X

ഐഎഎസുകാര്‍ക്കും സാധാരണക്കാര്‍ക്കും എത്ര വരെ കുടിച്ചാല്‍ സുരക്ഷിതമായി വാഹനമോടിക്കാം? അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

കണ്ണെത്തുന്നിടത്ത് അത്ര തന്നെ വേഗത്തില്‍ കയ്യും മെയ്യും മനസ്സുമെത്തുന്ന ഒരു കല തന്നെയാണ് ഡ്രൈവിങ്ങ്, ഇത് തമ്മിലുള്ള ഏകോപനത്തെയും റിഫ്‌ളക്‌സുകളെയും മദ്യം കീഴടക്കുന്നു.

സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് മദ്യലഹരിയില്‍ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ മരിച്ച സംഭവം കേരളത്തില്‍ മദ്യലഹരിയില്‍ വാഹനമോടിക്കുന്ന കാര്യം  വീണ്ടും വന്‍ ചര്‍ച്ചയായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇന്‍ഫോ ക്ലിനിക്ക് ഫേസ്ബുക്ക് ഗ്രൂപ്പിന് വേണ്ടി ഡോ. ജിനേഷ് പി.എസ്, ഡോ. ജിതിന്‍ ജോസഫ്, ഡോ. ദീപു സദാശിവന്‍, ഡോ. കുഞ്ഞാലിക്കുട്ടി, ഡോ. അഞ്ജിത്ത് യു. തുടങ്ങിയവര്‍ ചേര്‍ന്ന് എഴുതിയ ലേഖനം മദ്യപിച്ച് വാഹനം ഓടിക്കുമ്പോള്‍ അത് എങ്ങനെ ബാധിക്കുന്നുവെന്നത് ബോധ്യപ്പെടുത്തി തരുന്ന ഒന്നാണ്. ലേഖനം വായിക്കാം.

മദ്യം സഞ്ചരിക്കുമ്പോള്‍ നമ്മള്‍ സഞ്ചരിച്ചാല്‍?

ശീലം കൊണ്ടാര്‍ജ്ജിച്ച സ്വാഭാവികമായ ഒരു വഴക്കം എന്ന നിലയക്ക് നാം വാഹനം ഡ്രൈവ് ചെയ്യുന്നു. മദ്യപാനം അതിനെ സാരമായി ബാധിക്കുന്നു. പ്രധാനമായും മദ്യം ഡ്രൈവിങ്ങിനെ ബാധിക്കുന്നത് ഇങ്ങനെയാണ്.

1. കണ്ണെത്തുന്നിടത്ത് അത്ര തന്നെ വേഗത്തില്‍ കയ്യും മെയ്യും മനസ്സുമെത്തുന്ന ഒരു കല തന്നെയാണ് ഡ്രൈവിങ്ങ്. ഇത് തമ്മിലുള്ള ഏകോപനത്തെയും റിഫ്‌ളക്‌സുകളെയും മദ്യം കീഴടക്കുന്നു.

2. അമിതമായ ആത്മവിശ്വാസവും, അപകടകരമായി വണ്ടിയോടിക്കാനുള്ള ധൈര്യവും പലപ്പോഴും മദ്യസവാരിയുടെ മുഖമുദ്രയാണ്.

3. എത്ര മാത്രം തന്റെ ഡ്രൈവിങ്ങ് ശേഷിക്ക് കോട്ടം വന്നിട്ടുണ്ട് എന്ന ബോധവും തിരിച്ചറിവും വ്യക്തിക്ക് കാണില്ല എന്നത് അപകടം വര്‍ധിപ്പിക്കുന്നു. ശരിയായ തീരുമാനമെടുക്കാന്‍ കഴിവ് നഷ്ടപ്പെടുന്നു.

4. ഒന്നിലധികം കാര്യങ്ങള്‍ ഒരുമിച്ച് ചെയ്യാനുള്ള കഴിവ് പരിമിതപ്പെടുന്നു.

