X

ഹിന്ദുസ്ഥാനി സംഗീതജ്ഞൻ കാശിഷ് മിത്തൽ സിവില്‍ സർവ്വീസിൽ നിന്നും രാജി വെച്ചു; സ്ഥലം മാറ്റത്തോട് വിയോജിച്ചെന്ന് റിപ്പോർട്ട്

ഇതേ ഉദ്യോഗസ്ഥൻ നേരത്തെയും ട്രാൻസ്ഫർ സംബന്ധമായ ചില കലഹങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്.

നീതി ആയോഗിൽ നിയോഗിക്കപ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥന്‍ രാജി വെച്ചു. എജിഎംയുടി (അരുണാചൽ, ഗോവ, മിസോറം യൂണിയൻ ടെറിട്ടറീസ്) കേഡർ ഓഫീസറായ കാശിഷ് മിത്തലാണ് രാജി സമർപ്പിച്ചത്. ഇതോടെ കുഴിഞ്ഞ കുറച്ചാഴ്ചകൾക്കിടയിൽ ഐഎഎസ് ഉപേക്ഷിക്കുന്ന നാലാമത്തെ ഉദ്യോഗസ്ഥനായി മാറി കാശിഷ്.

കേന്ദ്ര സർക്കാരുമായുള്ള അഭിപ്രായ വ്യത്യാസം മൂലമാണ് കാശിഷ് സിവിൽ സർവ്വീസിൽ നിന്ന് രാജി വെക്കുന്നതെന്ന് അറിയാൻ കഴിഞ്ഞതായി ദി പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നു. നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാറിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു കാശിഷ്. ചില അഭിപ്രായ വ്യത്യാസങ്ങൾ പ്രകടിപ്പിച്ച ഇദ്ദേഹത്തെ അരുണാചൽ പ്രദേശിലേക്ക് സ്ഥലം മാറ്റിയെന്നാണ് റിപ്പോർട്ട്. ഈ തീരുമാനത്തിൽ കാശിഷ് അതൃപ്തനായിരുന്നെന്നും ഇതാണ് രാജിയിലേക്ക് നയിച്ചതെന്നും റിപ്പോർട്ടുകൾ പറയുന്നു.

അതെസമയം സർക്കാരുമായി ഇദ്ദേഹത്തിന് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് സോഴ്സുകളെ ഉദ്ധരിച്ച് പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നു. നീതി ആയോഗിൽ തന്നെ തുടരണമെന്നായിരുന്നു കാശിഷിനെന്നും അത് സാധിക്കാതെ വന്നതിന്റെ നിരാശയിൽ രാജി വെച്ചതാകാമെന്നുമാണ് ഇവർ പറയുന്നത്.

ഇതേ ഉദ്യോഗസ്ഥൻ നേരത്തെയും ട്രാൻസ്ഫർ സംബന്ധമായ ചില കലഹങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. 2016ൽ ചണ്ഡിഗഢിൽ നിന്ന് ഇദ്ദേഹത്തെ സ്ഥലം മാറ്റുകയുണ്ടായി. ഈ സന്ദർഭത്തില്‍ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ച് വ്യവഹാരത്തിലേർപ്പെട്ടിരുന്നു. എന്നാൽ കേന്ദ്രം കടുത്ത നിലപാടെടുത്തതോടെ ഇദ്ദേഹം തന്റെ ഹരജി പിൻവലിക്കുകയും ചെയ്തു.

കാശിഷ് ഒരു ഹിന്ദുസ്ഥാനി സംഗീതജ്ഞൻ കൂടിയാണ്.

ദാദ്ര, നഗർ ഹവേലി സിവിൽ സർവീസ് ഉദ്യോഗസ്ഥനായിരുന്ന മലയാളി ഐഎഎസ് ഓഫീസർ കണ്ണൻ ഗോപിനാഥൻ രാജി വച്ചതിന് പിന്നാലെ ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണറും 2009 കർണാടക കേഡർ ഐഎഎസ് ഓഫീസറുമായ എസ് ശശികാന്ത് സെന്തിലും രാജി വെച്ചിരുന്നു. സ്വതന്ത്ര അഭിപ്രായം രേഖപ്പെടുത്താൻ സാഹചര്യമില്ലെന്നായിരുന്നു കണ്ണൻ ഗോപിനാഥൻ രാജിവച്ചതെങ്കിൽ ജനാധിപത്യത്തിന്റെ അടിത്തറ തകർന്നുകൊണ്ടിരിക്കുമ്പോൾ സിവിൽ സർവീസിൽ തുടരുക അധാർമികമാണെന്ന് ശശികാന്ത് സെന്തിൽ പറയുന്നത്. രാജ്യത്തിന്റെ ഭാവിയിൽ ഇനി വരാനിരിക്കുന്നത് കൂടുതൽ വെല്ലുവിളികളാണെന്നും ഈ സമയത്ത് സിവിൽ സർവീസിന് പുറത്ത് നിൽക്കുന്നതാണ് നല്ലതെന്നും സെന്തിൽ തന്റെ രാജിക്കത്തിൽ പറയുകയുണ്ടായി.

This post was last modified on September 7, 2019 10:12 pm