

മുലയൂട്ടുന്ന അമ്മമാര്‍ അവരുടെ ആരോഗ്യം നന്നായി ശ്രദ്ധിക്കണം. മുലപ്പാല്‍ വര്‍ധിപ്പിക്കുന്ന ആരോഗ്യ ഭക്ഷണങ്ങള്‍ കഴിക്കുന്നതോടൊപ്പം ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കണം. കുഞ്ഞിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമായ എല്ലാ പോഷകങ്ങളും അടങ്ങിയ മുലപ്പാല്‍ കുഞ്ഞിന്റെ അവകാശമാണ് എന്നോര്‍ക്കുക.

സഹന ബിജു

ജേണലിസത്തിൽ ബിരുദാനന്തര ബിരുദം, എം ഫിൽ. മനോരമ ഓൺലൈനിൽ വെബ്‌ അസോസിയേറ്റ് ആയിരുന്നു. ഇപ്പോൾ സ്വതന്ത്ര മാധ്യമപ്രവർത്തക.

More Posts

This post was last modified on August 1, 2017 12:14 pm