ശാസ്ത്രീയമായി വിശകലനം ചെയ്താല്‍ ഒരു നിശ്ചിത വേഗത്തില്‍ ഓടുന്ന ഒരു വാഹനം പൂര്‍ണമായി നില്‍ക്കുവാന്‍ എടുക്കുന്ന സമയം – (വിരാമവിളംബം എന്ന് വിളിക്കാം) പ്രധാനമായും മസ്തിഷ്‌കം അപായ സാധ്യത തിരിച്ചറിയാന്‍ എടുക്കുന്ന സമയം (Perception Time), തുടര്‍ന്ന് കാല് ആക്‌സിലേറ്ററില്‍ നിന്ന് മാറ്റി ബ്രേക്ക് ചവിട്ടാന്‍ എടുക്കുന്ന പ്രതികരണത്തിനുള്ള താമസം (Human Reaction Time), ബ്രേക്ക് പെഡലില്‍ കാലമര്‍ത്തിയാല്‍ അതിനോട് പ്രതികരിക്കാന്‍ വാഹനം എടുക്കുന്ന സമയം (Vehicle Reaction Time) ബ്രേക്കിങ്ങ് ശേഷി (Braking Capability ) എന്നിവയെ ആശ്രയിക്കുന്നു.

ഇതില്‍ Perception time, Reaction time എന്നിവ സുബോധത്തില്‍ അര മുതല്‍ മുക്കാല്‍ സെക്കന്റ് വരെ മാത്രമേ എടുക്കൂ. എന്നാല്‍ മദ്യം, ലഹരിമരുന്നുകള്‍, ക്ഷീണം, ശ്രദ്ധയില്ലായ്മ ഇവയെല്ലാം ഈ സമയം വര്‍ധിപ്പിക്കുന്നു. നൂറു കിലോമീറ്റര്‍ വേഗതയില്‍ ഓടുന്ന വണ്ടിയില്‍ ഇപ്രകാരം ഈ സമയം 4 സെക്കന്റ് നീണ്ടാല്‍ ബ്രേക്കില്‍ പാദമമരും മുമ്പ് തന്നെ വണ്ടി ഒരു ഫുട്‌ബോള്‍ മൈതാനത്തിന്റെ നീളം താണ്ടി കഴിയും. മരണം വിളിച്ചു വരുത്താന്‍ ക്വട്ടേഷന്‍ നല്‍കുക എന്നല്ലാതെ എന്താണ് ഇതിനെ വിളിക്കുക.

*എത്ര വരെ കുടിച്ചാല്‍ സുരക്ഷിതമായി ഓടിക്കാം …?*

യാത്ര പുറപ്പെടാന്‍ നേരം ഒരു ഡ്രിങ്ക് കഴിക്കുന്ന ശീലം ചിലര്‍ക്കുണ്ട്. One for the road എന്ന് സ്‌റ്റൈലിലൊക്കെ പറയും. ഇന്ത്യയിലെ നിയമപ്രകാരം ഡ്രൈവിങ്ങില്‍ അനുവദിച്ചിട്ടുള്ള അളവില്‍ (100 ml രക്തത്തില്‍ 30 mg alcohol) പോലും അപകടസാധ്യത, കഴിക്കാത്തവരേക്കാള്‍ ഏഴിരട്ടി വരെ ഉണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. നിസംശയം പറയാം. None for the road എന്നതാണ് ജീവനില്‍ കൊതിയുള്ളവര്‍ വഴിയില്‍ പാലിക്കേണ്ടത്.

മദ്യം പോലെ തന്നെ ബോധപൂര്‍വ്വം തീരുമാനമെടുക്കാന്‍ കഴിവിനെ ബാധിക്കുന്ന ഉറക്കമിളച്ച് ഓടിക്കല്‍, വിശ്രമമില്ലാതെ ഓടിക്കല്‍, മയക്കം വരുത്തുന്ന മരുന്നുകള്‍ കഴിച്ച് ഓടിക്കല്‍ ഒക്കെ അപകടം ക്ഷണിച്ചു വരുത്തലാണ്. പൊതുവാഹനങ്ങള്‍ ഓടിക്കുന്ന പ്രൊഫഷനല്‍ ഡ്രൈവര്‍മാരില്‍ പോലും ഈ ശീലമുള്ളവരുണ്ട് എന്നത് വളരെ ഗുരുതരമായ വിഷയമാണ്.

രക്തത്തിലെ ആല്‍ക്കഹോളിന്റെ അളവ് പല ഘടകങ്ങളെയും ആശ്രയിച്ചു പലരിലും വ്യത്യസ്ത പ്രഭാവം ആയിരിക്കും ഉണ്ടാക്കുക. (കൃത്യമായ ഒരു സേഫ് അളവ് എന്നത് മിഥ്യ ആണെന്ന് വേണമെങ്കില്‍ വിവക്ഷിക്കാം.)

സ്ത്രീകള്‍ക്ക് അതേ അളവില്‍ കഴിക്കുന്ന പുരുഷന്മാരേക്കാള്‍ BAC ( രക്തത്തിലെ മദ്യത്തിന്റെ അളവ്) കൂടുതലാവാം.

ശരീരഭാരം കുറവ് ഉള്ളവരില്‍ അതേ അളവ് കുടിച്ച ഭാരം കൂടിയ ആളിലേക്കാള്‍ BAC കൂടുതലാവാം.

ഭക്ഷണം കഴിക്കുന്നത് ആല്‍ക്കഹോളിന്റെ ആഗിരണ തോത് കുറയ്ക്കാം, വെറും വയറ്റില്‍ ആണ് മദ്യം കഴിക്കുന്നതെങ്കില്‍ BAC കൂടുതലായിരിക്കാം.

കുടിക്കുന്ന തോത് – വേഗതയില്‍ മദ്യം അകത്താക്കിയാല്‍ രക്തത്തിലെ അളവ് പെട്ടന്ന് കൂടാം.

പൊതുവിലുള്ള ആരോഗ്യം മോശം ആണെങ്കില്‍, കരളിന് കേടുപാടുകള്‍ ഉണ്ടെങ്കില്‍ ആല്‍ക്കഹോളിനെ കരള്‍ കൈകാര്യം ചെയ്യാന്‍ കാലതാമസം എടുക്കാം.

കൂടെ മറ്റു മരുന്നുകള്‍ കഴിക്കുന്നത് റിസ്‌കുകള്‍ പലവിധത്തില്‍ കൂട്ടിയേക്കാം.

ആല്‍ക്കഹോള്‍ നിങ്ങളുടെ മൂഡ് വ്യതിയാനങ്ങള്‍ക്ക് കാരണം ആവാം, ഉദാ: നിങ്ങള്‍ തളര്‍ന്നിരിക്കുകയാണെങ്കില്‍ കൂടുതല്‍ തളര്‍ത്തിയേക്കാം.

അഞ്ച് ശതമാനം വാഹനാപകട മരണങ്ങള്‍ ഇന്ത്യയില്‍ നേരിട്ട് മദ്യപാനവുമായി ബന്ധമുള്ളതാണെന്ന് കണക്കുകള്‍ പറയുന്നു. യഥാര്‍ത്ഥ സംഖ്യ ഇതിലും വളരെ ഉയര്‍ന്നതാണ് എന്ന് കരുതപ്പെടുന്നു. മരിച്ചയാളുടെ ഇന്‍ഷുറന്‍സ് നഷ്ടപ്പെടും എന്ന കാരണത്താല്‍ അത്യാഹിത വിഭാഗത്തില്‍ അപകടം സംഭവിച്ച് എത്തിയാലും, ചില ഡോക്ടര്‍മാര്‍ പോസ്റ്റ്‌മോര്‍ട്ടം പരിശോധന നടത്തുന്ന അവസരത്തിലും രക്തസാമ്പിളുകള്‍ അയയ്ക്കാറില്ല എന്നത് പോലെ പല കാരണങ്ങള്‍ ഇതിനുണ്ട്.

*ലഹരിയില്‍ യാത്രയില്ല*

‘എത്ര ഫിറ്റായാലും, സ്റ്റിയറിങ്ങ് പിടിച്ചാല്‍ സ്റ്റെഡിയാണ്’ എന്ന് പറയുന്നവരെയും ‘എനിക്ക് അടിച്ചാല്‍ നടക്കാനേ പാടുള്ളൂ, ബൈക്ക് ഓടിക്കാന്‍ പ്രശ്‌നമില്ല’ എന്ന് പ്രഖ്യാപിക്കുന്നവരെയും പലപ്പോഴും കാണാറുണ്ട്. വലിയ അപകടമാണ് അവര്‍ വിളിച്ചു വരുത്തുന്നത്. കണാരനായാലും കുമാരനായാലും ബാഹുബലിയായാലും മദ്യത്തിന് ശരീരത്തില്‍ ഒരു സഞ്ചാര രീതിയുണ്ട്, കൈനറ്റിക്‌സ് എന്ന് പറയും.

മദ്യം പുറന്തള്ളപ്പെടുന്നത് zero order kinetics എന്ന വ്യവസ്ഥ പ്രകാരമാണ്. അതായത് ഒരു നിശ്ചിത സമയത്തില്‍ ഇത്ര അളവ് (ശ്രദ്ധിക്കുക, അളവാണ് പ്രൊപ്പോര്‍ഷന്‍ അല്ല) വീതമേ ശരീരം ഇവയെ പുറന്തള്ളൂ. അതില്‍ പ്രധാനമായ ഒന്നാണ് ആല്‍ക്കഹോള്‍. നിങ്ങള്‍ കഴിക്കുന്ന മദ്യത്തിന്റെ ഒരു ചെറിയ അളവ് മാത്രമേ ഓരോ മണിക്കൂറിലും ശരീരം പുറന്തള്ളൂ. അങ്ങനെ വരുമ്പോള്‍ കൂടുതല്‍ മദ്യപിക്കുന്നവര്‍ക്ക് ആ മദ്യം മൊത്തം ശരീരത്തില്‍ നിന്ന് പുറത്തേക്ക് പോകാന്‍ അനേകം മണിക്കൂറുകള്‍ എടുക്കാം.

ഏകദേശ കണക്ക് വെച്ച് നോക്കിയാല്‍ ഒരു യൂണിറ്റ് ആല്‍ക്കഹോള്‍ ശരീരം പുറത്തു കളയാന്‍ ഏകദേശം ഒരു മണിക്കൂര്‍ എടുക്കുമെന്നാണ് കണക്ക്. അപ്പോള്‍ ഒരാള്‍ പത്ത് യൂണിറ്റ് മദ്യം കഴിച്ചുവെന്നിരിക്കട്ടെ, പത്തു മണിക്കൂര്‍ നേരം കഴിഞ്ഞാലേ അയാളുടെ ശരീരത്തില്‍ നിന്ന് മദ്യം പൂര്‍ണ്ണമായും അപ്രത്യക്ഷമാകൂ. ഒരു പാര്‍ട്ടിയില്‍ വെച്ച് പന്ത്രണ്ട് യൂണിറ്റ് മദ്യം കഴിക്കുന്ന ഒരാള്‍ വെളുപ്പിനെ ഒരു മണിക്ക് മദ്യപാനം അവസാനിപ്പിച്ചു ഉറങ്ങാന്‍ പോയെന്നിരിക്കട്ടെ. അടുത്ത ദിവസം ഉച്ചയ്ക്ക് ഒരു മണിയാകണം, അയാളുടെ ശരീരത്തില്‍ നിന്ന് മദ്യത്തിന്റെ അവസാന കണികയും അപ്രത്യക്ഷമാകാന്‍.

മദ്യത്തെ കൈകാര്യം ചെയ്ത് കരളിന് രക്തത്തിലെ മദ്യത്തിന്റെ അളവ് കുറയ്ക്കാന്‍ അപ്പോള്‍ ഏറ്റവും പ്രധാനം സമയമാണ്. കാപ്പി കുടിക്കുക, വിയര്‍ക്കുവോളം ഓടുക, തണുത്ത വെള്ളത്തില്‍ കുളിക്കുക, മോരും വെള്ളം കുടിക്കുക, കൂടുതല്‍ വെള്ളം കുടിക്കുക ഇതിനൊന്നിനും അത് ത്വരിതപ്പെടുത്താന്‍ കഴിയില്ല. നിങ്ങള്‍ക്ക് അല്പം കൂടി ഉണര്‍വ്വ് ഉള്ളവരാക്കുന്ന ഫീല്‍ തോന്നിയേക്കാം എന്നതിനപ്പുറം രക്തത്തിലെ മദ്യത്തിന്റെ കുറയ്ക്കാന്‍ ഉള്ള സൂത്രപ്പണി ആയി അത് പ്രവര്‍ത്തിക്കില്ല. (ഊതിയാല്‍ പിടിക്കില്ല എന്ന് പറഞ്ഞ് പലതരം വറവുകള്‍ മൂപ്പിച്ച എണ്ണ അണ്ണാക്കില്‍ കൊണ്ട് ‘ഗുള്‍ ഗുളിച്ച് ‘ തുപ്പുന്ന തന്ത്രങ്ങള്‍ വേറെ!)

അപ്പോള്‍ മദ്യപിച്ച് കഴിഞ്ഞ് ലാഘവത്തോടെയും ആത്മവിശ്വാസത്തോടെയും ‘ഇതൊക്കെയെന്ത്’ എന്ന് പറഞ്ഞ് വണ്ടി എടുക്കുന്നത് ഒഴിവാക്കുക.

മദ്യം നാട്ടില്‍ നിരോധിച്ചിട്ടില്ല, മദ്യപാനവും; ആ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് ചോദിക്കട്ടേ? അപ്പോള്‍ അത്യാവശ്യം ആഘോഷങ്ങള്‍ക്ക് ഒന്ന് മിനുങ്ങേണ്ടി വന്നാല്‍ എന്ത് ചെയ്യും ?

മുന്‍കൂട്ടി പ്ലാന്‍ ചെയ്യുക. ആഘോഷത്തില്‍ മദ്യപാനത്തിനുള്ള ചെറിയ സാധ്യതയുണ്ടെങ്കില്‍ തന്നെ മടക്കയാത്ര പ്ലാന്‍ ചെയ്യാം. പരിപാടി കഴിഞ്ഞ് പലപ്പോഴും ഇത് പ്ലാന്‍ ചെയ്യാനുള്ള നില കാണില്ല. മദ്യപിക്കാത്ത ഒരു സുഹൃത്തിനെ, അല്ലെങ്കില്‍ ഡ്രൈവറെ ഇതിനായി ‘സ്‌കെച്ച് ചെയ്ത് സോപ്പിട്ടു’ വെക്കാം. ചില ബാറുകള്‍ ഇത്തരം സേവാനന്തര സേവനങ്ങള്‍ നല്‍കുന്നുണ്ട്. സുഹൃത്തുക്കള്‍ക്കൊപ്പം ടാക്‌സി പിടിച്ച് യാത്ര ചെയ്യുക, നിയമം മൂലം നിരോധിച്ചിട്ടില്ലാത്ത പൊതു യാത്രാസംവിധാനങ്ങള്‍ ഉപയോഗിക്കുക എന്നതും മാര്‍ഗ്ഗങ്ങളാണ്. (പൊതുസ്ഥലത്ത് അന്യര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും വിധം ‘പ്രകടനങ്ങള്‍’ നിയമവിരുദ്ധമാണെന്നതും മറക്കരുത്). മദ്യലഹരി മാറും വരെ ‘ സംഭവസ്ഥലത്ത് ‘ തങ്ങുന്നത് നല്ലൊരു നടപടിയാവും.

മദ്യപിച്ചുള്ള ഡ്രൈവിങ്ങ് അവനവന് മാത്രമല്ല വഴിയിലുള്ള മറ്റുള്ളവര്‍ക്കും ഭീഷണിയാണ്. ബോധവല്‍ക്കരണം, നിയമ നിര്‍മാണം, കര്‍ശനമായ പാലനം, വാഹന ഡിസൈനിലെ തന്ത്രങ്ങള്‍ എന്നിവ ഉപയോഗിച്ച് ഇതിന് തടയിടണ്ടത് അത്യാവശ്യമാണ്.

1. മദ്യപിച്ച് വാഹനം ഓടിക്കുന്നത് നിയമവിരുദ്ധം ആക്കിയതും, കൃത്യമായ ഇടവേളകളില്‍ ഉള്ള വാഹന പരിശോധനയും അപകടങ്ങളുടെ അളവ് ഗണ്യമായി കുറയാന്‍ കാരണമായിട്ടുണ്ട്. 21 വയസില്‍ കുറവുള്ളരുടെ മദ്യപാനം നിയമപരമായി നിയന്ത്രിച്ചത്, മാതൃകാപരമായ ശിക്ഷാരീതികള്‍ ഒക്കെ അപകടകരമായ ഡ്രൈവിംഗ് ഒഴിവാക്കാന്‍ പ്രേരിപ്പിക്കും.

2. ഡ്രൈവര്‍ മദ്യപിച്ചത് ഒരു പ്രത്യേക അളവില്‍ കൂടുതല്‍ ആണെങ്കില്‍ അത് മനസിലാക്കി, വണ്ടി സ്റ്റാര്‍ട്ട് ചെയ്യാന്‍ പറ്റാത്ത Ignition interlocks വിദേശ രാജ്യങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്. പലതവണ മദ്യപിച്ച് വാഹനം ഓടിച്ച് പിടിക്കപ്പെട്ട ആളുകളുടെ വണ്ടിയിലാണ് ഇത്തരം ഉപകരണങ്ങള്‍ ഉപയോഗിക്കുക.

3. സ്‌കൂളുകളില്‍ മദ്യപാനത്തിന്റെ ദൂഷ്യ വശങ്ങളെ കുറിച്ച് പഠിപ്പിക്കുന്നതും, ഉത്തരവാദിത്ത പൂര്‍ണ്ണമായ ഡ്രൈവിംഗ് പാഠങ്ങള്‍ നല്‍കുന്നതും ഭാവിയില്‍ ഇത്തരം സാഹചര്യം ഉണ്ടാകുന്നത് തടയാന്‍ സഹായിക്കും.

4. പലതവണ മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ പലപ്പോഴും രോഗത്തിന്റെ തലത്തില്‍ മദ്യപാനസക്തിയുള്ളവര്‍ ആയിരിക്കാന്‍ സാധ്യത ഉണ്ട്. അതുകൊണ്ട് തന്നെ നിയമപരമായ നടപടികള്‍ക്ക് ഒപ്പം അവര്‍ക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കുന്നതും പ്രധാനമാണ്.

5. മാധ്യമങ്ങള്‍ വഴി മദ്യപിച്ച് വാഹനം ഓടിക്കുന്നതിലെ അപകടങ്ങളെ കുറിച്ചും, അതിന്റെ നിയമപരമായ പ്രത്യാഘാതങ്ങളെ കുറിച്ചും ഓര്‍മ്മപ്പെടുത്തുന്നതും ജനങ്ങളില്‍ അവബോധം വളരാന്‍ സഹായിക്കും. അത് പോലെ ഇത്തരം അപകടങ്ങള്‍ ഉണ്ടാക്കുന്നവരെ, അപകടങ്ങളില്‍ പരുക്ക് പറ്റുന്നവരുടെ ശുശ്രൂഷയില്‍ സഹായിക്കുന്ന സാമൂഹിക സേവനത്തിനു നിര്‍ബന്ധിതമാക്കുന്ന ശിക്ഷണ നടപടികള്‍ മാനസികമായ പരിവര്‍ത്തനത്തിന് സഹായകമായേക്കാം.

6. പിഴ കുത്തനെ ഉയര്‍ത്തുക, തുടര്‍ച്ചയായി മദ്യസവാരി നടത്തുന്നവരെ, താത്കാലികമായി ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുക, സ്ഥിരം പ്രശ്‌നത്തില്‍ പെടുന്നവര്‍ക്ക് ലൈസന്‍സ് പിന്‍വലിക്കുക തുടങ്ങിയവ നിയമപരമായ മാര്‍ഗ്ഗങ്ങള്‍ ആണ്.

പാതയിലെ പാതകങ്ങള്‍ ആവര്‍ത്തിച്ചു കൂടാ. സുരക്ഷിതമാകട്ടെ നമ്മുടെ നിരത്തുകള്‍.

Read Azhimukham EXPLAINER: കാര്‍ഗില്‍ യുദ്ധ സമയത്ത് പോലും സഞ്ചാരികളോട് കാശ്മീര്‍ വിടാന്‍ ആവശ്യപ്പെട്ടിട്ടില്ല, ആരാണ് ഭീതി പരത്തുന്നത്? എന്തിന്?